|

ഇസ്രഈല്‍ വ്യോമാക്രമണത്തില്‍ ഗസയില്‍ മരണസംഖ്യ 50,000 കവിഞ്ഞതായി റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗസ സിറ്റി: ഇസ്രഈല്‍-ഫലസ്തീന്‍ സംഘര്‍ഷത്തില്‍ 50,000ത്തിലധികം പേര്‍ ഫലസ്തീനില്‍ മരണപ്പെട്ടുവെന്ന് ഉദ്യോഗസ്ഥര്‍. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിന് ശേഷം ഗസയില്‍ മുതിര്‍ന്ന ഹമാസ് നേതാവടക്കം 634 പേര്‍ മരണപ്പെട്ടതായി പലസ്തീന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അതേസമയം ഞായറാഴ്ച പുലര്‍ച്ചെ തെക്കന്‍ ഗസയില്‍ ഇസ്രഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കുറഞ്ഞത് 23 പേര്‍ കൊല്ലപ്പെട്ടതായും റഫയിലെ താല്‍ അല്‍ സുല്‍ത്താനിലേക്ക് ഇസ്രഈല്‍ സൈന്യം ഒഴിപ്പിക്കല്‍ ഉത്തരവ് പ്രഖ്യാപിച്ചതായുമ റിപ്പോര്‍ട്ടുകളുണ്ട്.

ഹമാസിന്റെ മുതിര്‍ന്ന നേതാവ് അല്‍ ബര്‍ദാവിലും ഭാര്യയും പ്രാര്‍ത്ഥനയ്ക്കിടെ ഇസ്രഈല്ഡ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായും ഹമാസ് അറിയിക്കുകയുണ്ടായി. ഇസ്രഈലും ഇക്കാര്യം സ്ഥിരീകരിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗസയില്‍ തീവ്രവും വ്യാപകവുമായ വ്യോമാക്രമങ്ങള്‍ നടക്കുന്നുണ്ടെന്നും സ്ഥലത്തെ സ്ഥിതി വളരെ മോശവുമാണെന്നാണ് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇസ്രഈല്‍ ഏകപക്ഷീയമായി വെടിനിര്‍ത്തല്‍ ലംഘിച്ച് ജനസാന്ദ്രതയുള്ള പ്രദേശങ്ങള്‍, ആശുപത്രികള്‍, സ്‌കൂളുകള്‍, പള്ളികള്‍ എന്നിവയ്ക്ക് നേരെ ആക്രമണം നടത്തിയതിനുശേഷം ഗസയില്‍ വലിയ തോതില്‍ മരണം സംഭവിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഒരിടവേളക്ക് ശേഷം ഇസ്രഈല്‍ ഗസയില്‍ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. വെടിനിര്‍ത്തല്‍ കരാറിന്റെ ഒന്നാംഘട്ടം പൂര്‍ത്തിയായതിന് പിന്നാലെയാണ് ഇസ്രഈല്‍ ഗസയിലെ ആക്രമണം കടുപ്പിച്ചത്. വെടിനിര്‍ത്തല്‍ കരാറിലെ രണ്ടാംഘട്ട ചര്‍ച്ചകള്‍ക്കുള്ള നടപടികള്‍ ആരംഭിച്ച സാഹചര്യത്തില്‍ കൂടിയാണ് ഇസ്രഈലിന്റെ ആക്രമണം.

ഗസ സിറ്റി, ഡെയ്ര് അല്‍-ബലാഹ്, ഖാന്‍ യൂനിസ്, റഫ എന്നിവിടങ്ങളില്‍ നേരത്തെ ആക്രമണം ഉണ്ടായിരുന്നു. വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിനുശേഷം ഇസ്രഈല്‍ നടത്തിയ ഏറ്റവും തീവ്രമായ ആക്രമണമായിരുന്നു ഇത്. ഈ ആക്രമണങ്ങളില്‍ 183 കുട്ടികളാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച പുലര്‍ച്ചെ നടന്ന ആക്രമണങ്ങളില്‍ മാത്രമായി കുറഞ്ഞത് 29 പേരാണ് ഗസയില്‍ കൊല്ലപ്പെട്ടത്.

Content Highlight:  Death toll in Gaza from Israeli airstrikes surpasses 50,000, report says

Latest Stories