ജയിക്കാൻ വേണ്ടത് 76 റൺസ്; അതും നേടാൻ കഴിയാത്ത മരണ പിച്ച്; ഇന്ത്യക്കും ഓസിസിനും ഭീഷണി
Cricket
ജയിക്കാൻ വേണ്ടത് 76 റൺസ്; അതും നേടാൻ കഴിയാത്ത മരണ പിച്ച്; ഇന്ത്യക്കും ഓസിസിനും ഭീഷണി
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 20th January 2023, 9:45 pm

ഗുജറാത്ത്-വിദർഭ രഞ്ജി ട്രോഫി മത്സരം നടന്ന പിച്ചിനെക്കുറിച്ചുള്ള ചർച്ചകളാണ് കുറച്ച് നാളുകളായി സമൂഹ മാധ്യമങ്ങളിൽ നടക്കുന്നത്. വിദർഭ ക്രിക്കറ്റ്‌ ടീമിനെതിരെ വിജയിക്കാൻ വെറും 76 റൺസ് മാത്രം വേണ്ടിയിരുന്ന ഗുജറാത്ത് 56 റൺസിനാണ് പുറത്തായത്.

വിദർഭ ക്രിക്കറ്റ്‌ സ്റ്റേഡിയത്തിലാണ് മത്സരം നടന്നിരുന്നത്. ആദ്യം ബാറ്റ് ചെയ്ത വിദർഭ വെറും 74 റൺസിന് ആദ്യ ഇന്നിങ്സിൽ പുറത്തായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് 256 റൺസ് നേടി പുറത്തായെങ്കിലും ബാറ്റിങ് ദുഷ്കരമായ പിച്ചിൽ ആ സ്കോർ ധാരാളമായിരുന്നു.

എന്നാൽ രണ്ടാം ഇന്നിങ്സിൽ വിദർഭ 254 റൺസിന് പുറത്തായതോടെ 76 റൺസ് മാത്രമായിരുന്നു ഗുജറാത്തിന്റെ മുന്നിലുള്ള വിജയലക്ഷ്യം. പ്രതിരോധിച്ച് കളിച്ചാൽ മറികടക്കാവുന്ന ഈ വിജയ ലക്ഷ്യത്തിലേക്ക് കടന്ന ഗുജറാത്തിനെ എന്നാൽ ആദിത്യ സാർവതെയുടെ ആറ് വിക്കറ്റ് പ്രകടനം 54 റൺസിലൊതുക്കുകയായിരുന്നു.

ഫെബ്രുവരി ഒമ്പതിന് തുടങ്ങുന്ന ഇന്ത്യ-ഓസിസ് ചതുർദിന ടെസ്റ്റ്‌ സീരിസിലെ ആദ്യ മത്സരം നടക്കുന്നത് വിദർഭ ക്രിക്കറ്റ്‌ സ്റ്റേഡിയത്തിലാണ്. ബാറ്റ്സ്മാൻമാർക്ക് വലിയ ഭീഷണിയുയർത്തുന്ന വിദർഭയിലെ പിച്ചിൽ ഇന്ത്യൻ,ഓസിസ് ടീമുകൾ എങ്ങനെ കളിക്കും എന്നാണ് ക്രിക്കറ്റ്‌ ആരാധകർ മുഴുവൻ ഉറ്റുനോക്കുന്നത്.

1948- 49 കാലത്ത് 78 റണ്‍സ് എന്ന ബീഹാർ ഉയർത്തിയ വിജയലക്ഷ്യം മറികടക്കാനിറങ്ങി പരാജയപ്പെട്ട ദൽഹിയാണ് ഇതിന് മുമ്പ് ഏറ്റവും ചെറിയ വിജയലക്ഷ്യം പിന്തുടരുന്നതിനിടയിൽ പുറത്തായ ടീം.

അതേസമയം ദ്രാവിഡിന്റെ പരിശീലനത്തിന് കീഴിൽ ന്യൂസിലാൻഡ്സ് പര്യടനത്തിനിറങ്ങിയ ഇന്ത്യൻ ടീം മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. ആദ്യ ഏകദിന മത്സരത്തിൽ12 റൺസിനാണ് ഇന്ത്യൻ ടീം വിജയിച്ചത്. ശുഭ്മാൻ ഗിൽ ഇരട്ട സെഞ്ച്വറി നേടിയ തിളങ്ങിയ മത്സരത്തിൽ 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്‌ടത്തിൽ 349 റൺസായിരുന്നു ഇന്ത്യ സ്വന്തമാക്കിയിരുന്നത്.

മറുപടി ബാറ്റിങിനിറങ്ങിയ കിവീസ് മൈക്കൽ ബ്രാക്ക്വെല്ലിന്റെ 140 റൺസിന്റ പിന്തുണയോടെ വിജയത്തിനായി പൊരുതിയെങ്കിലും മുഹമ്മദ്‌ സിറാജിന്റെ മികച്ച ബോളിങ് മികവിൽ 337 റൺസിന് ഓൾ ഔട്ട്‌ ആവുകയായിരുന്നു.

ടീമിന്റെ നിർണായകമായ രണ്ടാം മത്സരം ജനുവരി 21ന് റായ്പൂർ ക്രിക്കറ്റ്‌ സ്റ്റേഡിയത്തിൽ വെച്ചാണ് നടത്തപ്പെടുന്നത്.
മത്സരത്തിൽ വിജയിക്കാൻ സാധിച്ചാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം.

 

Content Highlights:Death pitch as a threat to India and Australia.fans are excited