ജക്കാര്‍ത്ത:ഇന്തേനേഷ്യന്‍ ദ്വീപായ സുലവേസിയില്‍ ഭൂകമ്പത്തെതുടര്‍ന്നുണ്ടായ സുനാമിയില്‍ 400 മരണം.പതിനായിരക്കണക്കിനാളുകള്‍ക്ക് പരുക്ക്. നിരവധി വീടുകളും കെട്ടിടങ്ങളും പൂര്‍ണമായും തകര്‍ന്നു.
ദേശീയ ദുരന്തനിവാരണ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് തീരദേശനഗരമായ പാലു പൂര്‍ണമായും ഒറ്റപ്പെട്ടിരിക്കുകയാണ്. ഇവിടം രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.സുനാമി കൂടുതല്‍ നാശം വിതച്ച പാലുവിലേക്കുള്ള റോഡ് മാര്‍ഗം പൂര്‍ണമായും തകര്‍ന്നതിനാല്‍ സഹായം എങ്ങനെ എത്തിക്കുമെന്ന ആലോചനയിലാണ് ദുരന്തനിവാരണ ഏജന്‍സി.
സമീപ നഗരമായ ഡൊങ്കാലയും പൂര്‍ണമായും ഒറ്റപ്പെട്ടിരിക്കുകയാണ്.തകര്‍ന്ന കെട്ടിടങ്ങളില്‍ ആളുകള്‍ കുടുങ്ങികിടക്കുന്നുണ്ടോയെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ അന്വേഷിക്കുന്നുണ്ട്. ഇതിനായി കൂടുതല്‍ പേരെ വിന്യസിപ്പിക്കാന്‍ തീരുമാനിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ആശുപത്രികളില്‍ മതിയായ സൗകര്യമില്ലെന്ന വെല്ലുവിളിയുമുണ്ട്. പാലുവിലേയും ഡൊങ്കാലയിലേയും ആശുപത്രികള്‍ നിറഞ്ഞതിനാല്‍ ചികില്‍സ നല്‍കാനാവുന്നില്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പലരേയും ചികില്‍സിക്കുന്നത് ആശുപത്രിക്ക് പുറത്താണ്. ഇതു അപകടകരമാണെന്നും ആശുപത്രി അധികൃതര്‍ പറയുന്നു.
പാലു നഗരം പൂര്‍ണമായും തകര്‍ന്നു. കെട്ടിടങ്ങളും വീടുകളും ഷോപ്പിങ് മാളുകളും തകര്‍ന്നിട്ടുണ്ടെന്ന് ഇന്തോനേഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ദുരന്തനിവാരണത്തിന് പട്ടാളത്തിന്‌റെ സഹായം പൂര്‍ണമായും ഏര്‍പ്പെട്ടുത്തുമെന്ന് ഇന്തോനേഷ്യന്‍ പ്രസിഡന്‌റ് ജോകോ വിദോദോ പറഞ്ഞു.ഡോക്ടര്‍മാരെയും ഭക്ഷണവും മരുന്നുമെത്തിക്കാന്‍ കാര്‍ഗോ വിമാനങ്ങളും ഉപയോഗിക്കുമെന്ന് പ്രസിഡന്‌റ് പറഞ്ഞു.
സുനാമി മുന്നറിയിപ്പുണ്ടായിട്ടും പലരും സുരക്ഷിത സ്ഥാനത്തേക്ക് മാറിയില്ല. അതാണ് മരണനിരക്ക് കൂടാന്‍ കാരണമായതെന്ന് ദുരന്തനിരവാരണ ഏജന്‍സി പ്രതിനിധി സുട്ടൊപൊ പര്‍വൊ നഗ്രഹോ പറഞ്ഞു.
“”മണിക്കൂറില്‍ 800 കിലോമാറ്റര്‍ ദൂരത്തിലാണ് തിരമാലകള്‍ കരയിലേക്കടിച്ചത്. ആറടി ഉയരത്തില്‍ തിരമാലകള്‍ ഉയര്‍ന്നു. ഞങ്ങള്‍ അടുത്തുള്ള മരത്തില്‍ കയറിയതിനാലാണ് രക്ഷപ്പെട്ടത്””ദൃക്‌സാക്ഷികള്‍ പറയുന്നു.