ഐ.എഫ്.എഫ്.കെ വേദിയ്ക്കു സമീപം ഫ്ളാഷ് മോബ് അവതരിപ്പിച്ച പെണ്‍കുട്ടിയ്ക്ക് വധ ഭീഷണി
Flash mob
ഐ.എഫ്.എഫ്.കെ വേദിയ്ക്കു സമീപം ഫ്ളാഷ് മോബ് അവതരിപ്പിച്ച പെണ്‍കുട്ടിയ്ക്ക് വധ ഭീഷണി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 12th December 2017, 4:51 pm

തിരുവനന്തപുരം: അന്താരാഷ്ട്ര ചലചിത്രമേള വേദിയ്ക്കു സമീപം ഫ്ളാഷ് മോബ് അവതരിപ്പിച്ച പെണ്‍കുട്ടിയ്ക്ക് വധഭീഷണി. മലപ്പുറത്ത ഫ്‌ളാഷ് മോബ് അവതരിപ്പിച്ച കുട്ടികള്‍ക്കെതിരെ സോഷ്യല്‍മീഡിയയില്‍ നടന്ന അപവാദപ്രചരണത്തിനെതിരെ നടത്തിയ ഫ്‌ളാഷ് മോബില്‍ പങ്കെടുത്തതിന്റെ പേരിലാണ് പെണ്‍കുട്ടിക്ക് എതിരെ വധഭീഷണി.

വധഭീഷണിക്കെതിരെ മലപ്പുറം സ്വദേശിനി സജ്‌ല സംസ്ഥാന വനിതാ കമ്മീഷന് പരാതി നല്‍കി. ഫ്ളാഷ്മോബിന് ശേഷം സോഷ്യല്‍ മീഡിയ വഴിയും അല്ലാതെയും അവഹേളനവും വധഭീഷണിയും നടന്നെന്നാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നത്.

നേരത്തെ ഡിസംബര്‍ ഒന്നിനു എയ്ഡ്‌സ്ദിന ബോധവത്കരണത്തിന്റെ ഭാഗമായിട്ടായിരുന്നു മലപ്പുറത്ത് ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചിരുന്നത്. ഇതിനെതിരെ മതമൗലിക വാദികള്‍ സോഷ്യല്‍മീഡിയില്‍ അപവാദപ്രചരണവുമായി രംഗത്തെത്തിയിരുന്നു. സംഭവത്തെത്തുടര്‍ന്ന് വനിതാ കമ്മീഷനും പൊലീസും സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

സോഷ്യല്‍മീഡിയ പ്രചരണത്തിനെതിരെ വിദ്യാര്‍ത്ഥി സംഘടനകളുടെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ പ്രതിഷേധ ഫ്‌ളാഷ് മോബുകളും സംഘടിപ്പിച്ചിരുന്നു. തിരുവനന്തപുരത്തെ ഫ്‌ളാഷ് മോബില്‍ തട്ടമിട്ട് പങ്കെടുത്തതിന്റെ പേരില്‍ പെണ്‍കുട്ടിക്കെതിരെ രംഗത്തെത്തിയവര്‍ ഇസ്‌ലാമിനെ അപമാനിച്ചതിനാല്‍ ഊരുവിലക്ക് കല്‍പ്പിക്കുമെന്നും ഭീഷണി മുഴക്കിയിരുന്നു.