| Monday, 6th August 2018, 9:37 am

രാഷ്ട്രപതിക്ക് ബോംബ് ഭീഷണി; തൃശൂരില്‍ ക്ഷേത്ര പൂജാരി അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: കേരളത്തില്‍ സന്ദര്‍ശനം നടത്തുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദിന് നേരെ വധഭീഷണി. ചൊവ്വാഴ്ച സന്ദര്‍ശിക്കാനിരിക്കുന്ന തൃശൂര്‍ സെന്റ് തോമസ് കോളേജിലാണ് ബോംബ് ഭീഷണി ഉണ്ടായിരിക്കുന്നത്. സംഭവത്തില്‍ തൃശൂര്‍ ചിറയ്ക്കല്‍ ഭഗവതി ക്ഷേത്രത്തിലെ പൂജാരി ജയരാമന്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഞായറാഴ്ച പകലാണ് പൊലീസിന് ഭീഷണി സന്ദേശം ലഭിച്ചത്. പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചാണ് പൂജാരി ബോംബ് ഭീഷണി നടത്തിയത്. കുന്നംകുളം എസി.പി സിനോജിന്റെ നേതൃത്വത്തിലുള്ള പൊലീസ് പുലര്‍ച്ചേ രണ്ടോടെയാണ് പൂജാരിയെ പാവറട്ടി അന്നകരയിലുള്ള വീട്ടില്‍ നിന്ന് പിടികൂടിയത്. കുന്നംകുളം അസി.പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.


Read Also : ആഭ്യന്തര വിഷയത്തില്‍ തലയിടേണ്ട; കാനഡയുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ വിച്ഛേദിക്കുന്നതായി സൗദി


പോലീസ് ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. ചൊവ്വാഴ്ച രണ്ടു പരിപാടികളില്‍ പങ്കെടുക്കുന്നതിനായി രാഷ്ട്രപതി തൃശൂരിലെത്തുന്നുണ്ട്. ഇതേ തുടര്‍ന്ന് ജില്ലയില്‍ പോലീസ് കനത്ത സുരക്ഷ ഒരുക്കിയിരിക്കുകയാണ്.

ഇതിനിടയിലാണ് ഇത്തരത്തില്‍ വധഭീഷണിമുഴക്കിയുള്ള സന്ദേശം പോലീസ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ ജയരാമനാണ് ഫോണ്‍ വിളിച്ചതെന്ന് കണ്ടെത്തുകയായിരുന്നു.

We use cookies to give you the best possible experience. Learn more