പ്രധാനമന്ത്രിക്ക് നേരെ ചാവേറാക്രമണ ഭീഷണിയുമായി കെ. സുരേന്ദ്രന് കത്ത്
Kerala News
പ്രധാനമന്ത്രിക്ക് നേരെ ചാവേറാക്രമണ ഭീഷണിയുമായി കെ. സുരേന്ദ്രന് കത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 22nd April 2023, 10:14 am

തിരുവനന്തപുരം: കേരള സന്ദര്‍ശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരെ ആക്രമണം നടത്തുമെന്ന് ഭീഷണിക്കത്ത്. പ്രധാനമന്ത്രിക്ക് നേരേ ചാവേറാക്രമണം നടത്തുമെന്ന തരത്തിലുള്ള കത്ത് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് ലഭിച്ചതായാണ് റിപ്പോര്‍ട്ട്.

എറണാകുളം കലൂര്‍ സ്വദേശിയുടെ പേരില്‍ ഈ മാസം പതിനേഴിന് വന്ന കത്ത് ഇന്റലിജന്‍സിന് കൈമാറി.

അതിനിടെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഗുരുതര സുരക്ഷാ വീഴ്ച ഉണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ വിവരങ്ങളുള്‍പ്പെടുന്ന ഇന്റലിജന്‍സ് തയ്യാറാക്കിയ സുരക്ഷാ സ്‌കീം ചോര്‍ന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്.

വി.വി.ഐ.പി സുരക്ഷയുടെ സമ്പൂര്‍ണ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന 49 പേജുള്ള റിപ്പോര്‍ട്ടാണ് ചോര്‍ന്നത്. സുരക്ഷാ റിപ്പോര്‍ട്ട് ചോര്‍ന്നതില്‍ ഇന്റലിജന്‍സ് എ.ഡി.ജി.പി ടി.കെ. വിനോദ് കുമാര്‍ അന്വേഷണം ആരംഭിച്ചു.

ഇന്റലിജന്‍സ് എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്കടക്കം ചോര്‍ന്ന സംഭവം പ്രധാനമന്ത്രിയുടെ സുരക്ഷാ ക്രമീകരണങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച ലാഘവ സമീപനത്തെയാണ് വ്യക്തമാക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി വി. മുരളീധരന്‍ പറഞ്ഞു.

സംഭവം സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ഗുരുതരമായ വീഴ്ചയാണെന്നും കത്ത് എങ്ങനെ ചോര്‍ന്നു എന്ന കാര്യത്തില്‍ മുഖ്യമന്ത്രി വിശദീകരണം നല്‍കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. സുരക്ഷാ വീഴ്ചയില്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആഭ്യന്തര സഹമന്ത്രി പറഞ്ഞു.

ഏപ്രില്‍ 24, 25 തിയതികളിലാണ് പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനം നടക്കുന്നത്. 25ന് രാവിലെ തിരുവനന്തപുരത്ത് വന്ദേഭാരത് എക്‌സ്പ്രസിന്റെ ഫ്‌ലാഗ് ഓഫ് ചടങ്ങ് പ്രധാനമന്ത്രി നിര്‍വഹിക്കും. തിരുവനന്തപുരം , കോഴിക്കോട്, വര്‍ക്കല എന്നീ റെയില്‍വേ സ്‌റ്റേഷനുകളുടെ പുനര്‍വികസന പദ്ധതികളുടെ ഉദ്ഘാടനവും, ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കുമെന്നാണ് റിപ്പോര്‍ട്ട്. 24ന് കൊച്ചിയില്‍ നടക്കുന്ന യുവം 2023 എന്ന സമ്മേളനത്തിലും നരേന്ദ്ര മോദി പങ്കെടുക്കുന്നുണ്ട്.

Content Highlights: Death threat against Prime Minister