|

കൊല്‍ക്കത്തയിലെ യുവഡോക്ടറുടെ മരണം; പ്രതി സഞ്ജയ് റോയ് കുറ്റവാളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലേ കൊല്‍ക്കത്ത ആര്‍.ജി കാര്‍ മെഡിക്കല്‍ കോളേജില്‍ യുവഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി സഞ്ജയ് റോയ് കുറ്റവാളി. ആശുപത്രിയിലെ സിവിൽ വോളൻ്റിയറായ സഞ്ജയ് ആണ് കേസിലെ ഏക പ്രതി.

കൊല്‍ക്കത്ത അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി അനിര്‍ബന്‍ ദാസാണ് വിധി പുറപ്പെടുവിച്ചത്. ശിക്ഷാവിധി തിങ്കളാഴ്ച നടക്കും.

പ്രതി യുവഡോക്ടറെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും അത് മരണത്തിന് കാരണമായെന്ന് തെളിഞ്ഞുവെന്നും കോടതി പറഞ്ഞു. ഫോറന്‍സിക് തെളിവുകള്‍ പ്രതി കുറ്റക്കാരനാണെന്ന് തെളിയിക്കുന്നതാണെന്നും കോടതി പറഞ്ഞു.

മൂന്നൂറോളം പൊലീസ് ഉദ്യോഗസ്ഥരെ കോടതിയുടെ പുറത്ത് വിന്യസിച്ചായിരുന്നു കേസിലെ വിധി പ്രഖ്യാപനം. രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്ന സംഭവമായിരുന്നു ആര്‍.ജി കാര്‍ മെഡിക്കല്‍ കോളേജിലേത്. 2024 ഓഗസ്റ്റ് ഒമ്പതിനാണ് യുവഡോക്ടര്‍ കൊല്ലപ്പെട്ടത്. യുവതിയുടെ ആന്തരിക അവയങ്ങള്‍ക്ക് ഉള്‍പ്പെടെ സാരമായി പരിക്കേറ്റിരുന്നു.

മരിച്ചതിന്റെ പിറ്റേ ദിവസമാണ് ആശുപത്രിയുടെ മുകളിലത്തെ നിലയില്‍ യുവഡോക്ടറെ കണ്ടെത്തിയത്. തുടര്‍ന്ന് യുവഡോക്ടറുടെ മരണത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ 24 മണിക്കൂര്‍ സമയമെടുത്ത ബംഗാള്‍ പൊലീസിനെതിരെ വ്യാപക പ്രതിഷേധമാണ് സംസ്ഥാനത്തുണ്ടായത്.

ഇതോടെ മുഖ്യമന്ത്രി മമത ബാനര്‍ജിയും തൃണമൂല്‍ കോണ്‍ഗ്രസും കരിനിഴലിലായി. പിന്നാലെ സഞ്ജയ് റോയ് അറസ്റ്റിലാകുകയും ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയുമായിരുന്നു.

ബംഗാളിലെ കായിക-സിനിമാ താരങ്ങള്‍ ഉള്‍പ്പെടെ യുവഡോക്ടര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തെരുവിലിറങ്ങിയിരുന്നു. യുവഡോക്ടറുടെ മരണത്തില്‍ അപലപിച്ച് മമതയും നേരിട്ട് പ്രതിഷേധ വേദികളില്‍ എത്തിയിരുന്നു.

പിന്നാലെ ആര്‍.ജി കാര്‍ മെഡിക്കല്‍ കോളേജിലെ പ്രിന്‍സിപ്പാള്‍ സന്ദീപ് ഘോഷും ഇയാളുടെ രാഷ്ട്രീയ ബന്ധവും ബംഗാളില്‍ ചര്‍ച്ചയായി. തുടര്‍ന്ന് ഇയാളെ ഓഗസ്റ്റ് 12ന് സ്ഥലംമാറ്റുകയും ചെയ്തു.

ഒരു സംഘം ആളുകള്‍ ആര്‍.ജി കാര്‍ മെഡിക്കല്‍ കോളേജ് അടിച്ച് തകര്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ ആക്രമണം തെളിവ് നശിപ്പിക്കാന്‍ വേണ്ടിയുള്ളതായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ നിഗമനം നടത്തിയിരുന്നു.

ഇതിനിടെ രാജ്യത്തുനീളമായി ഇടവേളകളില്ലാതെ തൊഴിലെടുക്കുന്ന മെഡിക്കല്‍ രംഗത്തെ ജീവനക്കാരുടെ ദുരവസ്ഥകള്‍ ചര്‍ച്ച ചെയ്യപ്പെടുകയും പ്രതിഷേധമുണ്ടാകുകയും ചെയ്തു. ഐ.എം.എ അടക്കം പ്രതിഷേധങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

പിന്നീട് യുവഡോക്ടര്‍ ബലാത്സംഗം ചെയ്യപ്പെട്ട കേസ് പ്രതിസന്ധിയിലായതോടെ അന്വേഷണം സി.ബി.ഐക്ക് കൈമാറുകയും അഴിമതി കേസില്‍ സന്ദീപ് ഘോഷ് അറസ്റ്റ് ചെയ്യപ്പെടുകയും ഉണ്ടായി. എന്നാല്‍ ഇയാള്‍ക്കെതിരെ കൊലക്കുറ്റമോ ഡോക്ടറുടെ മരണവുമായി ബന്ധപ്പെട്ട വകുപ്പുകളോ ചുമത്തിയിരുന്നില്ല .

പകരം കേസിലെ ഏക പ്രതി സഞ്ജയ് റോയി മാത്രമാണെന്നാണ് സി.ബി.ഐ കണ്ടെത്തിയത്. ഡോക്ടറുടെ മരണത്തില്‍ ഹൈക്കോടതിയും സുപ്രീം കോടതിയും സ്വമേധയാ കേസെടുത്തിരുന്നു. കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് യുവതിയുടെ കുടുംബം സുപ്രീം കോടതിയെ സമീപിച്ചിട്ടുമുണ്ട്.

Content Highlight: Death of young doctor in Kolkata; Accused Sanjay Roy is guilty