| Monday, 17th June 2019, 2:56 pm

'ജോസ് കെ മാണിയാണ് നിന്നെ ആളാക്കിയതെന്ന് മറക്കരുത്'; കേരള കോണ്‍ഗ്രസ് മാണി വിഭാഗം യോഗത്തില്‍ പങ്കെടുക്കാതിരുന്ന നഗരസഭ കൗണ്‍സിലര്‍ക്ക് വധഭീഷണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മിലെ പിളര്‍പ്പിന് പിന്നാലെ നഗരസഭാ കൗണ്‍സിലര്‍ക്ക് വധഭീഷണി. കേരള കോണ്‍ഗ്രസ് മാണി വിഭാഗം യോഗത്തില്‍ പങ്കെടുക്കാതിരുന്ന പാലാ നഗരസഭ കൗണ്‍സിലര്‍ ടോണി തോട്ടത്തിന് തിങ്കളാഴ്ച പുലര്‍ച്ചയോടെ ഭീഷണി സന്ദേശം വന്നത്. മനോരമ ഓണ്‍ലൈനാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ജോസ് കെ. മാണിയാണ് നിന്നെ ആളാക്കിയതെന്ന് മറക്കരുതെന്നും ഏഴ് ദിവസത്തിനകം കണ്ണൂര്‍ മോഡലില്‍ കൊല്ലുമെന്നും ഭീഷണി മുഴക്കി. കുട്ടികള്‍ സ്‌കൂളില്‍ പോകുന്നുണ്ടെന്ന കാര്യം മറക്കരുതെന്നും ഭീഷണിപ്പെടുത്തിയതായി കൗണ്‍സിലര്‍ ടോണി തോട്ടം പറഞ്ഞു. ഇന്ന് വൈകുന്നേരം പൊലീസില്‍ പരാതി നല്‍കും.

അതേസമയം താനാണു കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനെന്നു കാണിച്ചു ജോസ് കെ.മാണി തെരഞ്ഞെടുപ്പ് കമ്മിഷനു കത്ത് അയച്ചു. സംസ്ഥാന സമിതിയില്‍ നിലവിലുള്ള 437 അംഗങ്ങളില്‍ 312 പേരും പങ്കെടുത്ത യോഗത്തിലാണു തന്നെ തെരഞ്ഞെടുത്തത്. സംസ്ഥാന കമ്മിറ്റിയിലെ 325 പേരുടെ പിന്തുണയുണ്ടെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി.

സംസ്ഥാന കമ്മിറ്റിയിലെ മുതിര്‍ന്ന അംഗം കെ.ഐ.ആന്റണിയാണു കത്ത് അയച്ചത്. നിയമസഭയില്‍ വ്യത്യസ്ത നിലപാട് എടുക്കേണ്ടെന്നാണു ധാരണ. പാര്‍ട്ടി ലീഡറുടെ കസേരയില്‍നിന്ന് പി.ജെ.ജോസഫിനെ മാറ്റാനും ഇപ്പോള്‍ ആവശ്യപ്പെടില്ല. അതേസമയം നിയമോപദേശം തേടാനാണു ജോസഫ് വിഭാഗത്തിന്റെ തീരുമാനം. സി.എഫ്.തോമസുമായി പി.ജെ.ജോസഫും മോന്‍സ് ജോസഫും കൂടിക്കാഴ്ച നടത്തും.

നിയമസഭയില്‍ കെ.എം.മാണിയുടെ കസേരയിലാണ് ഇപ്പോള്‍ പി.ജെ.ജോസഫ് ഇരിക്കുന്നത്. കഴിഞ്ഞദിവസങ്ങളിലെ അടിയന്തര പ്രമേയ നോട്ടിസ് ചര്‍ച്ചാവേളകളില്‍ ‘ഞാനും എന്റെ പാര്‍ട്ടിയും വോക്കൗട്ട് ചെയ്യുന്നു’ എന്നു ജോസഫ് പ്രഖ്യാപിച്ചപ്പോഴൊക്കെ റോഷി അഗസ്റ്റിനും എന്‍.ജയരാജും അടക്കുമുള്ള അഞ്ച് എംഎല്‍എമാരും അനുസരിച്ചിരുന്നു.

കഴിഞ്ഞ ദിവസം നടന്ന കേരള കോണ്‍ഗ്രസ് സംസ്ഥാന സമിതി യോഗത്തിലാണ് ജോസ് കെ മാണിയെ ചെയര്‍മാനായി നിശ്ചയിച്ചത്. എന്നാല്‍, തെരഞ്ഞെടുപ്പ് അംഗീകരിക്കില്ലെന്ന നിലപാടിലാണ് പി.ജെ ജോസഫ്.

കേരള കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതൃസ്ഥാനത്ത് ആരുവരണമെന്ന് സി.എഫ് തോമസ് തീരുമാനിക്കും. പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തീരുമാനിക്കാന്‍ കേരള കോണ്‍ഗ്രസ് എം നേരത്തെ സ്പീക്കറോട് സാവകാശം തേടിയിരുന്നു.

എന്നാല്‍ പി.ജെ ജോസഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തുടരുമെന്ന് റോഷി അഗസ്റ്റിന്‍ എം.എല്‍.എ പറഞ്ഞിരുന്നു. മാറ്റാന്‍ ആവശ്യപ്പെടില്ലെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞിരുന്നു.

ചെയര്‍മാന്‍ സ്ഥാനത്തില്‍ മാത്രമാണ് തര്‍ക്കമുണ്ടായിരുന്നത്. പാര്‍ട്ടി ലീഡറെ തെരഞ്ഞെടുക്കാന്‍ ചെയര്‍മാന്‍ യോഗം വിളിക്കും. പാര്‍ട്ടി ലീഡര്‍ പി.ജെ ജോസഫും ചെയര്‍മാന്‍ ജോസ്.കെ മാണിയും എന്നതാണ് നിലപാടെന്നും റോഷി വ്യക്തമാക്കിയിരുന്നു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more