ന്യൂദല്‍ഹി: കാശ്മീരില്‍ എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്തുകൊന്ന സംഭവത്തില്‍ പ്രതികരണവുമായി കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മേനകാ ഗാന്ധി. കത്വ സംഭവത്തില്‍ അഗാധമായ ദുഃഖമുണ്ടെന്നാണ് മന്ത്രി പ്രതികരിച്ചത്. കുട്ടികളെ ബലാല്‍സംഗത്തിനിരയാക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
“കത്വ സംഭവത്തില്‍ അഗാധമായ ദുഃഖമുണ്ട്. 12 വയസിന് താഴെയുള്ള കുട്ടികളെ ബലാല്‍സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ ലഭിക്കാവുന്ന തരത്തില്‍ പോക്‌സോ നിയമം മാറ്റണം.” – മേനക ഗാന്ധി പറഞ്ഞു.
അതേസമയം, കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ക്ക് വധശിക്ഷ നല്‍കണമെന്നും അതിനായി നിയമം കൊണ്ടുവരുമെന്നും കാശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി പറഞ്ഞിരുന്നു. “മറ്റൊരു കുട്ടിക്ക് കൂടി ഈ അനുഭവം ഉണ്ടാവരുത്. അതിനാല്‍ കുട്ടികളെ ബലാല്‍സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നടപ്പാക്കുന്ന പുതിയൊരു നിയമം കൊണ്ടുവരും. കഠ് വ പെണ്‍കുട്ടിയുടെ കേസ് അവസാനത്തേതാവട്ടെ.” – മെഹബൂബ മുഫ്തി ട്വീറ്റ് ചെയ്തു.
We will never ever let another child suffer in this way. We will bring a new law that will make the death penalty mandatory for those who rape minors, so that little Ashifa’s case becomes the last. 2/2
— Mehbooba Mufti (@MehboobaMufti) April 12, 2018
സംഭവത്തെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്നാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി കഴിഞ്ഞ ദിവസം പറഞ്ഞത്. മറ്റ് ബി.ജെ.പി നേതാക്കളും മന്ത്രിമാരും സംഭവത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.