മലപ്പുറം: മലപ്പുറം പുളിക്കല്‍ പഞ്ചായത്ത് ഓഫീസില്‍ വെച്ച് റസാഖ് പയമ്പ്രോട്ട് ജീവനൊടുക്കിയ സംഭവത്തില്‍ പരാതി നല്‍കി കുടുംബം. പങ്കാളി ഷീജയും അഭിഭാഷകനും മറ്റ് ബന്ധുക്കളും കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി.
മരണത്തിന് കാരണക്കാരായവരെ കുറിച്ചും സംഭവങ്ങളെക്കുറിച്ചും അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് പരാതിയില്‍ പറയുന്നു.
നിരന്തരം പരാതി നല്‍കിയിട്ടും ആരോഗ്യ പരിസ്ഥിതി പ്രശ്‌നങ്ങളുണ്ടാക്കുന്ന മാലിന്യ പ്ലാന്റിനെതിരെ നടപടി എടുത്തില്ല, പഞ്ചായത്തീരാജ് ആക്ട് ഫലപ്രദമായി വിനിയോഗിച്ചില്ല തുടങ്ങിയ കാര്യങ്ങളും പരാതിയില്‍ പറയുന്നുണ്ട്.
അതേസമയം റസാഖിന്റെ മരണസമയത്ത് കയ്യിലുണ്ടായിരുന്ന പരാതികള്‍ പൊലീസ് പെരിന്തല്‍മണ്ണ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മെയ് 26നാണ് സി.പി.ഐ.എം നേതാവും മോയിന്‍ കുട്ടി വൈദ്യര്‍ സ്മാരക സമിതി മുന്‍ സെക്രട്ടറിയുമായ റസാഖ് പയമ്പ്രോട്ടിനെ പരാതികളും രേഖകളും കഴുത്തില്‍ സഞ്ചിയിലാക്കി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഗ്രാമപഞ്ചായത്തുമായുള്ള തര്‍ക്കമാണ് മരണത്തിന് കാരണം.
വീടിനടുത്തായി പ്രവര്‍ത്തിക്കുന്ന പ്ലാസ്റ്റിക് സംസ്‌കരണ കേന്ദ്രത്തിനെതിരെ ഏറെക്കാലമായി റസാഖ് സമരത്തിലായിരുന്നു. വിഷയം പരിഹരിക്കാന്‍ നിരവധി തവണ പഞ്ചായത്തില്‍ പരാതി നല്‍കിയിട്ടും സാമൂഹ്യ മാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടിട്ടും പരിഹാരമുണ്ടായില്ല.
തുടര്‍ന്നാണ് ഈ പരാതികളും രേഖകളും കഴുത്തില്‍ സഞ്ചിയിലാക്കി തൂക്കിയിട്ട് ഇദ്ദേഹം ആത്മഹത്യ ചെയ്തത്. റസാഖ് പയമ്പ്രോട്ട് ഏതാനും മാസങ്ങളായി പുളിക്കല്‍ പഞ്ചായത്ത് ഭരണസമിതിയുമായി കടുത്ത ഭിന്നതയിലായിരുന്നു.
നേരത്തെ പുളിക്കല്‍ പഞ്ചായത്തിലേക്ക് സി.പി.ഐ.എം ടിക്കറ്റിലും അദ്ദേഹം മത്സരിച്ചിരുന്നു. തന്റെ വീടും പുരയിടവും ഇ.എം.എസ് അക്കാദമിക്ക് ഇഷ്ടദാനം നല്‍കിയിട്ടുമുണ്ട്.
content highlight: Death of Razak Payambrot; The family filed a complaint