സിദ്ധാര്‍ത്ഥന്റെ മരണം; അന്വേഷണം സി.ബി.ഐക്ക് കൈമാറി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി
Kerala News
സിദ്ധാര്‍ത്ഥന്റെ മരണം; അന്വേഷണം സി.ബി.ഐക്ക് കൈമാറി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 5th April 2024, 10:20 pm

തിരുവനന്തപുരം: സിദ്ധാര്‍ത്ഥന്റെ മരണം സി.ബി.ഐക്ക് കൈമാറി കേന്ദ്ര സര്‍ക്കാര്‍ ഉത്തകവിറക്കി. കൊലപാതകമോ, ആത്മഹത്യ പ്രേരണയോ, ഗൂഢാലോചനയോ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന് കേന്ദ്രത്തിന്റെ ഉത്തരവില്‍ പറയുന്നു.

സി.ബി.ഐ അന്വേഷണം വൈകിപ്പിക്കുന്നതായി ആരോപിച്ച് സിദ്ധാര്‍ത്ഥന്റെ അച്ഛന്‍ ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് കേന്ദ്രം വിഷയത്തില്‍ ഇടപെടുന്നത്. ഇതിന് മുന്നോടിയായി വിവര ശേഖരണത്തിനായി സി.ബി.ഐ സംഘം കേരളത്തില്‍ എത്തിയിരുന്നു.

കേസ് കൈമാറുന്നത് വൈകിപ്പിച്ചതില്‍ ആഭ്യന്തര സെക്രട്ടറി ഡി.ജി.പിയോട് വിശദീകരണം തേടിയിട്ടുണ്ട്. സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണത്തിനുള്ള വിജ്ഞാപനം സര്‍ക്കാര്‍ ഉടന്‍ പുറത്തിറക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

വിവര ശേഖരണത്തിന് ശേഷം സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. സി.ബി.ഐ അന്വേഷണം വൈകുന്നത് നീതിയെ ബാധിക്കുമെന്നും അന്വേഷണത്തിന് ഉത്തരവിടാന്‍ സര്‍ക്കാരിന് എന്ത് സാങ്കേതിക തടസമാണ് ഉള്ളതെന്നും കോടതി ചോദിച്ചിരുന്നു.

അതോടൊപ്പം കേസുമായി ബന്ധപ്പെട്ട ബാക്കി കാര്യങ്ങളില്‍ കൂടി സര്‍ക്കാരിന്റെ മേല്‍നോട്ടം വേണമെന്നും കോടതി വ്യക്തമാക്കി. കാലതാമസം ഉണ്ടായിട്ടില്ലെന്നും കേസ് പെട്ടന്ന് തന്നെ സി.ബി.ഐക്ക് കൈമാറിയെന്നുമാണ് സര്‍ക്കാര്‍ ഉന്നയിച്ച വാദം. എത്രയും പെട്ടന്ന് വിജ്ഞാപനം ഇറക്കി കേന്ദ്ര സര്‍ക്കാര്‍ ഹാജരാക്കണമെന്നാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടത്.

Content Highlight: Death of Sidharthan; central government issued order handing over the investigation to the CBI