|

ബാലരാമപുരത്തെ രണ്ട് വയസുകാരിയുടെ മരണം; അമ്മാവൻ കുറ്റം സമ്മതിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ബാലരാമപുരത്ത് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ രണ്ട് വയസുകാരി ദേവേന്ദുവിന്റെ മരണത്തിൽ കുറ്റം സമ്മതിച്ച് അമ്മാവൻ ഹരികുമാർ.

ദേവേന്ദുവിന്റെ മരണവുമായി ബന്ധപ്പെട്ട് അടിമുടി ദുരൂഹത ആരോപിക്കുന്ന സാഹചര്യത്തിലാണ് ഇക്കാര്യം പുറത്ത് വന്നത്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുകയാണ്. സംഭവത്തിൽ രക്ഷിതാക്കൾക്കും മുത്തശ്ശിക്കും പങ്കുണ്ടോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. അടിക്കടി വഴക്കായിരുന്ന ശ്രീതുവും ശ്രീജിത്തും അകന്നുകഴിയുകയായിരുന്നു. ശ്രീജിത്ത് വല്ലപ്പോഴുമാണ് ഈ വീട്ടിലേക്ക് വന്നിരുന്നത്.

വീട്ടില്‍ ഇന്ന് മരണാനന്തര ചടങ്ങ് നടക്കുന്നതിനാല്‍ ശ്രീജിത് ഇന്നലെ രാത്രി വീട്ടില്‍ ഉണ്ടായിരുന്നു. ശ്രീതുവും ശ്രീജിത്തും കുഞ്ഞും ഉറങ്ങിയിരുന്നത് ഒരേ മുറിയിലായിരുന്നു. മറ്റ് രണ്ടുമുറികളിലായി അമ്മുമ്മയും അമ്മാവനും ഉണ്ടായിരുന്നു. ഇവരെ നാല് പേരേയും പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ശ്രീതുവിന്റെ മൊഴിയില്‍ വൈരുധ്യമുണ്ടെന്നാണ് വിവരം.

ഇന്ന് രാവിലെയാണ് കുടുംബം താമസിക്കുന്ന വാടകവീടിന്റെ കിണറ്റില്‍ രണ്ട് വയസുകാരിയായ ദേവേന്ദുവിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഉറങ്ങി കിടക്കുന്ന കുഞ്ഞിനെ കാണാനില്ലെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കിണറ്റില്‍ നിന്നും കണ്ടെത്തിയത്. അതിനിടെ കുഞ്ഞിനെ കാണാതായ അതേഘട്ടത്തില്‍ വീട്ടില്‍ അമ്മാവന്‍ ഉറങ്ങിയിരുന്ന മുറിയില്‍ തീപിടിത്തം ഉണ്ടായതായും വിവരമുണ്ട്.

Content Highlight: Death of two-year-old girl in Balaramapuram; The uncle confessed to the crime

Video Stories