| Tuesday, 3rd September 2024, 7:59 pm

ബലാത്സംഗ കേസുകളിലെ കുറ്റവാളികള്‍ക്ക് വധശിക്ഷ; ബില്‍ പാസാക്കി ബംഗാള്‍ നിയമസഭ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: ബലാത്സംഗ കേസുകളിലെ കുറ്റവാളികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ബില്‍ പാസാക്കി പശ്ചിമബംഗാള്‍ സര്‍ക്കാര്‍. ബംഗാള്‍ നിയമസഭ ബില്‍ ഏകകണ്ഠമായി പാസാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നടക്കുന്ന തുടര്‍ച്ചയായ ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനായാണ് സര്‍ക്കാര്‍ ബില്‍ മുന്നോട്ടുവെച്ചത്.

സംസ്ഥാന നിയമമന്ത്രി മൊളോയ് ഘട്ടക്കാണ് സഭയില്‍ ബില്‍ അവതരിപ്പിച്ചത്. പുതിയ ക്രിമിനല്‍ നിയമമായ ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകള്‍ ഭേദഗതി ചെയ്യാന്‍ ബില്‍ ശ്രമിക്കുന്നതായാണ് റിപ്പോര്‍ട്ട്.

സ്ത്രീകള്‍ക്കെതിരായ ആസിഡ് ആക്രമണങ്ങള്‍, ബലാത്സംഗം, കൂട്ടബലാത്സംഗം, കൊലപാതകം, അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തല്‍ എന്നിവയ്ക്കുള്ള ശിക്ഷകളിലാണ് ബില്‍ ഭേദഗതി ആവശ്യപ്പെടുന്നത്.

പ്രായപൂര്‍ത്തിയാകാത്ത കുറ്റവാളികള്‍ക്ക് അനുവദിക്കുന്ന ഇളവുകളിലും ബില്‍ ഭേദഗതി ആവശ്യപ്പെടുന്നുണ്ട്. സ്ത്രീകളുടെയും കുട്ടികളുടെയും മൗലികാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ഉറപ്പുവരുത്തുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ നടത്തിയ അചഞ്ചലമായ നീക്കമാണിതെന്നും ബില്‍ പറയുന്നു.

‘നല്ലവനായ ഏതൊരു വ്യക്തിയും ഈ ബില്ലിനെ പിന്തുണയ്ക്കും. ബലാത്സംഗം എന്നത് മനുഷ്യരാശിക്കെതിരായ ശാപമാണ്. ഇത്തരം കേസുകളിലെ അന്വേഷണം സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക ടാസ്‌ക് ഫോഴ്‌സിനെ രൂപികരിക്കും,’ എന്നും മമത ബാനര്‍ജി പറഞ്ഞു.

അതേസമയം ബില്ലിന് അനുമതി നല്‍കാന്‍ ഗവര്‍ണര്‍ സി.വി. ആനന്ദ ബോസിനോട് ആവശ്യപ്പെടണമെന്ന് സംസ്ഥാനത്തെ ബി.ജെ.പി എം.എല്‍.എമാര്‍ക്ക് മുഖ്യമന്ത്രി മമത ബാനര്‍ജി നിര്‍ദേശം നല്‍കി.

ബില്ലിനെ പ്രതിപക്ഷമായ ബി.ജെ.പി സ്വാഗതം ചെയ്തതായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ബില്ലില്‍ ഏതാനും ഭേദഗതികള്‍ ആവശ്യപ്പെട്ടുകൊണ്ട് നിയമസഭയില്‍ ബി.ജെ.പി പ്രമേയം അവതരിപ്പിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷവും ഭരണപക്ഷവും തമ്മില്‍ വാക്കേറ്റമുണ്ടായി.

പ്രതിപക്ഷ നേതാവായ സുവേന്ദു അധികാരി ഉയര്‍ത്തിയ ഭേദഗതികള്‍ അംഗീകരിക്കാന്‍ മമത ബാനര്‍ജി തയ്യാറായില്ല. തുടര്‍ന്ന് മമതയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ മുദ്രാവാക്യമുയര്‍ത്തി.

കൊല്‍ക്കത്തയിലെ ആര്‍.ജി കാര്‍ മെഡിക്കല്‍ കോളേജില്‍ യുവ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തെ തുടര്‍ന്ന് മമത സര്‍ക്കാരിനെതിരെയും ബംഗാള്‍ പൊലീസിനെതിരെയും രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. സംസ്ഥാനത്തുടനീളമായി മമത സര്‍ക്കാരിനെതിരെ പ്രതിഷേധം നടക്കുകയുണ്ടായി.

ഓഗസ്റ്റ് ഒമ്പതിനാണ് പി.ജി വിഭാഗം വിദ്യാര്‍ത്ഥിയായ 31കാരി ക്രൂര പീഡനത്തിനിരയായി ആര്‍.ജി കാര്‍ മെഡിക്കല്‍ കോളേജില്‍ കൊല്ലപ്പെടുന്നത്. തുടര്‍ന്ന് കേസില്‍ ഇടപെട്ട കല്‍ക്കട്ട ഹൈക്കോടതി അന്വേഷണം സി.ബി.ഐക്ക് കൈമാറി. പിന്നാലെ യുവ ഡോക്ടര്‍ കൊല്ലപ്പെട്ടതില്‍ സുപ്രീം കോടതി സ്വമേധയാ കേസെടുക്കയും ചെയ്തിരുന്നു.

Content Highlight: Death penalty for convicts in rape cases; The Bengal Assembly passed the bill

We use cookies to give you the best possible experience. Learn more