| Friday, 10th March 2023, 8:33 am

'മൂത്രമൊഴിക്കാന്‍ പോലും അവന്‍ ഇനി ട്യൂബ് ഇടേണ്ടിവരും'; മുഹമ്മദ് സുബൈറിനെതിരെ കൊലവിളിയുമായി ഹിന്ദുത്വവാദികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തമിഴ്‌നാട്ടില്‍ ഇതരസംസ്ഥാനത്തൊഴിലാളികള്‍ ആക്രമിക്കപ്പെടുന്നുവെന്ന വാര്‍ത്ത വ്യാജമാണെന്ന് തെളിയിച്ചതിന് പിന്നാലെ ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരെ കൊലവിളി ആഹ്വാനവുമായി ഹിന്ദുത്വവാദികളും, ബി.ജെ.പി നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍. കഴിഞ്ഞ ദിവസങ്ങളില്‍ തമിഴ്നാട്ടിൽ ജോലിക്കെത്തിയ ബിഹാറിൽ നിന്നുള്ള തൊഴിലാളികൾ കൊലചെയ്യപ്പെടുകയാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ മുന്‍നിര മാധ്യമങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എന്നാല്‍ ഈ വാര്‍ത്ത വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി മുഹമ്മദ് സുബൈര്‍ ഉള്‍പ്പെടെ നിരവധി വസ്തുതാ പരിശോധകര്‍ രംഗത്തെത്തിയിരുന്നു.

വാര്‍ത്ത വ്യാജമാണെന്ന് തെളിഞ്ഞതോടെ തീവ്ര വലതുപക്ഷ മാധ്യമമായ ഓപ് ഇന്ത്യയുടെ എഡിറ്റര്‍ നുപുര്‍ ശര്‍മ, സി.ഇ.ഒ രാഹുല്‍ റോഷന്‍, ഹിന്ദി ദിനപത്രമായ ദൈനിക് ഭാസ്‌കര്‍, ഉത്തര്‍പ്രദേശ് ബി.ജെ.പി വക്താവ് പ്രശാന്ത് ഉംറാവു, തുടങ്ങിയവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സുബൈറിനെതിരേയും വധഭീഷണികളുടെ പ്രവാഹം തുടങ്ങിയതെന്ന് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മുഹമ്മദ് സുബൈറിനെതിരെ വധഭീഷണി മുഴക്കിയവരില്‍ സുപ്രീം കോടതി അഭിഭാഷകന്‍, വലതുപക്ഷ കോളംനിസ്റ്റ് തുടങ്ങിയവരും ഉള്‍പ്പെടുന്നുണ്ട്.

‘പ്ലാന്‍ ഓണ്‍ ആണ്. മൂത്രമൊഴിക്കാന്‍ പോലും അവന് ഇനി ട്യൂബ് വേണ്ടിവരും. അഖ്‌ലാക്കിനെ പോലെ സുബൈറിനെയും ആക്രമിക്കണം,’ എന്നാണ് വലതുപക്ഷ കോളംനിസ്റ്റും മുന്‍ ഓപ് ഇന്ത്യ എഡിറ്ററുമായ ഹര്‍ഷില്‍ മേത്തയുടെ ട്വീറ്റ്.

2015 ല്‍ ബീഫ് കൈവശം വെച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഉത്തര്‍പ്രദേശ് സ്വദേശിയായ മുഹമ്മദ് അഖ്‌ലാക്കിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നത്.

സുബൈറിനോട് താന്‍ ഒരിക്കലും പൊറുക്കില്ലെന്ന് സുപ്രീം കോടതി അഭിഭാഷകന്‍ ശശാങ്ക് ശേഖര്‍ ട്വീറ്റ് ചെയ്തു.

നേരത്തേയും തനിക്ക് വധഭീഷണികള്‍ ലഭിച്ചിരുന്നുവെന്നും എന്നാല്‍ ഇത്തരത്തില്‍ ശക്തമായവ ഉണ്ടായിരുന്നില്ലെന്നും സുബൈര്‍ പറഞ്ഞു.

അതേസമയം വധഭീഷണികളെ കുറിച്ച് തങ്ങള്‍ അറിഞ്ഞിട്ടില്ലെന്നും സുബൈര്‍ ആവശ്യപ്പെട്ടാല്‍ സുരക്ഷ നല്‍കുമെന്നും ബെംഗളൂരു പൊലീസ് കമ്മീഷണര്‍ പ്രതാപ് റെഡ്ഢി പറഞ്ഞതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.

നേരത്തേയും സുബൈറിനെതിരെ ഹിന്ദുത്വവാദികളുടെ ആക്രമണമുണ്ടായിരുന്നു. സുബൈര്‍ പങ്കുവെച്ച് ഒരു ട്വീറ്റ് ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി സംഘം സുബൈറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും സുബൈറിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ദല്‍ഹി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ സുബൈറിനെതിരെ ഉത്തര്‍പ്രദേശിലും നിരവധി എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നു.

24 ദിവസത്തെ ജയില്‍വാസത്തിന് ശേഷമായിരുന്നു സുബൈറിന് ജാമ്യം ലഭിച്ചത്. ഒരു മാധ്യമപ്രവര്‍ത്തകനെ എഴുത്തില്‍ നിന്നോ ട്വീറ്റ് ചെയ്യുന്നതില്‍ നിന്നോ തടയാനാകില്ല എന്നായിരുന്നു ജാമ്യം നല്‍കികൊണ്ട് കോടതി നിരീക്ഷിച്ചത്.

Content Highlight: Death threat against Alt News Co-founder Muhammed Zubair

We use cookies to give you the best possible experience. Learn more