|

പൂക്കോട് സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥിന്റെ മരണം; പ്രതികളായ വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനത്തിന് അനുമതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയായിരുന്ന സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ നടപടി നേരിട്ട മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനത്തിനായി അനുമതി.

ഇവര്‍ക്ക് 2023 ബാച്ച് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം പഠനം തുടരാമെന്നാണ് നിര്‍ദേശം. വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റലില്‍ തിരിച്ച് കയറാനും അനുമതി നല്‍കി.

പഠനാനുമതി ലഭിച്ച മൂന്ന് വിദ്യാര്‍ത്ഥികളെയും നേരത്തെ കോളേജില്‍ നിന്ന് പുറത്താക്കിയിരുന്നു. ഒരു വര്‍ഷത്തേക്കാണ് ഇവരെ പുറത്താക്കിയത്. കാലാവധി പൂര്‍ത്തിയായതോടെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനാനുമതി നല്‍കുകയായിരുന്നു.

അതേസമയം സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ പ്രതിചേര്‍ക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കാണ് തുടര്‍ പഠനത്തിന് അനുമതി നല്‍കിയിരിക്കുന്നത്. നേരത്തെ മണ്ണുത്തി ക്യാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ക്ക് താത്കാലികമായി പഠനം തുടരാമെന്നാണ് സര്‍വകലാശാല അറിയിച്ചിരുന്നു. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു നടപടി. എന്നാല്‍ ആര്‍ക്കും തന്നെ ഹോസ്റ്റല്‍ സൗകര്യം അനുവദിച്ചിരുന്നില്ല.

ആന്റി റാഗിങ് കമ്മിറ്റി നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് കേസിലെ പ്രതികള്‍ പഠന വിലക്ക് നേരിട്ടത്. എന്നാല്‍ പിന്നീട് ഈ വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതിയില്‍ നിന്ന് ഇളവ് നേടുകയായിരുന്നു. പ്രതികളെ കേള്‍ക്കാതെയായിരുന്നു ആന്റി റാഗിങ് കമ്മിറ്റിയുടെ നടപടി.

അന്വേഷണം നടന്ന കാലയളവില്‍ പ്രതികള്‍ പൊലീസ് കസ്റ്റഡിയിലും ഒളിവിലും ആയിരുന്നു. മണ്ണുത്തി ക്യാമ്പസില്‍ പഠിക്കാന്‍ അനുമതി നല്‍കിയതിനെതിരായ ഹരജി നിലവില്‍ കോടതിയുടെ പരിഗണയിലുണ്ട്. പൂക്കോട് ക്യാമ്പസിലെ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കിയ നടപടിക്കെതിരെ വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിന് അനുമതി നല്‍കണമെന്ന് കോടതി ഉത്തരവിടുകയായിരുന്നു.

2024 ഫെബ്രുവരി 18നായിരുന്നു സിദ്ധാര്‍ത്ഥിനെ ഹോസ്റ്റലിലെ ശുചിമുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ കണ്ടെത്തിയ പരിക്കുകളില്‍ നിന്ന് സിദ്ധാര്‍ത്ഥ് ക്രൂരമായ മര്‍ദനത്തിന് ഇരയായെന്ന് വെളിപ്പെട്ടിരുന്നു. സര്‍വകലാശാല ക്യാമ്പസിന്റെ ഹോസ്റ്റല്‍ മുറിയിലും ഹോസ്റ്റലിന്റെ നടുമുറ്റത്തും വെച്ചാണ് സിദ്ധാര്‍ത്ഥ് മര്‍ദനത്തിനിരയായെതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

സിദ്ധാര്‍ത്ഥിന്റെ മരണത്തിന് പിന്നാലെ മുന്‍ വി.സി. എം.ആര്‍. ശശീന്ദ്രനാഥിനെ മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ സര്‍വകലാശാല അധികൃതരുടെ വീഴ്ചകള്‍ പരിശോധിക്കണമെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു.

തുടര്‍ന്ന് സിദ്ധാര്‍ത്ഥിന്റെ മരണം ഗുരുതര സംഭവമെന്ന് ഹൈക്കോടതിയും പ്രതികരിച്ചിരുന്നു. നിരവധി കുട്ടികളുടെ മുമ്പില്‍ വെച്ച് മനുഷ്വത്വരഹിതമായ ആക്രമണമാണ് സിദ്ധാര്‍ത്ഥ് നേരിട്ടതെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

Content Highlight: Death of Siddharth; Accused students are allowed to continue their studies