കല്‍പ്പറ്റ: മോഷണക്കുറ്റം ആരോപിച്ചതിനെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത ആദിവാസി യുവാവിന്റെ വീട് സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ യാത്രക്ക് ശേഷമുള്ള ആദ്യ കേരള സന്ദര്‍ശനത്തിലാണ് ആദിവാസി യുവാവിന്റെ വീട് രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചത്.
കോഴിക്കോട് മെഡിക്കല്‍ കോളേജ് പരിസരത്ത് നിന്നാണ് കഴിഞ്ഞ ദിവസം വയനാട് മേപ്പാടി സ്വദേശിയായ വിശ്വനാഥിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ വിശ്വനാഥിന്റേത് ആത്മഹത്യയല്ല കൊലപാതകമാണെന്ന് ആരോപിച്ച് കൊണ്ട് കുടുംബം രംഗത്തെത്തിയിരുന്നു. ഇതേ കാര്യം അവര്‍ രാഹുല്‍ ഗാന്ധിയോടും ആവര്‍ത്തിച്ചു.
‘എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിശ്വനാഥന് ഒരു കുഞ്ഞ് ജനിച്ചത്. അങ്ങനെയൊരു വേളയില്‍ അയാള്‍ ആത്മഹത്യ ചെയ്യില്ല. വിശ്വനാഥന്‍ ഓടിപ്പോയത് മരണം സംഭവിക്കാവുന്നത്ര ഗുരുതരമായ സ്ഥലത്തേക്കുമല്ല. ജനങ്ങളോ, ആശുപത്രി സെക്യൂരിറ്റിമാരോ, പൊലീസോ ആകാം വിശ്വനാഥന്റെ മരണത്തിനു പിന്നില്‍,’ വിശ്വനാഥന്റെ സഹോദരന്‍ രാഘവന്‍ പറഞ്ഞു.
മോഷണക്കുറ്റം ആരോപിക്കപ്പെട്ടതില്‍ മനംനൊന്താണ് വിശ്വനാഥന്‍ ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്റെ പ്രാഥമിക നിരീക്ഷണം. എന്നാല്‍ വിശ്വനാഥനെ കാണാനില്ലെന്ന് രണ്ട് ദിവസം മുമ്പേ പരാതി നല്‍കിയിട്ടും പൊലീസ് അന്വേഷണത്തിന് തയ്യാറായില്ലെന്ന് കുടുംബം ആരോപിച്ചു.
ആശുപത്രിക്ക് സമീപമുള്ള 15 മീറ്ററോളം ഉയരമുള്ള മരത്തില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു വെള്ളിയാഴ്ച വിശ്വനാഥനെ കണ്ടെത്തിയത്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്
CONTENT HIGHLIGHT: Death of tribal youth in Kozhikode Medical College; Rahul Gandhi visits family members