ബെംഗളൂരു: കര്‍ണാടക പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യക്കെതിരായ വധഭീഷണിയില്‍ അന്വേഷണത്തിന് ഉത്തരവിട്ട് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. സംഭവത്തെ അപലപിക്കുന്നുവെന്നും അതീവ ഗൗരവത്തോടെ കാണേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ സിദ്ധരാമയ്യക്കെതിരായ വധഭീഷണികള്‍ അതീവഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. ഡി.ജി.പിയെ വിളിച്ച് സംഭവത്തെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന് ആവശ്യമായ സുരക്ഷയൊരുക്കാനും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്,’ മുഖ്യമന്ത്രിയെ ഉദ്ധരിച്ച് ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ആരും ഇത്തരം പ്രസ്താവനകള്‍ നടത്തരുതെന്നും അദ്ദേഹം പറഞ്ഞു.
വി.ഡി. സവര്‍ക്കറെ വിമര്‍ശിച്ചതിന് പിന്നാലെയാണ് സിദ്ധരാമയ്യക്കെതിരെ വധഭീഷണികളുണ്ടായത്.
കഴിഞ്ഞ ദിവസം കുടക് ജില്ലയില്‍ മഴക്കെടുതി ബാധിച്ച പ്രദേശങ്ങളിലേക്കുള്ള സന്ദര്‍ശനത്തിനിടെ സിദ്ധരാമയ്യക്ക് നേരെ ആക്രമണമുണ്ടായിരുന്നു. സംഘം ചേര്‍ന്നെത്തിയ പ്രതികള്‍ കുശാല്‍നഗറിലെ ഗുഡ്ഡെഹോസൂരില്‍ സിദ്ധരാമയ്യ സഞ്ചരിച്ച വാഹനത്തിന് നേരെ കരിങ്കൊടി കാണിക്കുകയും കാറിന് നേരെ മുട്ടയെറിയുകയുമായിരുന്നു.
സംഭവത്തിന് പിന്നാലെ സിദ്ധരാമയ്യക്ക് സുരക്ഷയൊരുക്കാന്‍ പൊലീസ് ജനറലിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞിരുന്നു.
മുസ്‌ലിം പ്രദേശത്ത് സവര്‍ക്കറുടെ ചിത്രം പ്രദര്‍ശിപ്പിച്ചതിനെതിരെ സിദ്ധരാമയ്യ രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. കോണ്‍ഗ്രസ് ചെയ്യുന്നതെല്ലാം ബി.ജെ.പി മഞ്ഞക്കണ്ണോടുകൂടിയാണ് കാണുന്നതെന്നും എന്ത് നടന്നാലും ബി.ജെ.പി അതിന് കോണ്‍ഗ്രസിനെയാണ് കുറ്റം പറയുന്നതെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
അവര്‍ മുസ്‌ലിം പ്രദേശത്ത് സവര്‍ക്കറുടെ ഫോട്ടോ സ്ഥാപിച്ചു. അതിന്റെ ആവശ്യമെന്താണ്? അവരെന്തെങ്കിലും ചെയ്തോട്ടെയെന്ന് വെക്കാം. പക്ഷേ ടിപ്പു സുല്‍ത്താന്റെ ഫോട്ടോ വേണ്ടെന്ന് വെച്ചതിന്റെ ചേതോവികാരം എന്താണ് എന്നും സിദ്ധരാമയ്യ ചോദിച്ചിരുന്നു.
ഇതിന് പിന്നാലെ വലിയ രീതിയില്‍ സിദ്ധരാമയ്യക്കെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം അദ്ദേഹത്തിന് നേരെ മുട്ടയെറിയുകയും കരിങ്കൊടി കാണിക്കുകയും ചെയ്തത്.
ബസവരാജ് ബൊമ്മൈയേയും അദ്ദേഹം വിമര്‍ശിച്ചിരുന്നു. ബസവരാജ ബൊമ്മ ബി.ജെ.പിയുടെ കളിപ്പാവയാണെന്നും ഇതൊന്നുമല്ലാതെ അദ്ദേഹത്തില്‍ നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കാനില്ലെന്നുമായിരുന്നു സിദ്ധരാമയ്യ പറഞ്ഞത്.
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ബി.എച്ച് റോഡില്‍ സിറ്റി സെന്റര്‍ മാളില്‍ നടന്ന ചിത്രപ്രദര്‍ശനത്തില്‍ സ്വാതന്ത്ര്യ സമരസേനാനികളോടൊപ്പം ഹിന്ദുത്വ നേതാവ് സവര്‍ക്കറിന്റെ ഫോട്ടോയും ഉള്‍പ്പെടുത്തിയിരുന്നു.
മഹാത്മാഗാന്ധിയും ചന്ദ്രശേഖര്‍ ആസാദും ഉള്‍പ്പെടെയുള്ള സ്വാതന്ത്ര്യസമര സേനാനികള്‍ക്കൊപ്പമാണ് സവര്‍ക്കറിന്റെ ചിത്രവും ഉള്‍പ്പെടുത്തിയിരുന്നത്. ഇതിനെതിരെ എസ്.ഡി.പി.ഐക്കാരനായ യുവാവ് പ്രതിഷേധിച്ചതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സവര്‍ക്കര്‍ സ്വാതന്ത്യസമര സേനാനിയല്ലെന്നും മറിച്ച് ദേശദ്രോഹിയാണെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.
സ്വാതന്ത്ര്യ സമര കാലത്ത് നിരവധി മുസ്‌ലിങ്ങള്‍ രാജ്യത്തിന് വേണ്ടി ബലി നല്‍കിയിട്ടുണ്ടെന്നും അവരുടെയൊന്നും ചിത്രങ്ങള്‍ എവിടേയും പ്രദര്‍ശിപ്പിച്ചു കണ്ടില്ലെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.
Content Highlight: Death threat against siddaramaiah has to be seriously treated says Basawaraj bommai