കൊല്ലം: രാജീവ് ഗാന്ധി വധത്തിന്റെ മാതൃകയില്‍ മാവോയിസ്റ്റുകള്‍ മോദിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന പൂണെ പൊലീസിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ദല്‍ഹിയില്‍ അറസ്റ്റിലായ സംഘത്തിലെ മലയാളി നീണ്ടകര സ്വദേശി റോണ ജേക്കബ് വില്‍സണിന്റെ(47) വീട്ടില്‍ രഹസ്യാന്വേഷണ ഏജന്‍സി പരിശോധന നടത്തി. നീണ്ടകര കണ്ണാട്ടുകുടി ക്ഷേത്രത്തിന് സമീപത്തുള്ള വീട്ടിലാണ് ഇന്നലെ കേന്ദ്ര,സംസ്ഥാന ഏജന്‍സികള്‍ പരിശോധന നടത്തിയത്. റോണയുടെ സഹോദരങ്ങളില്‍ നിന്ന് വിവരങ്ങളും ശേഖരിച്ചു.
എന്നാല്‍ വീട്ടില്‍ നിന്നും സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ല. കഴിഞ്ഞ ഒരു വര്‍ഷമായി റോണ നാട്ടില്‍ വന്നിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. അടുത്തെങ്ങും റോണ കൊല്ലത്ത് എത്തിയിട്ടില്ലെന്ന് പൊലീസും രഹസ്യാന്വേഷണ ഏജന്‍സികളും കണ്ടെത്തിയിട്ടുണ്ട്.
വ്യാജ തിരിച്ചറിയല്‍ രേഖ ഉപയോഗിച്ച് മാവോയിസ്റ്റ് നേതാവ് രൂപേഷിന് സിം എടുത്ത് നല്‍കിയ രണ്ട് പേരെ കുണ്ടറ, ശാസ്താംകോട്ട എന്നിവിടങ്ങളില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് കേന്ദ്ര, സംസ്ഥാന ഇന്റലിജന്‍സ് ഏജന്‍സികള്‍ കൊല്ലത്ത് ചേര്‍ന്ന് യോഗത്തിലാണ് റോണയുടെ പേര് ഉയര്‍ന്ന് വന്നത്. ഇയാള്‍ എപ്പോള്‍ കൊല്ലത്തെത്തിയാലും ചോദ്യം ചെയ്യണമെന്ന് അന്ന് യോഗത്തില്‍ തീരുമാനിച്ചിരുന്നു.
എന്നാല്‍ റോണ അതിന് ശേഷം കൊല്ലത്ത് വന്നില്ലെന്നാണ് വിവരം. ഇയാള്‍ക്കെതിരെ കൊല്ലത്തോ, കേരളത്തില്‍ മറ്റെവിടെയെങ്കിലുമോ ഇതുവരെ കേസുകളൊന്നുമില്ലെന്നാണ് അറിവ്. ക്രിമിനല്‍ നടപടികളോ രാജ്യദ്രോഹപരമായ കലാപ ആഹ്വാനമോ റോണ കേരളത്തില്‍ നടത്തിയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കുന്നു. ദല്‍ഹിയിലാണ് റോണ ഇപ്പോള്‍ താമസം.
ഭീമ കൊറഗാവ് സംഭവവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് മോദിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് പറഞ്ഞത്. ദല്‍ഹിയിലെ റോണയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്ത കത്തില്‍ ഗൂഢാലോചനയുടെ വിവരങ്ങളുണ്ടെന്നാണ് പൊലീസ് പറയുന്നത്.