| Sunday, 7th August 2022, 10:35 pm

'ബലാത്സംഗക്കേസ് പ്രതികളെ തൂക്കിലേറ്റാന്‍ വിധി വന്നപ്പോള്‍ ഇരകള്‍ കൊല്ലപ്പെടുന്നു'; അശോക് ഗെലോട്ടിന്റെ പ്രസ്താവനക്കെതിരെ ആം ആദ്മിയും ബി.ജെ.പിയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി:  ബലാത്സംഗക്കേസുകളിലെ കുറ്റക്കാര്‍ക്കെതിരെ വധശിക്ഷ നടപ്പാക്കാമെന്ന നിയമം വന്നതോടെ ഇരകള്‍ കൊല്ലപ്പെടുന്ന അശോക് ഗെലോട്ടിന്റെ പ്രസ്താവനക്കെതിരെ പ്രസ്താവനക്കെതിരെ ആം ആദ്മിയും ബി.ജെ.പിയും രംഗത്ത്.

ബലാത്സംഗത്തിനിരയായ പെണ്‍കുട്ടികള്‍ കൊല്ലപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നെന്ന് ചൂണ്ടിക്കാണിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ദല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി ജയ്ഹിന്ദ്, ആം ആദ്മി പാര്‍ട്ടി, ബി.ജെ.പി ഉള്‍പ്പെടെ നിരവധി പേര്‍ പ്രസ്താവനയ്‌ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. നിര്‍ഭയ കേസില്‍ പ്രതികളെ തൂക്കിലേറ്റണമെന്ന ആവശ്യം വ്യാപകമായി ഉയര്‍ന്നിരുന്നുവെന്നും ഇതിന് പിന്നാലെയാണ് ഇരകള്‍ മരിക്കുന്ന സ്ഥിതിവിശേഷം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

‘നിര്‍ഭയ കേസില്‍ പ്രതികളെ തൂക്കിലേറ്റണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നു. ഇത് നിയമമായതോടെ ബലാത്സംഗത്തിനിരയായവര്‍ കൊല്ലപ്പെടുന്നത് വര്‍ധിച്ചു. നമ്മുടെ രാജ്യത്ത് കണ്ടുവരുന്ന വളരെ അപകടകരമായ ട്രെന്‍ഡാണിത്. ബലാത്സംഗത്തിന് ഇരയായവര്‍ കേസ് കൊടുക്കുമെന്ന് പ്രതികള്‍ ഭയക്കുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിക്കുന്നത്. രാജ്യത്തിന്റെ അവസ്ഥ നല്ലതല്ല’ ഗെലോട്ട് പറഞ്ഞു.

അതേസമയം സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയുന്നതില്‍ സര്‍ക്കാരിന്റെ വീഴ്ച കാണിക്കുന്നതാണ് അദ്ദേഹത്തിന്റെ പ്രസ്താവനയെന്ന് ബി.ജെ.പി എം.എല്‍.എയായ രാജേന്ദ്ര റാത്തോര്‍ പറഞ്ഞു. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് ഇത്തരം അതിക്രമങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ കഴിയാത്തത് നാണക്കേടാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ഇത്തരം കേസുകളില്‍ പ്രതികള്‍ക്കെതിരെ കടുത്ത ശിക്ഷ കൊണ്ടുവന്നത് നിരവധി സമരങ്ങളിലൂടെയാണ്. അധികാരികളുടെ ഭാഗത്തുനിന്ന് ഇത്തരം പ്രസ്താവനകള്‍ വരുന്നത് അതിജീവിതമാരെ മാനസികമായി തളര്‍ത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കലാണ് അധികാരകിളുടെ കടമയെന്നും റാത്തോര്‍ പറഞ്ഞു.

അതേസമയം, പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ് രംഗത്തെത്തിയിരുന്നു.

സ്ത്രീകള്‍ക്കെതിരെ ഉയര്‍ന്ന് വരുന്ന അതിക്രമങ്ങളെക്കുറിച്ചാണ് ഗെലോട്ട് പരാമര്‍ശിച്ചതെന്നും ബലാത്സംഗ കേസിലെ പ്രതികള്‍ക്കെതിരെ കര്‍ശനമായ നടപടി സര്‍ക്കാര്‍ എടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ 2020നെ അപേക്ഷിച്ച് 2021ല്‍ 17.03 ശതമാനം വര്‍ധിച്ചെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം 2019-20 കാലയളവിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

Content Highlight: Death rate of victims in rape increased when the law was passed to hang the criminals

We use cookies to give you the best possible experience. Learn more