| Friday, 11th November 2016, 12:40 pm

പണം സ്വീകരിച്ചില്ല : നിക്ഷേപിക്കാനെത്തിയ ആള്‍ ബാങ്ക് കെട്ടിടത്തിന് മുകളില്‍ നിന്ന് വീണുമരിച്ച നിലയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇതോടെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന എസ്.ബി.ടി ശാഖ കെട്ടിടത്തില്‍ നിന്നും ഇയാള്‍ മൂന്നാം നിലയിലേക്ക് കയറി.


കണ്ണൂര്‍: 500 ന്റേയും 1000 ന്റേയും നോട്ടുകള്‍ അസാധുവാക്കിക്കൊള്ളുന്ന പ്രഖ്യാപനം വന്നതിനെ തുടര്‍ന്ന് കൈയ്യിലുണ്ടായിരുന്ന പണം മാറ്റിയെടുക്കാന്‍ ബാങ്ക് ശാഖയില്‍ പോയ കെ.എസ്.ഇ.ബി ഓവര്‍സിയര്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണു മരിച്ച നിലയില്‍

പെരളശ്ശേരി സ്വദേശി കെ.കെ. ഉണ്ണിയാണ് മരിച്ചത്. തലശ്ശേരി എസ്.ബി.ടി ബാങ്കിന്റെ നാരങ്ങാപ്പുറം ബ്രാഞ്ച് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണാണ് ഇദ്ദേഹം മരിച്ചത്. 48 വയസായിരുന്നു.

അഞ്ചര ലക്ഷം രൂപയായിരുന്നു ഇയാള്‍ ബാങ്കില്‍ നിക്ഷേപിക്കനായി ചെന്നത്. ഈ തുക അസാധുവാക്കിയ ദിവസം രാവിലെ ഇയാള്‍ സ്വകാര്യ ആവശ്യത്തിനായി ഇതേ ബാങ്കില്‍ നിന്നും പിന്‍വലിച്ചതായിരുന്നു.

എന്നാല്‍ ഇത്രയും തുക ഒന്നിച്ച് നിക്ഷേപിക്കാന്‍ കഴിയില്ലെന്നും രണ്ടര ലക്ഷം രൂപ മാത്രമേ നിക്ഷേപിക്കാന്‍ കഴിയൂ എന്ന് മാനേജര്‍ പറയുകയായിരുന്നു.

ഇതോടെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന എസ്.ബി.ടി ശാഖ കെട്ടിടത്തില്‍ നിന്നും ഇയാള്‍ മൂന്നാം നിലയിലേക്ക് കയറി. മൂന്നാം നിലയില്‍ നിന്ന് വീണുമരിച്ച നിലയിലാണ് പിന്നീട് കാണപ്പെടുന്നത്.

സംഭവം ആത്മഹത്യയാണെന്നും നോട്ട് അസാധുവാക്കിയ പ്രഖ്യാപനം വന്നതുമുതല്‍ ഇയാള്‍ അസ്വസ്ഥനായിരുന്നെന്നും പോലീസ് സ്ഥിരീകരിക്കുന്നതായി തലശേരിയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു. അതേസമയം പണം നിക്ഷേപിക്കാനാവില്ലെന്ന് തങ്ങള്‍ ആരോടും പറഞ്ഞിട്ടില്ലെന്നും മരണപ്പെട്ട ശേഷം മാത്രമാണ് ആ വ്യക്തിയെ കാണുന്നതെന്നും ബാങ്ക് അധികൃതര്‍ പറഞ്ഞു.

നോട്ടുകള്‍ അസാധുവാക്കി എന്നറിഞ്ഞതിന്റെ ആഘാതത്തില്‍ തെലങ്കാനയില്‍ മധ്യവയസ്‌ക ഇന്നലെ ആത്മഹത്യ ചെയ്തിരുന്നു. തന്റെ സമ്പാദ്യം മുഴുവന്‍ നഷ്ടമായെന്ന് കരുതിയായിരുന്നു ഇവര്‍ ആത്മഹത്യ ചെയ്തത്. 50 ലക്ഷം രൂപയോളമായിരുന്നു ഇവരുടെ സമ്പാദ്യം.

അതേസമയം ഇന്നലെയും ഇന്നുമായി വലിയ തിരക്കാണ് സംസ്ഥാനത്തെ ബാങ്കുകളില്‍ അനുഭവപ്പെടുന്നത്.  500 ന്റേയും 1000 ത്തിന്റേയും നോട്ടുകള്‍ മാറ്റിയെടുക്കാനായി രാവിലെ മുതല്‍ ബാങ്കുകള്‍ക്ക് മുന്നില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

അത്യാവശ്യത്തിന് പോലും ചിലവഴിക്കാനുള്ള തുക കയ്യിലില്ലാത്ത സാഹചര്യത്തിലാണ് നോട്ടുകള്‍ മാറ്റിയെടുക്കാനായി ആളുകള്‍ കൂട്ടത്തോടെ ബാങ്കുകളിലേക്ക് എത്തുന്നത്. എന്നാല്‍ ഏറെ നേരം കാത്തുനില്‍ക്കേണ്ടി വന്നാലും നോട്ടുകള്‍ മാറ്റിക്കിട്ടാത്ത അവസ്ഥയാണ് പല ബാങ്കുകളിലും.

സംസ്ഥാനത്ത് പ്രവര്‍ത്തനം തുടങ്ങിയ എ.ടി.എം കൗണ്ടറുകളിലേക്കും വന്‍ജനപ്രവാഹമാണുള്ളത്. രാവിലെ തന്ന നിറച്ച പണം പല എ.ടി.എമ്മുകളിലും തീര്‍ന്നു. എന്നാല്‍, തീരുന്ന മുറയ്ക്ക് പണം നിറയ്ക്കുമെന്നു ബാങ്കുകള്‍ അറിയിച്ചെങ്കിലും അതും ഉണ്ടായില്ല.

ചിലയിടങ്ങളില്‍ തുറക്കാത്ത എടിഎമ്മുകള്‍ക്കു മുന്നിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ചില ബാങ്കുകള്‍ 50 രൂപാ നോട്ട് എ.ടി.എമ്മുകളില്‍ കൈകാര്യം ചെയ്യാത്തതിനാല്‍ അവിടെനിന്നു 100 രൂപ നോട്ടുകള്‍ മാത്രമേ ലഭിക്കൂ. 100 രൂപയുടെ ദൗര്‍ലഭ്യം കാരണം ഇന്നലെ ചില ശാഖകള്‍ക്ക് ഉച്ചയ്ക്കു തന്നെ അസാധുവായ നോട്ടുകള്‍ മാറ്റിക്കൊടുക്കുന്നത് അവസാനിപ്പിക്കേണ്ടി വന്നിരുന്നു.

എ.ടി.എമ്മുകളിലും ആവശ്യത്തിനു നൂറിന്റെ നോട്ടുകള്‍ നിറയ്ക്കാനായിട്ടില്ല. ഇന്നലെ എസ്.ബി.ഐ ശാഖകളില്‍ വന്‍തിരക്കായിരുന്നു അനുഭവപ്പെട്ടത്.

We use cookies to give you the best possible experience. Learn more