കൊച്ചി: റിമാന്‍ഡ് പ്രതി ഷഫീക്കിന്റെ മരണ കാരണം തലയ്‌ക്കേറ്റ ക്ഷതമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ആന്തരിക രക്തസ്രാവമാണ് മരണത്തിലേക്ക് നയിച്ചെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
ഷഫീക്കിന്റെ തലയുടെ മുന്‍ ഭാഗത്തായി ക്ഷതമേറ്റിട്ടുണ്ട്. ഇടതുകണ്ണിന് മുകളിലായാണ് മുറിവ്. അതേസമയം വീഴ്ചമൂലമാണോ മര്‍ദ്ദനം മൂലമാണോ പരിക്കുണ്ടായതെന്ന കാര്യത്തില്‍ വ്യക്തതയില്ല.
കാഞ്ഞിരപ്പള്ളി സ്വദേശിയായ ഷഫീക്കിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന കുടുംബത്തിന്റെ പരാതിയില്‍ ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രതിയെ റിമാന്‍ഡില്‍ പാര്‍പ്പിച്ചിരുന്ന ബോര്‍സ്റ്റില്‍ സ്‌കൂളിലും ജനറല്‍ ആശുപത്രിയിലുമെത്തി ഡി.ഐ.ജി സാം തങ്കച്ചന്റെ നേതൃത്വത്തില്‍ തെളിവെടുപ്പ് നടത്തി. ജയിലിലെ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചിട്ടുണ്ട്.
കോട്ടയം മെഡിക്കല്‍ കോളെജിലും അന്വേഷണ സംഘം തെളിവെടുപ്പ് നടത്തുന്നുണ്ട്. ഇതിന് ശേഷം കേസില്‍ ഡി.ജി.പിക്ക് റിപ്പോര്‍ട്ട് കൈമാറും.
അപസ്മാരവും ഛര്‍ദ്ദിയെയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രതി കഴിഞ്ഞ ദിവസമാണ് മരിച്ചത്. ഷഫീക്കിനെ ആശുപത്രിയിലെത്തിച്ചത് അതീവ ഗുരുതരമായ സാഹചര്യത്തിലാണെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. തലച്ചോറിനും തലയോട്ടിക്കും ഇടയിലുള്ള ആവരണത്തില്‍ രക്തം കട്ടപിടിച്ചതായി സി.ടി സ്‌കാന്‍ പരിശോധനയില്‍ കണ്ടെത്തിയതായും ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഉടന്‍ ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചെങ്കിലും ഇതിനിടെ മരണം സംഭവിക്കുകയായിരുന്നു.
തലയ്ക്ക് പിന്നില്‍ മുറിവുകള്‍ ഉണ്ടെന്നും ഇത് പൊലീസ് മര്‍ദ്ദനത്തില്‍ ഉണ്ടായതാണെന്നുമായിരുന്നു ബന്ധുക്കളുടെ ആരോപണം. ഏത് കേസിനാണെന്ന് പറയാതെയാണ് ഷഫീക്കിനെ പൊലീസ് കൊണ്ടു പോയതെന്ന് പ്രതിയുടെ അച്ഛന്‍ ഇസ്മായില്‍ പറഞ്ഞിരുന്നു. ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് കൊണ്ട് പോയത് വൈകിയാണ് താന്‍ അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക