മഥുര കലാപം; കുട്ടികള്‍ക്കും ആയുധപരിശീലനം നല്‍കിയെന്ന് പോലീസ്
Daily News
മഥുര കലാപം; കുട്ടികള്‍ക്കും ആയുധപരിശീലനം നല്‍കിയെന്ന് പോലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 5th June 2016, 6:34 pm

mathura

മഥുര: ഉത്തര്‍പ്രദേശിലെ മഥുരയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയ “ആസാദ് ഭാരത് വിധിക് വൈചാരിക് ക്രാന്തി സത്യഗ്രഹി” എന്ന സംഘടന കുട്ടികള്‍ക്കും ആയുധപരിശീലനം നല്‍കിയിരുന്നതായി പൊലീസ്. എട്ടു വയസ്സ് മുതലുള്ള കുട്ടികള്‍ക്കാണ് ആയുധ പരിശീലനം നല്‍കിയിരുന്നതെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ ഡി.സി മിഷ്‌റ പറഞ്ഞു.

സമാന്തര സര്‍ക്കാരിനെപ്പോലെയാണ് കയ്യേറിയ പ്രദേശത്ത് സംഘടന പ്രവര്‍ത്തിച്ചിരുന്നതെന്ന് പൊലീസ് ഇന്നലെ വ്യക്തമാക്കിയിരുന്നു. കയ്യടക്കിവച്ചിരുന്ന 260 ഏക്കര്‍ ഭൂമി സ്വയംപ്രഖ്യാപിത രാജ്യമാക്കി സ്വന്തം നിയമം, കോടതി, ജയില്‍ എന്നിവ സ്ഥാപിച്ചു. നിയമം തെറ്റിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷയാണ് നല്‍കിയിരുന്നത്. സ്വന്തം കോടതിയില്‍ വിചാരണ ചെയ്ത് കുറ്റക്കാരെ ജയിലിലാക്കിയിരുന്നു.

പുറത്ത് നിന്ന് ആര്‍ക്കും ഇവിടേക്കു പ്രവേശനമുണ്ടായിരുന്നില്ല. സംഘടനയിലുള്ളവര്‍ക്കു പുറത്തുപോകണമെങ്കില്‍ മുന്‍കൂര്‍ അനുമതി നേടണം. ആയുധധാരികളായ സംഘമാണു കവാടത്തില്‍ സുരക്ഷയൊരുക്കിയിരുന്നത്. ചണ്ഡിഗഡിലെ മാവോയിസ്റ്റ് ബാധിത മേഖലയില്‍നിന്നുള്ളവരും സംഘത്തിലുണ്ടായിരുന്നു.

ഹൈക്കോടതി ഉത്തരവനുസരിച്ച് അനധികൃത കയ്യേറ്റം ഒഴിപ്പിക്കാനുള്ള പൊലീസ് ശ്രമത്തിനിടെ ഇവിടെയുണ്ടായ കലാപത്തില്‍ 29 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.