സിദ്ധാര്‍ത്ഥന്റെ മരണം; സി.ബി.ഐ അന്വേഷണം വൈകിയതിന് ആഭ്യന്തര വകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍
Kerala
സിദ്ധാര്‍ത്ഥന്റെ മരണം; സി.ബി.ഐ അന്വേഷണം വൈകിയതിന് ആഭ്യന്തര വകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 26th March 2024, 7:49 pm

തിരുവനന്തപുരം: സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണത്തിനായുള്ള രേഖകള്‍ കൈമാറുന്നത് വൈകിപ്പിച്ചതില്‍ ഉദ്യോഗസ്ഥര്‍ക്കതിരെ നടപടി. ആഭ്യന്തര വകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തിൽ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നടപടി.

ആഭ്യന്തര വകുപ്പിലെ (എം) സെക്ഷനിലെ മൂന്ന് ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഡെപ്യൂട്ടറി സെക്രട്ടറി പ്രശാന്ത, ബിന്ദു, അഞ്ചു എന്നിങ്ങനെ മൂന്ന് പേരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സി.ബി.ഐക്ക് അന്വേഷണം കൈമാറിക്കൊണ്ട് മാര്‍ച്ച് ഒമ്പതിനാണ് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയത്.

അതിന് ശേഷം ആഭ്യന്തര വകുപ്പിലെ(എം) സെക്ഷനിലെ ഉദ്യോഗസ്ഥരാണ് വിജ്ഞാപനവും പ്രെഫോമ റിപ്പോര്‍ട്ടും കേന്ദ്രത്തിന് കൈമാറേണ്ടത്. കേന്ദ്രത്തിന് പ്രെഫോമ റിപ്പോർട്ട് കൈമാറാത്തതിനെ കുറിച്ച് താഴെ തട്ടിലുള്ള ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നില്ലെന്നാണ് ആഭ്യന്തര സെക്രട്ടറി പറഞ്ഞത്.

പിന്നാലെ മാധ്യമങ്ങളില്‍ ഇത് സംബന്ധിച്ച വാര്‍ത്തകള്‍ വന്നതോടെയാണ് സര്‍ക്കാര്‍ ഇതില്‍ വിശദീകരണം തേടിയത്. ഉദ്യോഗസ്ഥരുടെ വിശദീകരണം കേട്ടതിന് ശേഷമാണ് ഇവരെ സസ്‌പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശം നല്‍കിയത്. വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെ പ്രെഫോമ റിപ്പോര്‍ട്ട് കേന്ദ്രത്തിന് കൈമാറുകയും ചെയ്തു.

കേസ് സി.ബി.ഐക്ക് വിട്ടിട്ടും അന്വേഷണം മനഃപ്പൂര്‍വ്വം വൈകിക്കുകയാണെന്ന് ആരോപിച്ച് സിദ്ധാര്‍ത്ഥന്റെ അച്ഛന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് സസ്‌പെന്‍ഷനിലായ വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത നടപടി റദ്ദാക്കിയത്.

കേസ് സി.ബി.ഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് സിദ്ധാര്‍ത്ഥന്റെ അച്ഛന്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് മാര്‍ച്ച് ഒമ്പതിന് കേസ് സി.ബി.ഐക്ക് വിട്ട് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയത്. ഇത്തരം സാഹചര്യങ്ങളില്‍ പ്രെഫോമ റിപ്പോര്‍ട്ട് ഉടന്‍ തയ്യാറാക്കി ഒരു ഡി.വൈ.എസ്.പിയെ നിയോഗിച്ച് കേസ് ഉടന്‍ തന്നെ സി.ബി.ഐ ഡയറക്ടര്‍ക്ക് കൈമാറുകയാണ് പതിവ്. എന്നാല്‍ സിദ്ധാര്‍ത്ഥന്റെ കേസില്‍ ഒമ്പതിന് വിജ്ഞാപനം ഇറങ്ങിയിട്ടും മാര്‍ച്ച് 16നാണ് ഇത് കേന്ദ്രത്തിന് കൈമാറിയത്.

Content Highlight: death of siddharthan action against officials of home department 3 officers suspended