സ്വര്‍ണ്ണക്കടത്ത് കേസ്; ഡി.ആര്‍.ഐ ബാലഭാസ്‌ക്കറിന്റെ അച്ഛന്റെയും ഭാര്യയുടെയും മൊഴിയെടുക്കും
തിരുവനന്തപുരം: വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണക്കടത്ത് അന്വേഷിക്കുന്ന ഡി.ആര്‍.ഐ സംഘം അന്തരിച്ച സംഗീതജ്ഞന്‍ ബാലഭാസ്‌ക്കറിന്റെ അച്ഛന്‍ കെ.സി. ഉണ്ണിയുടെയും ഭാര്യ ലക്ഷ്മിയുടെയും മൊഴിയെടുക്കും.
സ്വര്‍ണക്കടത്തു കേസില്‍ ബാലഭാസ്‌കറിന്റെ സംഗീതപരിപാടികളുടെ കോ-ഓര്‍ഡിനേറ്ററായിരുന്ന പ്രകാശ് തമ്പി അറസ്റ്റിലായിരുന്നു. ഇതോടെ ബാലഭാസ്‌ക്കറിന്റെ മരണത്തിന് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടോയെന്ന സംശയം കെ.സി ഉണ്ണി ഉന്നയിച്ചിരുന്നു.
പ്രകാശ് തമ്പിയും ബാലുവിന്റെ കാര്‍ ഡ്രൈവര്‍ അര്‍ജുന്റെ സുഹൃത്ത് വിഷ്ണുവും സ്വര്‍ണക്കടത്തില്‍ പ്രതികളായതോടെ അപകടത്തിനു പിന്നിലെ ദുരൂഹത ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. കൂടാതെ അര്‍ജുനെയും അപകടത്തിന്റെ ദൃക്‌സാക്ഷികളെയും ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യംചെയ്യും.
അതേസമയം സ്വര്‍ണക്കടത്തിന് അറസ്റ്റിലായ പ്രകാശന്‍ തമ്പിയെ അറിയില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി രംഗത്തെത്തി. ബാലഭാസ്‌കറിന്റെ പ്രോഗ്രാം മാനേജര്‍ ആയിരുന്നു പ്രകാശന്‍ തമ്പിയെന്ന വാര്‍ത്ത തെറ്റാണെന്നാണ് താന്‍ വ്യക്തമാക്കിയതെന്നും ലക്ഷ്മി പറഞ്ഞു.
അന്വേഷണത്തില്‍ സത്യം പുറത്തുവരട്ടെയെന്നും ലക്ഷ്മി വ്യക്തമാക്കി.
സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുമായി ബാലഭാസ്‌കറിന്റെ കുടുംബത്തിന് ബന്ധമുണ്ടായിരുന്നെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിനു പിന്നാലെയാണ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ സംശയങ്ങള്‍ ഉയര്‍ന്നത്. ബാലഭാസ്‌കറിന്റെ മരണത്തിനു പിന്നില്‍ ദുരൂഹമായ സാമ്പത്തിക ഇടപാടുകള്‍ കാരണമായോയെന്ന് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്.
തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണക്കടത്ത് കേസില്‍ പ്രതിസ്ഥാനത്തുള്ള പ്രകാശ് തമ്പി,വിഷ്ണു എന്നിവര്‍ അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മാനേജര്‍മാരായിരുന്നു എന്ന തരത്തിലുളള പ്രചാരണം വാസ്തവ വിരുദ്ധമാണ് എന്നായിരുന്നു ലക്ഷ്മി നേരത്തെ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞത്.