| Friday, 10th January 2025, 3:08 pm

ലോസ് ആഞ്ചലസിലെ കാട്ടുതീ; മരണസംഖ്യ 10 ആയി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാലിഫോര്‍ണിയ: അമേരിക്കയിലെ ലോസ് ആഞ്ചസിലുണ്ടായ തീപ്പിടുത്തത്തില്‍ മരണപ്പെട്ടവരുടെ എണ്ണം പത്തായി ഉയര്‍ന്നു. തീപ്പിടുത്തത്തില്‍ കത്തി നശിച്ച കെട്ടിടങ്ങളുടെ എണ്ണവും 10,000 ആയി ഉയര്‍ന്നിട്ടുണ്ട്. മരിച്ചവരുടെ പേരോ മറ്റ് വ്യക്തിഗത വിവരങ്ങളോ ലഭ്യമല്ലെന്ന് ലോസ് ആഞ്ചലസ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

തീപ്പിടുത്തത്തില്‍ മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍ ആയതിനാല്‍ തിരിച്ചറിയുന്നതിന് ബുദ്ധിമുട്ട് ഉണ്ടെന്നും ചില കേസുകളില്‍ ആഴ്ചകളെടുക്കുമെന്നും മെഡിക്കല്‍ എക്‌സാമിനര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥര്‍ അഞ്ച് മരണങ്ങള്‍ സ്ഥിരീകരിച്ചിരുന്നു. പ്രദേശത്ത് നിന്ന് കൂടുതല്‍ ആളുകളെ ഒഴിപ്പിക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

അതേസമയം തീപിടുത്തത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ക്കുള്ള അഭയാര്‍ത്ഥി ക്യാമ്പായി പ്രവര്‍ത്തിക്കുന്ന ഒരു സ്‌കൂളില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ മാത്രം അകലെയുള്ള സാന്‍ ഫെര്‍ണാണ്ടോ താഴ്വരയിലേക്ക് തീപടര്‍ന്ന്ത് ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതോടെ ക്യാമ്പ് വെഞ്ചുറ കൗണ്ടിയിലേക്ക് മാറ്റി.

കാട്ടുതീ പടര്‍ന്ന് പിടിക്കാന്‍ തുടങ്ങി ദിവസങ്ങള്‍ പിന്നിട്ടിട്ടും തീയണയ്ക്കാന്‍ പറ്റാത്തതില്‍ കാലിഫോര്‍ണിയ ഭരണകൂടത്തിനെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയരുന്നുണ്ട്. നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ദുരന്തത്തിന് കാരണം കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസോമാണെന്ന് കുറ്റപ്പെടുത്തി.

കാലിഫോര്‍ണിയ ഗവര്‍ണര്‍ ഡെമോക്രാറ്റണ്. ഗവര്‍ണര്‍ കഴിവുകെട്ടവനാണെന്ന് ട്രംപ് അധിക്ഷേപിച്ചു.’യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയുടെ ഏറ്റവും മികച്ചതും മനോഹരവുമായ ഒരു ഭാഗമാണ് കത്തിക്കൊണ്ടിരിക്കുന്നത്. എല്ലാം ചാരമായി. ഗവര്‍ണര്‍ രാജിവെക്കണം. ഇതെല്ലാം അവന്റെ തെറ്റാണ്,’ ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസോമിന്റെ പേര് എടുത്ത് പറയാതെയായിരുന്നു ട്രംപിന്റെ പരാമര്‍ശം. ട്രംപിന് പുറമെ യു.എസ് ശതകോടീശ്വരനായ ഇലോണ്‍ മസ്‌കും ട്രംപിന്റെ വിമര്‍ശനത്തെ പിന്തുണച്ചിട്ടുണ്ട്.

ലോസ് ആഞ്ചലസ് പസഫിക് പാലിസേഡ്സ് മേഖലയില്‍ ബുധനാഴ്ച്ചയാണ് കാട്ടുതീ പടര്‍ന്നു പിടിച്ചത്. ലോസ് ആഞ്ചലസിലെ പത്ത് ഏക്കറിലുണ്ടായ കാട്ടുതീ പിന്നീട് 3,000 ഏക്കറിലേക്ക് പടര്‍ന്ന് പിടിക്കുകയായിരുന്നു. പ്രദേശത്തെ ശക്തമായ കാറ്റും തീ വേഗത്തില്‍ ആളിപ്പടരാന്‍ കാരണമായി. തീയണയ്ക്കാന്‍ 1,400ലധികം അഗ്നിശമന സേനാംഗങ്ങളെ വിന്യസിച്ചിട്ടുണ്ടെന്ന് കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസോം പറഞ്ഞു.

ഏകദേശം 5,700 കോടി ഡോളറിന്റെ നാശനഷ്ടങ്ങള്‍ അഗ്‌നിബാധയെ തുടര്‍ന്നുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഹോളിവുഡിലെ നിരവധി സെലിബ്രിറ്റികളുടെ വീടുകള്‍ അഗ്‌നിക്കിരയായതായും റിപ്പോര്‍ട്ടുകളുണ്ട്. ഹോളിവുഡ് താരങ്ങളായ മാര്‍ക്ക് ഹാമില്‍, മാന്‍ഡി മൂര്‍, ജെയിംസ് വുഡ്സ് എന്നിവര്‍ അഗ്‌നിബാധയെത്തുടര്‍ന്ന് വീടുകള്‍ ഉപേക്ഷിച്ച് പലായനം ചെയ്തവരില്‍ ഉള്‍പ്പെടും.

കാട്ടുതീയെത്തുടര്‍ന്ന് എല്‍.എയില്‍ ഞായറാഴ്ച നടത്തേണ്ടിയിരുന്ന ക്രിട്ടിക്‌സ് ചോയ്‌സ് അവാര്‍ഡുകള്‍ ജനുവരി 26ലേക്ക് മാറ്റിവെച്ചിരുന്നു. പസഫിക് പാലിസേഡിനടുത്തുള്ള സാന്റാ മോണിക്കയിലെ ബാര്‍ക്കര്‍ ഹാംഗറില്‍ വെച്ചാണ് പരിപാടി നടക്കേണ്ടിയിരുന്നത്. ഓസ്‌കാര്‍ അവാര്‍ഡിനായുള്ള വോട്ടിങ്ങും നോമിനേഷന്‍ പ്രഖ്യാപനവും നീട്ടിവെച്ചു.

Content Highlight: Death toll in Los Angeles wildfires rises to 10

We use cookies to give you the best possible experience. Learn more