തലവെട്ടുന്നുവര്‍ക്ക് 10 കോടി; ഉദയനിധിക്ക് യു.പിയിലെ ഹിന്ദുത്വ സന്യാസിയുടെ വധഭീഷണി
national news
തലവെട്ടുന്നുവര്‍ക്ക് 10 കോടി; ഉദയനിധിക്ക് യു.പിയിലെ ഹിന്ദുത്വ സന്യാസിയുടെ വധഭീഷണി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 4th September 2023, 8:17 pm

ലഖ്‌നൗ: സനാതന ധര്‍മ്മ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട് മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിനെതിരെ വധഭീഷണി. ഉദയനിധി സ്റ്റാലിന്റെ തല വെട്ടുന്നവര്‍ക്ക് 10 കോടി പാരിതോഷികം നല്‍കുമെന്ന് അയോധ്യയിലെ സന്യാസി ജഗദ്ഗുരു പരമഹംസ ആചാര്യ ആഹ്വാനം ചെയ്തു. പ്രതീകാത്മകമായി ഉദയനിധിയുടെ തലവെട്ടുന്നതും, അദ്ദേഹത്തിന്റെ ചിത്രം കത്തിക്കുന്നതുമായ വീഡിയോയും ഇയാള്‍ പങ്കുവെച്ചു.

‘ഉദയനിധി മൂര്‍ദാബാദ്, ഡി.എം.കെ നേതാ മൂര്‍ദാബാദ്’ എന്നാണിയാള്‍ വീഡിയോയിലൂടെ പറയുന്നത്.

സനാതനധര്‍മം ഉന്മൂലനം ചെയ്യണമെന്ന ഉദയനിധിയുടെ പരാമര്‍ശം വംശഹത്യയാണെന്ന പ്രചരണത്തിലാണ് ബി.ജെ.പിയും സംഘപരിവാര്‍ സംഘടനകളും നടത്തുന്നത്. എന്നാല്‍ വംശഹത്യയല്ലെ താനുദ്ദേശിച്ചതെന്നും തന്റെ വാക്കുകള്‍ വളച്ചൊടിക്കുന്നത് ബാലിശമാണെന്നാണ് വിഷയത്തില്‍ ഉദയനിധിയുടെ വിശദീകരണം.

‘കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന് മോദി പറയുന്നതിനര്‍ഥം കോണ്‍ഗ്രസുകാരെയെല്ലാം കൊന്ന് തീര്‍ക്കണമെന്നാണോ, അല്ലല്ലോ. സനാതന ധര്‍മ്മത്തെ ഇല്ലാതാക്കണമെന്ന എന്റെ പ്രസ്താവനയും അങ്ങനെ തന്നെയേയുള്ളൂ.

സനാതന ധര്‍മക്കാരെ കൊല്ലണമെന്നല്ല, സനാതനധര്‍മ്മം എന്ന തെറ്റായ ഐഡിയോളജിയെ ഇല്ലാതാക്കണമെന്നാണ് ഞാന്‍ പറഞ്ഞത്,’ ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു.

ശനിയാഴ്ച ചെന്നൈയില്‍ നടന്ന സമ്മേളനത്തിലായിരുന്നു ഉദയനിധിയുടെ പരാമര്‍ശം. ‘ചില കാര്യങ്ങള്‍ എതിര്‍ക്കാനാവില്ല. അതിനെ ഉന്മൂലനം ചെയ്യണം. നമുക്ക് ഡെങ്കിപ്പനി, മലേറിയ, കൊവിഡ് എന്നിവയെ എതിര്‍ക്കാനാവില്ല. നിര്‍മാര്‍ജനം ചെയ്യാനേ കഴിയൂ. അങ്ങനെ തന്നെയാണ് സനാതനവും. അതിനെ എതിര്‍ക്കുന്നതില്‍ ഉപരിയായി നിര്‍മാര്‍ജനം ചെയ്യുകയാണ് വേണ്ടത്,’ എന്നായിരുന്നു ഉദയനിധി പറഞ്ഞത്.

ജാതി പീഡനത്തിനിരയായി കൊല്ലപ്പെട്ട ഹൈദരാബാദ് സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റിയിലെ ഗവേഷക വിദ്യാര്‍ഥിയായിരുന്ന രോഹിത് വെമുലയുടെ അമ്മയെ ഉള്‍പ്പെടെ വേദിയിലിരുത്തിയായിരുന്നു ഉദയനിധിയുടെ പരാമര്‍ശം.

Content Highlight: Death threat against Udayanidhi Stalin.