'ഇവനെ കണ്ടാല്‍ കല്ലെറിഞ്ഞു കൊന്നേക്കണം'; സുനില്‍ പി ഇളയിടത്തെ കൊല്ലാന്‍ ആഹ്വാനവുമായി സംഘപരിവാര്‍ പ്രവര്‍ത്തകന്‍
Kerala News
'ഇവനെ കണ്ടാല്‍ കല്ലെറിഞ്ഞു കൊന്നേക്കണം'; സുനില്‍ പി ഇളയിടത്തെ കൊല്ലാന്‍ ആഹ്വാനവുമായി സംഘപരിവാര്‍ പ്രവര്‍ത്തകന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 12th November 2018, 1:31 pm

 

കൊച്ചി: എഴുത്തുകാരനും പ്രഭാഷകനുമായ സുനില്‍ പി. ഇളയിടത്തിനെ കൊല്ലാന്‍ ആഹ്വാനം ചെയ്ത് സംഘപരിവാര്‍ പ്രവര്‍ത്തകന്റെ ഫേസ്ബുക്ക് കുറിപ്പ്. “ഇവനെ കണ്ടാല്‍ കല്ലെറിഞ്ഞു കൊന്നേക്കണം” എന്നാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ ആഹ്വാനം ചെയ്യുന്നത്.

സംഘപരിവാറിന്റെ വിധ്വംസക രാഷ്ട്രീയത്തിനെതിരെ നിരന്തരം എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്നയാളാണ് സുനില്‍ പി. ഇളയിടം. ശബരിമല വിഷയത്തില്‍ സംഘപരിവാര്‍ നടത്തുന്ന തെറ്റായ പ്രചരണങ്ങളെ ചരിത്രത്തിന്റെയും വസ്തുതകളുടെയും പിന്‍ബലത്തോടെ തുറന്നുകാട്ടിക്കൊണ്ടുള്ള സുനില്‍ പി. ഇളയിടത്തിന്റെ പല പ്രഭാഷണങ്ങളും ചാനല്‍ ചര്‍ച്ചകളിലെ നിലപാടുകളും വലിയ തോതില്‍ ചര്‍ച്ചയായിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തെ കൊല്ലാന്‍ ആഹ്വാനം ചെയ്ത് സംഘപരിവാര്‍ പ്രവര്‍ത്തകന്‍ രംഗത്തുവന്നിരിക്കുന്നത്.

വിദ്വേഷ വ്യാജപ്രചരണങ്ങള്‍ക്ക് കുപ്രസിദ്ധമായ സംഘപരിവാര്‍ അനുകൂല ഫേസ്ബുക്ക് പേജ് സുദര്‍ശനം തുടങ്ങിവച്ച വിദ്വേഷപ്രചരണം ഏറ്റുപിടിച്ചാണ് ശ്രീവിഷ്ണുവെന്നയാളാണ് സുനില്‍ പി. ഇളയിടത്തെ കൊല്ലാന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.

Also Read:സി.ബി.ഐയിലെ വിവാദം: കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ റിപ്പോര്‍ട്ട് വൈകിയതില്‍ വിമര്‍ശനവുമായി സുപ്രീം കോടതി; ക്ഷമചോദിച്ച് സി.വി.സി

“ഞാന്‍ ഹിന്ദു സമൂഹത്തിനു എതിരെ മാത്രമേ സംസാരിക്കുകയുള്ളൂവെന്ന് കമ്മ്യൂണിസ്റ്റ് ചിന്തകന്‍ സുനില്‍ ഇളയിടം” എന്ന കുറിപ്പോടെ സുദര്‍ശനം പങ്കുവെച്ച വീഡിയോ ഷെയര്‍ ചെയ്തുകൊണ്ടാണ് ശ്രീവിഷ്ണു അദ്ദേഹത്തെ കൊല്ലാന്‍ ആഹ്വാനം ചെയ്യുന്നത്.

ഹിന്ദുത്വയെ വിമര്‍ശിക്കുന്ന സുനില്‍ പി. ഇളയിടത്തിന്റെ പ്രസംഗത്തിലെ ഒരു ഭാഗം അടര്‍ത്തിമാറ്റി അദ്ദേഹം ഹിന്ദു വിരുദ്ധത സംസാരിക്കുന്നുവെന്ന തരത്തില്‍ പ്രചരിപ്പിച്ചുകൊണ്ടാണ് സംഘപരിവാര്‍ വിദ്വേഷം ജനിപ്പിക്കുന്നത്. പൊളിറ്റിക്കല്‍ ഹിന്ദുത്വം ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ ചരിത്രപരമായി തെറ്റാണ്, അതിനെ ഒരു തരത്തിലും അംഗീകരിച്ചു കൊടുക്കാനാവില്ലെന്നാണ് അദ്ദേഹം പറയുന്നത്.

“പൊളിറ്റിക്കല്‍ ഇസ്‌ലാം ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ അവരുടെ തിയറിറ്റിക്കല്‍ പൊസിഷന്‍ വ്യത്യസ്തമായിരിക്കുമ്പോഴും ഇന്ത്യന്‍ സന്ദര്‍ഭത്തില്‍ പ്രധാനമാണ്, അതില്‍ ശരിയായ അംശങ്ങളുണ്ട്. എന്നാല്‍ ഹിന്ദുത്വം ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ ചരിത്രപരമായി തെറ്റാണ്, സമ്പൂര്‍ണമായി എതിര്‍ക്കപ്പെടേണ്ടതാണ്. ഒരു നിലയ്ക്കും കോംപ്രമൈസ് ചെയ്തുകൂടാത്തതാണ്. ” എന്നാണ് അദ്ദേഹം പറയുന്നത്.