തേങ്ങിക്കരഞ്ഞ് ഇന്തോനേഷ്യ; ഭൂകമ്പത്തിലും സുനാമിയിലുമായി മരിച്ചവരുടെ എണ്ണം ആയിരത്തിലേക്ക്
world
തേങ്ങിക്കരഞ്ഞ് ഇന്തോനേഷ്യ; ഭൂകമ്പത്തിലും സുനാമിയിലുമായി മരിച്ചവരുടെ എണ്ണം ആയിരത്തിലേക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 1st October 2018, 9:12 am

പാലു: ഇന്തോനേഷ്യയില്‍ വെള്ളിയാഴ്ചയുണ്ടായ ഭൂകമ്പത്തിലും സുനാമിയിലുമായി മരിച്ചവരുടെ എണ്ണം ആയിരത്തിലേക്ക്. തകര്‍ന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നൂറുകണക്കിന് ആളുകള്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മരണസംഖ്യ ആയിരത്തിലെത്തിയേക്കാമെന്ന് ഇന്‍ഡൊനീഷ്യന്‍ പ്രസിഡന്റ് ജോക്കോ വിഡോഡോയും വൈസ് പ്രസിഡന്റ് യൂസുഫ് കല്ലയും പറഞ്ഞു. ഇതുവരെ 832 പേര്‍ മരിച്ചതായാണ് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിരിക്കുന്നത്. 540 ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.


Read Also : യു.എന്നിലെ സുഷമാ സ്വരാജിന്റെ പ്രസംഗം ബി.ജെ.പിക്കുള്ള വോട്ടിന് വേണ്ടി: ശശി തരൂര്‍ എം.പി


ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്തോനേഷ്യയെ പിടിച്ചു കുലുക്കിയത്. ഇതിനെ തുടര്‍ന്നുണ്ടായ സുനാമിയും തുടര്‍ചലനങ്ങളുമാണ് മരണസംഖ്യ ഉയര്‍ത്തിയത്.

ഭൂകമ്പത്തെ തുടര്‍ന്ന് ദ്വീപിന്റെ തലസ്ഥാനമായ പാലു നഗരത്തിന്റെ തീരത്ത് പത്തടി ഉയരത്തിലാണ് സുനാമിത്തിരകള്‍ ആഞ്ഞടിച്ചത്. ഇവിടുത്തെ പ്രധാന ആശുപ്രതിക്കും കേടുപാടുണ്ടായതിനാല്‍ പരിക്കേറ്റവരെ ആശുപത്രിക്ക് പുറത്ത് കിടത്തിയാണ് ചികിത്സിക്കുന്നത്.

റോഡുകളും നഗരത്തിലെ പ്രധാനപാലവും തകര്‍ന്നതോടെ മേഖലയില്‍ ഗതാഗതം നിലച്ചിട്ടുണ്ട്. വൈദ്യുതി, വാര്‍ത്താവിനിമയ സംവിധാനങ്ങളും തകര്‍ന്നത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. ഭക്ഷണവും മരുന്നുമൊന്നും എത്തിക്കാന്‍ കഴിയുന്നില്ല. എന്നാല്‍ വെള്ളിയാഴ്ച അടച്ച വിമാനത്താവളത്തില്‍ അവശ്യസാധനങ്ങളെത്തിക്കുന്ന വിമാനങ്ങള്‍ക്കു മാത്രം ഇറങ്ങാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ ഇന്‍ഡൊനീഷ്യയ്ക്ക് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.