| Friday, 10th January 2014, 1:10 am

നഴ്‌സിങ് വിദ്യാര്‍ത്ഥിനിയുടെ മരണം: മിംസിനെതിരായ പരാതിയില്‍ ഉറച്ചു നില്‍ക്കുമെന്ന് പിതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]കോഴിക്കോട്: ചികിത്സാ പിഴവുകള്‍ മൂലം മരിച്ച നഴ്‌സിങ് വിദ്യാര്‍ത്ഥിനിയുടെ മാതാപിതാക്കള്‍ പരാതിയുമായി രംഗത്ത്. കോഴിക്കോട് മിംസ് ആശുപത്രിക്കെതിരായാണ് ഇവര്‍ പരാതിനല്‍കിയിരിക്കുന്നത്.

തങ്ങള്‍ നല്‍കിയ പരാതിയില്‍ നിന്ന് പിന്മാറില്ലെന്ന് മരിച്ച ഡോണ തെരേസയുടെ പിതാവ് ബാബു പറഞ്ഞു.

2013 ജനുവരി 19നാണ് മിംസില്‍ രണ്ടാം വര്‍ഷ എം.എസ്.സി നഴ്‌സിങ് വിദ്യാര്‍ത്ഥിനിയായിരുന്ന ഡോണ തെരേസ എന്ന 24കാരി മരിച്ചത്.

മിംസില്‍ ചികിത്സയിലായിരുന്ന ഡോണയ്ക്ക് ന്യൂറോ സര്‍ക്കോസിസ് എന്ന അസുഖമാണ് എന്നായിരുന്നു ആദ്യം ലഭിച്ച ചികിത്സാ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.

എന്നാല്‍ പിന്നീട് വിശദമായ പരിശോധനയില്‍ മെനിഞ്ചൈറ്റിസ് ആണെന്ന് കണ്ടെത്തുകയായിരുന്നു.

ആദ്യത്തെ ചികിത്സാ റിപ്പോര്‍ട്ടിനായി മിംസില്‍ ഒരു മാസം എടുത്തുവെന്നും ഇതാണ് പിന്നീട് തുടര്‍ ചികിത്സ വൈകി ഡോണയെ മരണത്തിലെത്തിയ്ക്കാന്‍ കാരണമായതെന്നും ബാബു പറയുന്നു.

മകളുടെ മരണത്തിന്റെ ഞെട്ടലില്‍ നിന്നു മുക്തരാവാന്‍ കഴിഞ്ഞ ഒരു വര്‍ഷം വേണ്ടി വന്നു. അതിനാലാണ് പരാതി നല്‍കാന്‍ വൈകിയത്. ഇപ്പോള്‍ കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷ്ണര്‍ക്കാണ് പരാതി നല്‍കിയിരിയ്ക്കുന്നത്.

മിംസ് പോലുള്ള വലിയ ഒരു സ്ഥാപനത്തിനെതിരെ പരാതി നല്‍കുമ്പോള്‍ നേരിടാന്‍ സാധ്യതയുള്ള പ്രശ്‌നങ്ങളെ കുറിച്ചെല്ലാം നല്ല രീതിയില്‍ അറിവുണ്ട്. എന്നാല്‍ ഇത്തരമൊരു അവസ്ഥ ഇനിയൊരു കുടുംബത്തിനും ഉണ്ടാവരുത്.

ഒരു സാധാരണക്കാരന് താങ്ങാനാവാത്ത ദുരന്തമാണ് താന്‍ അനുഭവിച്ചത്. അതിനാല്‍ തന്നെ പരാതിയുമായി മുന്നോട്ടു പോവാന്‍ തന്നെയാണ് തീരുമാനം.

സംഭവത്തിന്റെ വിശദാംശങ്ങള്‍ മാധ്യമങ്ങളെ അറിയിയ്ക്കാനായി കോഴിക്കോട് പ്രസ് ക്ലബ്ബില്‍ വാര്‍ത്താ സമ്മേളനം നടത്താന്‍ തീരുമാനിച്ചെങ്കിലും അതുകൊണ്ട് കാര്യമില്ലെന്നും ഒരു പത്രവും വാര്‍ത്ത നല്‍കുകയില്ലെന്നും പ്രസ് ക്ലബ്ബില്‍ നിന്ന് തന്നെ അറിയാന്‍ കഴിഞ്ഞു.

പിന്നീട് വിവരങ്ങള്‍ അന്വേഷിച്ചു വന്ന മാധ്യമപ്രവര്‍ത്തകര്‍ക്കു വേണ്ടി കാര്യങ്ങള്‍ വിശദീകരിയ്ക്കുകയായിരുന്നു. മകള്‍ക്ക് അപകടം സംഭവിച്ചപ്പോള്‍ തന്നെ ആശുപത്രിയിലെ ക്വാളിറ്റി ഡിപാര്‍ട്‌മെന്റില്‍ പരാതിനല്‍കിയിരുന്നു.

എന്നാല്‍ അനുശോചനമറിയിയ്ക്കാന്‍ ആശുപത്രി അധികൃതര്‍ എത്തി എന്നതല്ലാതെ പിന്നീട് പരാതിയുമായി ബന്ധപ്പെട്ട് ഒരു തരത്തിലുമുള്ള അന്വേഷണവും നടന്നില്ല- ബാബു പറഞ്ഞു.

കക്കയം സ്വദേശിയായ ബാബുവിന്റേയും ജാന്‍സി ജോസഫിന്റേയും മൂന്നു മക്കളില്‍ മൂത്തയാളാണ് ഡോണ. പഠിയ്ക്കാന്‍ മിടുക്കിയായിരുന്ന ഡോണയ്ക്ക് എസ്.എസ്.എല്‍.സി മുതല്‍ എല്ലാ ക്ലാസിലും ഡിസ്റ്റിങ്ഷന്‍ ഉണ്ടായിരുന്നു.

ബാംഗഌരില്‍ നിന്ന് ഡിഗ്രി പൂര്‍ത്തിയാക്കിയതിനു ശേഷം മിംസില്‍ എം.എസ്.സിയ്ക്ക് ചേരുകയായിരുന്നു ഡോണ. എം.എസ്.സി രണ്ടാം വര്‍ഷത്തിലേയ്ക്ക് കടന്നു കഴിഞ്ഞപ്പോഴാണ് ഡോണയ്ക്ക് അസുഖം ബാധിച്ചത്.

മിംസില്‍ തന്നെ പ്രവേശിപ്പിയ്ക്കുകയായിരുന്നു. അവിടെ ചികിത്സയിലായിരിക്കുമ്പോഴും രോഗം കൂടി വന്നു. തുടര്‍ന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

തുടര്‍ന്നാണ് രോഗത്തെ കുറിച്ച് വിശദമായി മനസിലാവുന്നത്. അതു വരെയും മിംസില്‍ നിന്ന് നല്‍കിയിരുന്നത് തെറ്റായ മരുന്നായിരുന്നുവെന്നും ഈ മരുന്നിന്റെ അമിത ഉപയോഗം മൂലമാണ് ഡോണ മരിച്ചതെന്നും മാതാപിതാക്കള്‍ അസിസ്റ്റന്റ് കമ്മീഷര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

Latest Stories

We use cookies to give you the best possible experience. Learn more