|

മ്യാന്മറിലെ ഭൂചലനത്തില്‍ മരണസംഖ്യ 2000 കടന്നു; 3900 പേര്‍ക്ക് പരിക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

നേപ്യിഡോ: മ്യാന്മറിലുണ്ടായ ഭൂചലനത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 2000 കവിഞ്ഞതായി റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനം നിലവിലും തുടരുന്നുണ്ടെന്നും 3900ത്തിലധികം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.

നിലവില്‍ മരിച്ചവരുടെ എണ്ണം 2056 പേര്‍ മരണപ്പെട്ടതായും 270ഓളം പേരെ കാണാതായതായുമാണ് ഔദ്യോഗിക വിവരം. കാണാതായവരെ കണ്ടെത്താനായി തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളുടെ ഇടയിലെല്ലാം തെരച്ചില്‍ നടത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

ഭൂകമ്പത്തിന് മൂന്ന് ദിവസമാകുന്ന ഇന്ന് (തിങ്കളാഴ്ച) ഒരു സ്ത്രീയെ ജീവനോടെ കെട്ടിടങ്ങള്‍ക്കുള്ളില്‍ നിന്നും പുറത്തെടുത്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. അവരുടെ ആരോഗ്യനില തൃപ്തികരമാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാണെന്നും കൃത്യമായ രീതിയില്‍ മുന്നോട്ട് പോവുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

മ്യാന്മറിലും ബാങ്കോക്കിലും തായ്‌ലന്റിലും ഗുരുതരമായ നാശനഷ്ടങ്ങളുണ്ടാക്കിയ ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം മണ്ഡേലയാണെന്നാണ് നേരത്തെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 7.7 തീവ്രതയാണ് ഭൂകമ്പത്തില്‍ രേഖപ്പെടുത്തിയത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് മ്യാന്മറിലെ രണ്ടാമത്തെ വലിയ നഗരമായ മണ്ടാലെയ്ക്ക് സമീപം റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. ഏകദേശം 11 മിനിറ്റിനുശേഷം, റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ തുടര്‍ചലനവും ഉണ്ടായി.

10 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനം ഉണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി (എന്‍.സി.എസ്) സ്ഥിരീകരിച്ചു. ഇത് കൂടുതല്‍ തുടര്‍ചലനങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിച്ചിരിക്കുകയാണ്.

ഇന്ത്യ, ഫ്രാന്‍സ്, യൂറോപ്യന്‍ യൂണിയന്‍ എന്നിവയുള്‍പ്പെടെയുള്ള നിരവധി രാജ്യങ്ങള്‍ മ്യാന്‍മറിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ആഭ്യന്തരയുദ്ധം തുടരുന്ന സാഹചര്യത്തില്‍ ദുരന്തബാധിത പ്രദേശത്തെത്താന്‍ പല രാജ്യങ്ങളും മടിക്കുന്നുവെന്നും ഇത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളിയാകുന്നുവെന്നും റിപ്പോര്‍ട്ടുകളും വന്നിരുന്നു.

Content Highlight: Death toll in Myanmar earthquake passes 2000; 3900 injured

Latest Stories