ഇപ്പോള്‍ ലോക്ഡൗണ്‍ പിന്‍വലിച്ചാല്‍ മരണ സംഖ്യ ഉയരും; ടി.പി.ആര്‍ നിരക്ക് 15 ശതമാനത്തിന് താഴെയാകണമെന്നും മുഖ്യമന്ത്രി
Kerala News
ഇപ്പോള്‍ ലോക്ഡൗണ്‍ പിന്‍വലിച്ചാല്‍ മരണ സംഖ്യ ഉയരും; ടി.പി.ആര്‍ നിരക്ക് 15 ശതമാനത്തിന് താഴെയാകണമെന്നും മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 29th May 2021, 6:42 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ ഇപ്പോള്‍ പിന്‍വലിച്ചാല്‍ മരണസംഖ്യ ഉയരാന്‍ കാരണമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് അവലോകനത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

നിലവില്‍ ലോക്ഡൗണ്‍ ജൂണ്‍ 9 വരെ നീട്ടിയിരിക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. രോഗവ്യാപനം കുറയുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും എന്നാല്‍ ലോക്ഡൗണ്‍ പൂര്‍ണ്ണമായി പിന്‍ലിക്കാനുള്ള സാഹചര്യമില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

ലോക്ഡൗണ്‍ പെട്ടെന്ന് പിന്‍വലിച്ചാല്‍ മരണസംഖ്യ ഉയരാനുള്ള സാഹചര്യമുണ്ടെന്നും ടിപിആര്‍ നിരക്ക് 15 ശതമാനത്തിന് താഴെയാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവില്‍ തിരുവനന്തപുരം, പാലക്കാട് ജില്ലകളിലാണ് ടി.പി.ആര്‍ നിരക്ക് ഉയര്‍ന്നുനില്‍ക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ലോക്ഡൗണ്‍ ജൂണ്‍ ഒമ്പത് വരെ നീട്ടിയ സാഹചര്യത്തില്‍ അത്യാവശ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ചില ഇളവുകള്‍ പ്രഖ്യാപിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. കയര്‍, കശുവണ്ടി ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ എല്ലാ വ്യവസായ സ്ഥാപനങ്ങള്‍ക്കും ആവശ്യമായ മിനിമം ജീവനക്കാരെ ഉപയോഗിച്ച് തുറന്നുപ്രവര്‍ത്തിക്കാമെന്നും ജീവനക്കാരുടെ എണ്ണം 50 ശതമാനത്തിന് മുകളിലാകാന്‍ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു.

വ്യവസായ സ്ഥാപങ്ങള്‍ക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കളും മറ്റും നല്‍കുന്ന സ്ഥാപനങ്ങളും കടകളും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ അഞ്ചു മണി വരെ പ്രവര്‍ത്തിക്കാനും അനുമതി നല്‍കി.

ബാങ്കുകള്‍ നിലവിലുള്ളതിന് സമാനമായി ആഴ്ചയില്‍ മൂന്നു ദിവസം തന്നെ പ്രവര്‍ത്തിക്കും. അതേസമയം പ്രവര്‍ത്തി സമയം വൈകീട്ട് അഞ്ചു മണി വരെയാക്കി ദീര്‍ഘിപ്പിച്ചിട്ടുണ്ട്.

അതേസമയം സംസ്ഥാനത്ത് പുതുതായി 23513 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം 3990, തിരുവനന്തപുരം 2767, പാലക്കാട് 2682, എറണാകുളം 2606, കൊല്ലം 2177, ആലപ്പുഴ 1984, തൃശൂര്‍ 1707, കോഴിക്കോട് 1354, കോട്ടയം 1167, കണ്ണൂര്‍ 984, പത്തനംതിട്ട 683, ഇടുക്കി 662, കാസര്‍ഗോഡ് 506, വയനാട് 244 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlights: Death Rate Will Rise If Lockdown Lift Says Pinarayi Vijayan