|

സമൂഹത്തോട് എനിക്ക് വെറുപ്പാണ്; മരണം സ്വയം തീരുമാനിച്ചത്: വേണുഗോപാലന്‍ നായരുടെ മൊഴി പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലെ ബി.ജെ.പിയുടെ സമരപ്പന്തലിന് സമീപം ആത്മഹത്യ ചെയ്ത വേണുഗാപാലന്‍ നായരുടെ മരണമൊഴിയുടെ പകര്‍പ്പ് പുറത്ത്. തനിക്ക് സമൂഹത്തോട് വെറുപ്പാണെന്നും മരണം സ്വയം തീരുമാനിച്ചതാണെന്നും വേണുഗോപാല്‍ മൊഴിയില്‍ പറയുന്നു.

ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റിനു നല്‍കിയ മൊഴിയുടെ പകര്‍പ്പാണ് പുറത്തായത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടറുടെ സാന്നിധ്യത്തിലായിരുന്നു മൊഴിയെടുപ്പ്. ശബരിമല വിഷയമോ ബി.ജെ.പി സമരമോ പരാമര്‍ശിക്കാത്ത മൊഴിയില്‍ സ്വയം പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

എന്നാല്‍ വേണുഗോപാലന്‍ നായരുടെ മരണത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി ഇന്ന് സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ നടത്തിയിരുന്നു. ജനത്തെ വലച്ച ഹര്‍ത്താലിനെതിരെ വ്യാപക പ്രതിഷേധവുമുണ്ടായിരുന്നു.

Read Also : ഹർത്താൽ കാരണം വലഞ്ഞ അയ്യപ്പഭക്തർക്ക് ഭക്ഷണം നൽകി കേരള പൊലീസ്

അതേസമയം വേണുഗോപാലന്‍നായര്‍ അവസാനമായി സംസാരിച്ചപ്പോള്‍ അയ്യപ്പന് വേണ്ടിയാണ് ജീവനൊടുക്കുന്നതെന്ന് പറഞ്ഞിരുന്നെന്നും മജിസ്‌ട്രേറ്റ് മൊഴിയെടുത്തതായി അറിയില്ലെന്നും സഹോദരന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബി.ജെ.പി നേതാക്കള്‍ വീട്ടിലെത്തിയതിന് പിന്നാലെയാണ് സഹോദരന്‍ മൊഴി ഇല്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയത്.

മുട്ടട സ്വദേശിയായ വേണുഗോപാലന്‍ നായര്‍ പെട്രോളൊഴിച്ച് തീ കൊളുത്തിയ ശേഷം ബിജെപി മുന്‍ പ്രസിഡന്റ് സി.കെ.പത്മനാഭന്‍ നിരാഹാരം കിടക്കുന്ന സമരപന്തലിലേക്ക് ഓടിക്കയറാന്‍ ശ്രമിക്കുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെയായിരുന്നു സംഭവം.

തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ വേണുഗോപാലനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. അവിടെ നിന്നായിരുന്നു മരണം സംഭവിച്ചത്.

കുറേ നാളായി ജീവിക്കണമെന്ന് ആഗ്രഹിച്ചിരുന്നില്ലെന്നും അതിനാലാണ് സ്വയം അവസാനിപ്പിച്ചതെന്നും മജിസ്‌ട്രേറ്റിനും ഡോക്ടറിനും നല്‍കിയ മൊഴിയില്‍ വ്യക്തമാക്കുന്നു. ശബരിമലയെപ്പറ്റി പരാമര്‍ശമില്ലെന്നും പൊലീസ് പറഞ്ഞു. രണ്ടാം വിവാഹവും വേര്‍പ്പെട്ട ശേഷം വീടുമായി ഒതുങ്ങിക്കഴിഞ്ഞിരുന്ന വേണുഗോപാലിന് ഒരു രാഷ്ട്രീയപാര്‍ട്ടിയുമായും ബന്ധമില്ലെന്നും അയ്യപ്പഭക്തനാണെന്നും ബന്ധുക്കള്‍ സാക്ഷ്യപ്പെടുത്തി.