ആലപ്പുഴ: ബി.ജെ.പി നേതാവായിരുന്ന രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസില്‍ മുഴുവന്‍ പ്രതികള്‍ക്കും വധശിക്ഷ. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്ന് വീക്ഷിച്ചുകൊണ്ടാണ് 15 പ്രതികള്‍ക്കും കോടതി വധശിക്ഷ വിധിച്ചിരിക്കുന്നത്.
മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്. വിധി പറഞ്ഞത് ജസ്റ്റിസ് വി.ജി. ശ്രീദേവിയാണ്. പ്രതികളെലാം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ്.
കഴിഞ്ഞ വിചാരണയില്‍ വിധി പുറപ്പെടുവിച്ചപ്പോള്‍ ഒന്ന് മുതല്‍ എട്ട് വരെയുള്ള പ്രതികള്‍ക്കെതിരെ കോടതി കൊലക്കുറ്റം ചുമത്തിയിരുന്നു. നൈസാം, അജ്മല്‍, അനൂപ്, മുഹമ്മദ് അസ്‌ലം, സലാം പൊന്നാട്, അബ്ദുല്‍ കലാം, സഫറുദീന്‍, മുന്‍ഷാദ് എന്നിവര്‍ക്കെതിരെയാണ് കൊലക്കുറ്റം ചുമത്തിയത്. വീട്ടില്‍ അതിക്രമിച്ച് കയറിയെന്ന കുറ്റവും ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.
13, 14, 15 പ്രതികളായ സക്കീര്‍ ഹുസൈന്‍, ഷാജി പൂവത്തിങ്കള്‍, ഷംനാസ് എന്നിവര്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന കുറ്റവും കോടതി ചുമത്തിയിട്ടുണ്ട്. അതേസമയം ഒന്ന്, മൂന്ന്, ഏഴ് പ്രതികള്‍ സാക്ഷികളെ ഉപദ്രവിച്ചുവെന്ന കുറ്റവും ചെയ്തിട്ടുണ്ടെന്നും കോടതി കണ്ടെത്തിയിരുന്നു.
പ്രതികള്‍ക്കെതിരെയുള്ള കുറ്റപത്രത്തില്‍ 165 സാക്ഷികളും 1000ത്തിലധികം രേഖകളും നൂറിലധികം തൊണ്ടിമുതലുകളുമാണ് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സമര്‍പ്പിച്ചത്.
രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകം നടന്നത് 2022 ഡിസംബര്‍ 19ന് ആണ്. ആലപ്പുഴയിലെ വെള്ളക്കിണറിലുള്ള വീട്ടില്‍ കയറി രഞ്ജിത്ത് ശ്രീനിവാസനെ കുറ്റവാളികള്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട എല്ലാ കുറ്റവാളികളും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ്.
വിധിയില്‍ പൂര്‍ണ സംതൃപ്തരെന്ന് രഞ്ജിത്തിന്റെ കുടുംബം മാധ്യമങ്ങളോട് പ്രതികരിച്ചു.
Content Highlight: Death sentence for all accused in BJP leader Ranjith Srinivasan murder case