ബെയ്റൂട്ട്: ലെബനനിലുടനീളം ഇസ്രഈല്‍ നടത്തിയ ആക്രമണത്തില്‍ മരണസംഖ്യ ഉയരുന്നു. ഇതുവരെയുള്ള കണക്കനുസരിച്ച് 492 പേര്‍ കൊല്ലപ്പെടുകയും 1645 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്തെ 1300 ഹിസ്ബുള്ള കേന്ദ്രങ്ങളില്‍ ഇസ്രഈല്‍ ആക്രമണം നടത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കൊല്ലപ്പെട്ടവരില്‍ 36 കുട്ടികളൂം 58 സ്ത്രീകളും ഉള്‍പ്പെടുന്നു. ലെബനനിലെ ഇസ്രഈല്‍ ആക്രമണത്തില്‍ ഐക്യരാഷ്ട്ര സംഘടന ആശങ്ക അറിയിച്ചു. ലെബനന്‍ മറ്റൊരു ഗസയാകുന്നത് ലോകത്തിന് താങ്ങാനാവില്ലെന്ന് യു.എന്‍ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടറസ് പറഞ്ഞു.
രാജ്യത്തെ താത്കാലിക യു.എന്‍ സൈന്യവും ഇസ്രഈല്‍ ആക്രമണത്തില്‍ ആശങ്ക പ്രകടിപ്പിച്ചു. ലെബനനിലെ സ്ഥിതിഗതികള്‍ ആശങ്കയോടെയാണ് വീക്ഷിക്കുന്നതെന്ന് സൗദി അറേബ്യ, യു.എ.ഇ, ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രാലയങ്ങള്‍ അറിയിച്ചിട്ടുണ്ട്.
പേജര്‍, വാക്കി ടോക്കി സ്ഫോടനങ്ങള്‍ക്ക് പിന്നാലെയാണ് ഇസ്രഈല്‍ വീണ്ടും ലെബനനില്‍ ആക്രമണം ശക്തമാക്കിയിരിക്കുന്നത്. 37 പേരായിരുന്നു ഇസ്രഈലിന്റെ പേജര്‍, വാക്കിടോക്കി ആക്രമണത്തില്‍ ലെബനനില്‍ കൊല്ലപ്പെട്ടത്. തുടര്‍ന്ന് ലെബനന്‍ നടത്തിയ പ്രത്യാക്രമണത്തില്‍ ഏതാനും ഇസ്രഈല്‍ സൈനികരും കൊല്ലപ്പെട്ടിരുന്നു.
നിലവില്‍ രാജ്യത്തിന്റെ പടിഞ്ഞാറന്‍ മേഖലയിലെ ലബായയിലും യഹ്‌മോറിലും വീടുകളും പെട്രോള്‍ പമ്പുകളും കേന്ദ്രീകരിച്ചാണ് ഇസ്രഈല്‍ ആക്രമണം നടത്തിയതെന്ന് ലെബനന്‍ ദേശീയ വാര്‍ത്താ ഏജന്‍സിയും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ ഇസ്രഈല്‍ സൈന്യം ആവശ്യപ്പെടുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. ഇസ്രഈലിന്റെ ആക്രമണം രൂക്ഷമായ പ്രദേശങ്ങളിലെ സ്‌കൂളുകള്‍ രണ്ട് ദിവസം അടച്ചിടുമെന്ന് ലെബനന്‍ വിദ്യാഭ്യാസ മന്ത്രാലയം ഇന്നലെ അറിയിച്ചിരുന്നു.
രാജ്യത്തിന്റെ തെക്കന്‍ മേഖലയിലെ പ്രാന്തപ്രദേശങ്ങളിലും ബെക്കാ താഴ്വരയിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍വകലാശാലകള്‍ക്കും ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ലെബനന്‍-ഇസ്രഈല്‍ സംഘര്‍ഷം ശക്തമായതോടെ തങ്ങളുടെ മുഴുവന്‍ പൗരന്മാരോടും ഇസ്രഈല്‍ വിടണമെന്ന് ചൈന വിദേശകാര്യ മന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു. ഇസ്രഈലിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചിരുന്നു.
ഗസയിലെ ഫലസ്തീനികള്‍ക്ക് നേരെ ഐ.ഡി.എഫ് ആക്രമണം ആരംഭിച്ചതുമുതലാണ് ലെബനനും ഇസ്രഈലും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാകുന്നത്. ഫലസ്തീനികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യെമനിലെ ഹൂത്തി വിമതസംഘത്തോടപ്പം ലെബനനിലെ ഹിസ്ബുള്ളയും ഇസ്രഈലിനെ ചെങ്കടലില്‍ ഉള്‍പ്പെടെ പ്രതിരോധിച്ചിരുന്നു. ഈ പ്രതിരോധം ഇസ്രഈലിനെ കൂടുതല്‍ ചൊടിപ്പിക്കുകയായിരുന്നു.
അതേസമയം ഗസയില്‍ ഇസ്രഈലി സൈന്യം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടത്തിയ ആക്രമണത്തില്‍ 24 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 60 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Content Highlight: Death toll rises in Israeli attacks across Lebanon