എന്റെ പേരില്‍ വഹാബ് എന്നുണ്ട്, ജാതി വിരുദ്ധ ബില്‍ അവതരിപ്പിച്ചതിന് ശേഷം അതിനെ വഹാബിസവുമായി കൂട്ടിച്ചേര്‍ക്കാനാണ് ചിലര്‍ക്ക് ഇഷ്ടം; ഐഷ വഹാബ്
World News
എന്റെ പേരില്‍ വഹാബ് എന്നുണ്ട്, ജാതി വിരുദ്ധ ബില്‍ അവതരിപ്പിച്ചതിന് ശേഷം അതിനെ വഹാബിസവുമായി കൂട്ടിച്ചേര്‍ക്കാനാണ് ചിലര്‍ക്ക് ഇഷ്ടം; ഐഷ വഹാബ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 2nd April 2023, 4:01 pm

കാലിഫോര്‍ണിയ: സ്‌റ്റേറ്റ് സെനറ്റില്‍ ജാതിവിവേചനത്തിനെതിരായ ബില്‍ അവതരിപ്പിച്ചതിന് ശേഷം തനിക്കെതിരെ ഇസ്‌ലാമോഫോബിക് ആയിട്ടുള്ള പ്രതികരണങ്ങളും ഭീഷണികളും നടന്നു കൊണ്ടിരിക്കുന്നതായി സെനറ്റ് അംഗം ഐഷ വഹാബ്.

ഡെമോക്രാറ്റിക് പാര്‍ട്ടി അംഗമായ ഐഷ മാര്‍ച്ച് 22നാണ് ജാതി വിവേചനത്തിനെതിരായ ബില്‍ കാലിഫോര്‍ണിയ സെനറ്റില്‍ അവതരിപ്പിച്ചത്. ബില്ലിനെ അനുകൂലിച്ചും എതിര്‍ത്തും നൂറ് കണക്കിന് ഫോണ്‍ കോളുകളും മെയിലുകളുമാണ് തന്റെ ഓഫീസില്‍ വരുന്നതെന്നും ചിലര്‍ നേരിട്ട് ഓഫീസിലെത്തി സ്റ്റാഫുകളെ ഭീഷണിപ്പെടുത്തുന്നുവെന്നും ഐഷ പറഞ്ഞു.

തന്റെ സര്‍നെയിമായ വഹാബിനെ വഹാബിസവുമായി കൂട്ടിച്ചേര്‍ക്കാനാണ് ചിലര്‍ക്കിഷ്ടമെന്നും ഐഷ പറഞ്ഞു. ടൈം മാഗസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഐഷ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘എന്റെ സര്‍നെയിം വഹാബ് എന്നാണ്. അതിനെ വഹാബിസവുമായി കൂട്ടിച്ചേര്‍ക്കാനാണ് ചിലര്‍ക്കിഷ്ടം, അല്ലെങ്കില്‍ എന്നെ ജിഹാദിസ്റ്റെന്നോ താലിബാനിയെന്നോ വിളിക്കാനാണിഷ്ടം,’ ഐഷ പറഞ്ഞു.

ഐഷ അവതരിപ്പിച്ച ബില്‍ സെനറ്റ് പാസാക്കിയാല്‍ ജാതി വിവേചനത്തിനെതിരെ നിയമം കൊണ്ടു വരുന്ന ആദ്യ അമേരിക്കന്‍ സംസ്ഥാനമായി കാലിഫോര്‍ണിയ മാറും. ഫെബ്രുവരിയില്‍ ജാതി വിവേചനത്തിനെതിരെ സിയാറ്റില്‍ നഗരം നിയമം പാസാക്കിയിരുന്നു.

തങ്ങളുടെ സംസ്ഥാനത്ത് ജാതി വിവേചനവുമായി ബന്ധപ്പെട്ട് നിരവധി സംഭവങ്ങള്‍ നടക്കുന്നുണ്ടെന്നും അതില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കാന്‍ വേണ്ടിയാണ് ബില്‍ അവതരിപ്പിച്ചതെന്നും ഐഷ പറഞ്ഞു.

ഇതിനെ ഒരു സിവില്‍ റൈറ്റ്‌സ് ബില്ലായും സ്ത്രീകളുടെയും തൊഴിലാളികളുടെയും അവകാശ ബില്ലായും മനുഷ്യാവകാശ ബില്ലായുമാണ് താന്‍ കണക്കാക്കുന്നതെന്ന് ഐഷ ദി ക്വിന്റിനോട് പറഞ്ഞിരുന്നു.

സൗത്ത് ഏഷ്യന്‍ സമൂഹത്തിലെ മേല്‍ജാതി വിഭാഗങ്ങളില്‍ നിന്ന്, പ്രത്യേകിച്ച് ഹിന്ദു വലതുപക്ഷ സംഘടനകളില്‍ നിന്ന് കടുത്ത എതിര്‍പ്പാണ് ജാതി വിവേചന വിരുദ്ധ ബില്ലിന് നേരിടേണ്ടി വരുന്നത്.

അഭിമുഖം പുറത്ത് വന്നതിന് ശേഷം നിരവധി പേരാണ് ഐഷയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്. ചരിത്രകാരിയായ ഡോ. ആന്ദ്രേ ട്ര്‌സ്‌ക്കേ, ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവായ റോ ഖന്ന തുടങ്ങിയവര്‍ ഐഷക്കെതിരായ നീക്കങ്ങളെ നിശിതമായി വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ഐഷക്കെതിരായ വധഭീഷണി വളരെ തരംതാഴ്ന്ന നടപടിയാണെന്നും ഇതിനെ താന്‍ ശക്തമായി അപലപിക്കുന്നതായും ഖന്ന ട്വിറ്ററില്‍ കുറിച്ചു.

Content Highlights: Death threat against aisha wahab