കൊച്ചി: വാളയാറിലെ സഹോദരിമാരായ പെണ്‍കുട്ടികളുടെ മരണത്തില്‍ മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. സി.ബി.ഐ കുറ്റപത്രത്തിനെതിരെ മാതാപിതാക്കള്‍ നല്‍കിയ ഹരജിയിലാണ് അറസ്റ്റ് തടഞ്ഞുളള നടപടി. ജസ്റ്റിസ് സി. ജയചന്ദ്രന്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.
നേരത്തെ മാതാപിതാക്കളെ പ്രതികളാക്കി സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. പിന്നാലെ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ കോടതിയെ സമീപിക്കുകയായിരുന്നു.
കൊച്ചി സി.ബി.ഐ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ, നേരിട്ട് ഹാജരാകണമെന്ന് കാണിച്ച് മാതാപിതാക്കള്‍ക്ക് സി.ബി.ഐ സമന്‍സ് അയച്ചിരുന്നു. ഇതേ തുടര്‍ന്നാണ് മാതാപിതാക്കള്‍ കോടതിയെ സമീപിച്ചത്.
എന്നാല്‍ മാതാപിതാക്കള്‍ നേരിട്ട് കോടതിയില്‍ ഹാജരാകേണ്ട ആവശ്യമില്ലെന്നാണ് നിലവില്‍ കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഹരജിയില്‍ അന്തിമ വിധി ഉണ്ടായതിന് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കാമെന്നും കോടതി പറഞ്ഞു.
മരിച്ച പെണ്‍കുട്ടികളുടെ മാതാപിതാക്കളെ മൂന്ന് കേസുകളില്‍ കൂടി പ്രതിചേര്‍ത്താണ് സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചത്. ഇതിനുമുമ്പ് ആറ് കേസുകളില്‍ മാതാപിതാക്കളെ സി.ബി.ഐ പ്രതി ചേര്‍ത്തിരുന്നു.
സി.ബി.ഐ നല്‍കിയ കുറ്റപത്രങ്ങള്‍ പ്രകാരം ആറ് കേസുകളിലും അമ്മ രണ്ടാം പ്രതിയും അച്ഛന്‍ മൂന്നാം പ്രതിയുമാണ്. പിന്നാലെ പ്രസ്തുത കേസുകളില്‍ പ്രതികള്‍ക്കെതിരെ സാക്ഷിമൊഴികളും ശാസ്ത്രീയ തെളിവുകളും മറ്റ് രേഖകളും ഇല്ലെന്ന് സി.ബി.ഐ കോടതി കണ്ടെത്തിയിരുന്നു.
കേസിലെ മറ്റു പ്രതികളായ വി. മധു, പ്രദീപ് കുമാര്‍ എന്നിവരെ മരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് സി.ബി.ഐ ആവശ്യപ്പെട്ടിരുന്നു. ഇത് ഉള്‍പ്പെടെ മൂന്ന് കേസുകളില്‍ അന്വേഷണം ആവശ്യപ്പെട്ടാണ് സി.ബി.ഐ അപേക്ഷ നല്‍കിയത്.
തുടര്‍ന്ന് മൂന്ന് കേസുകളില്‍ ഒന്നില്‍, കൂടുതല്‍ അന്വേഷണത്തിന് കോടതി അനുമതി നല്‍കുകയും ചെയ്തിരുന്നു.
2017 ജനുവരി ഏഴിനാണ് വാളയാര്‍ അട്ടപ്പള്ളത്തെ വീട്ടില്‍ 13 വയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടുമാസത്തിനിപ്പുറം മാര്‍ച്ച് നാലിന് ഇതേ വീട്ടില്‍ അനുജത്തി ഒമ്പത് വയസുകാരിയേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
വീടിന്റെ ഉത്തരത്തില്‍ ഒമ്പത് വയസുകാരിക്ക് തൂങ്ങാനാവില്ലെന്ന കണ്ടെത്തലോടെയാണ് കേസില്‍ സംശയം ബലപ്പെട്ടത്. 13കാരിയുടെ മരണത്തിലെ ഏക ദൃക്‌സാക്ഷി കൂടിയായിരുന്നു ഒമ്പതുകാരി.
മരിക്കുന്നതിന് മുന്നോടിയായി പെണ്‍കുട്ടികള്‍ ലൈംഗികാതിക്രമത്തിന് ഇരയായതായി പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് 2019 ജൂണ്‍ 22ന് സഹോദരിമാരുടെ മരണം ആത്മഹത്യയെന്ന് രേഖപ്പെടുത്തി പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുകയാണ് ചെയ്തത്.
പിന്നീട് 2019 ഒക്ടോബര്‍ ഒമ്പതിന് കേസിലെ മൂന്നാം പ്രതിയായ ചേര്‍ത്തല സ്വദേശി പ്രദീപ് കുമാറിനെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെവിട്ടു. 2019 ഒക്ടോബര്‍ 25ന് പ്രതികളായ വി. മധു, എം. മധു, ഷിബു എന്നിവരേയും കോടതി വെറുതെവിട്ടു.
പിന്നാലെ മാതാപിതാക്കളുടെ ആവശ്യപ്രകാരമാണ് കേസ് സി.ബി.ഐക്ക് കൈമാറിയത്. എന്നാല്‍ സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍, കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടന്ന കാര്യം മാതാപിതാക്കള്‍ക്ക് അറിയാമായിരുന്നു എന്നാണ് പറയുന്നത്. തിരുവനന്തപുരം സി.ബി.ഐ യൂണിറ്റാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
Content Highlight: Death of valayar girls; High Court stays arrest of parents