| Friday, 21st April 2023, 3:00 pm

ഒരു കിലോ കഞ്ചാവ് കടത്താന്‍ പദ്ധതിയിട്ട കേസില്‍ വധശിക്ഷ നടപ്പാക്കാന്‍ സിംഗപ്പൂര്‍; സമാന കേസുകളില്‍ കഴിഞ്ഞ വര്‍ഷം നടപ്പാക്കിയത് 11 വധശിക്ഷ

ഡൂള്‍ന്യൂസ് ഡെസ്‌ക്

സിംഗപ്പൂര്‍ സിറ്റി: ഒരു കിലോഗ്രാം കഞ്ചാവ് കടത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ സിംഗപ്പൂരില്‍ ഒരാള്‍ക്ക് വധശിക്ഷ. 46കാരനായ തങ്കരാജു സുപ്പിയ എന്നയാള്‍ക്കാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്. ഇയാളെ അടുത്ത ആഴ്ച തൂക്കിലേറ്റുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.

അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ വധശിക്ഷ നടപ്പാക്കാനുള്ള തീരുമാനത്തെ അപലപിച്ച് രംഗത്തെത്തിയിട്ടുണ്ട്. തീരുമാനം വളരെ ക്രൂരമാണെന്നാണ് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ അഭിപ്രായപ്പെടുന്നത്.

‘ഈ വധശിക്ഷ നടപ്പാക്കുകയാണെങ്കില്‍ അത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാകും മാത്രമല്ല സിംഗപ്പൂരില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന വധശിക്ഷകള്‍ക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങളെ രാജ്യം ഒരു തരത്തിലും പരിഗണിക്കുന്നില്ല എന്നതിന്റെ തെളിവു കൂടിയാകുമത്,’ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ വക്താവ് പറഞ്ഞതായി ന്യൂസ് ഏജന്‍സിയായ എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു.

സിംഗപ്പൂരിന്റെ അയല്‍രാജ്യമായ തായ്‌ലന്‍ഡിലുള്‍പ്പെടെ ലോകത്തിന്റെ പല ഭാഗത്തും കഞ്ചാവ് നിയമവിധേയമാണ്. ഇതുമായി ബന്ധപ്പെട്ട കേസുകളില്‍ പല രാജ്യങ്ങളും തടവ് ശിക്ഷകള്‍ ഒഴിവാക്കിയിട്ടുണ്ട്. കഞ്ചാവ് കേസുകളില്‍ രാജ്യത്ത് നിലനില്‍ക്കുന്ന വധശിക്ഷ റദ്ദാക്കണമെന്ന് മനുഷ്യാവകാശ സംഘടനകള്‍ ഏറെ നാളായി ആവശ്യപ്പെടുകയാണ്. ലഹരി വസ്തുക്കളുമായി ബന്ധപ്പെട്ട് ഏറ്റവും കര്‍ശനമായ നിയമങ്ങള്‍ നിലനില്‍ക്കുന്ന രാജ്യമാണ് സിംഗപ്പൂര്‍.

2017ലാണ് കഞ്ചാവ് കടത്താന്‍ പദ്ധതിയിട്ടു എന്ന കേസില്‍ തങ്കരാജുവിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തുന്നത്. 1017.9 ഗ്രാം കഞ്ചാവ് തങ്കരാജു കടത്താന്‍ ശ്രമിച്ചു എന്നായിരുന്നു ആരോപണം. 2018ലാണ് വധശിക്ഷയ്ക്ക് വിധിക്കുന്നത്. അപ്പീല്‍ കോടതിയും ശിക്ഷ ശരി വെക്കുകയായിരുന്നു.

തങ്കരാജു വാസ്തവത്തില്‍ കഞ്ചാവ് കൈകാര്യം ചെയ്തിട്ടില്ലെന്നും ശരിയായ നിയമസഹായമോ തമിഴ് പരിഭാഷകന്റെ സഹായമോ ചോദ്യം ചെയ്യല്‍, വിചാരണ വേളകളില്‍ അദ്ദേഹത്തിന് ലഭിച്ചിരുന്നില്ലെന്നും മനുഷ്യാവകാശ പ്രവര്‍ത്തകനായ കേഴ്സ്റ്റന്‍ ഹാന്‍ ന്യൂസ് ഏജന്‍സിയായ എ.എഫ്.പിയോട് പറഞ്ഞു.

ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് ഇതേ ശിക്ഷ തന്നെയായിരിക്കും ലഭിക്കുകയെന്നും തങ്കരാജുവിനെതിരായ കുറ്റം സംശയാതീതമായി തെളിയിക്കപ്പെട്ടതാണെന്നും ഹൈക്കോടതി ജഡ്ജ് ഹൂ ഷിയു പിങ് പറഞ്ഞു.

രണ്ട് വര്‍ഷത്തിന് ശേഷം, 2022 മാര്‍ച്ചിലാണ് വധശിക്ഷാ നടപടികള്‍ സിംഗപ്പൂര്‍ പുനരാരംഭിച്ചത്. കഴിഞ്ഞ വര്‍ഷം മാത്രം ലഹരി കേസുകളുമായി ബന്ധപ്പെട്ട് 11 വധശിക്ഷകളാണ് സിംഗപ്പൂര്‍ നടപ്പിലാക്കിയത്.

ഇതില്‍ നാഗേന്ദ്രന്‍ ധര്‍മലിംഗത്തിന്റെ വധശിക്ഷയില്‍ ഐക്യരാഷ്ട്ര സംഘടനയുള്‍പ്പെടെയുള്ള അന്താരാഷ്ട്ര സമൂഹം വലിയ എതിര്‍പ്പുകളുമായി രംഗത്തെത്തിയിരുന്നു. മാനസിക വെല്ലുവിളി നേരിടുന്നതായി കണക്കാക്കിയിരുന്ന ആളായിരുന്നു നാഗേന്ദ്രന്‍.

Content highlights: Death penalty for drug case in singapore

We use cookies to give you the best possible experience. Learn more