തീപിടിത്തത്തില്‍ നവജാത ശിശുക്കള്‍ മരിച്ച സംഭവം; അപകടത്തില്‍ ഗൂഢാലോചനയില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്
national news
തീപിടിത്തത്തില്‍ നവജാത ശിശുക്കള്‍ മരിച്ച സംഭവം; അപകടത്തില്‍ ഗൂഢാലോചനയില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 17th November 2024, 5:12 pm

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ മെഡിക്കല്‍ കോളേജിലുണ്ടായ തീപിടുത്തത്തില്‍ 11 നവജാത ശിശുക്കള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഗൂഢാലോചനയില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. സ്വിച്ച് ബോര്‍ഡില്‍ നിന്നുണ്ടായ തീപ്പൊരിയെത്തുടര്‍ന്നാണ് അഗ്നിബാധയുണ്ടായതെന്നാണ് രണ്ടംഗ അന്വേഷണ സമിതിയുടെ പ്രഥമിക റിപ്പോര്‍ട്ടില്‍ പറയുന്നത്.

അതേസമയം അപകടത്തില്‍ മരണപ്പെട്ട കുഞ്ഞുങ്ങളുടെ എണ്ണം 11 ആയി ഉയര്‍ന്നു. ഇന്ന് രാവിലെ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ഒരു കുഞ്ഞ് കൂടി മരണപ്പെട്ടെങ്കിലും തീപ്പിടുത്തമല്ല മരണകാരണമെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം. വളര്‍ച്ചയെത്താതയാണ് കുഞ്ഞ് ജനിച്ചതെന്നും അതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

സ്വിച്ച് ബോര്‍ഡില്‍ നിന്നുള്ള തീപ്പൊരി മറ്റ് മെഡിക്കല്‍ ഉപകരണങ്ങള്‍ പൊതിഞ്ഞ് സുക്ഷിച്ചിരുന്ന പ്ലാസ്റ്റിക് കവറുകളിലേക്ക് പടര്‍ന്നതാണ് അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചതെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. അപകടസമയത്ത് എന്‍.ഐ.സി.യുവില്‍ ആറ് നഴ്‌സുമാരും സ്റ്റാഫ് അംഗങ്ങളും രണ്ട് വനിതാ ഡോക്ടര്‍മാരും ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഝാന്‍സി കമ്മീഷണറായിട്ടുള്ള വിഭുല്‍ ദുബേയും ഡി.ഐ.ജി കലാമിധി നൈതാനിയും ചേര്‍ന്നാണ് അന്വേഷണം നടത്തിയത്. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന നഴ്‌സുമാര്‍ തീപ്പിടുത്തമുണ്ടായപ്പോള്‍ തീയണക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ക്ക് പരിക്കേറ്റപ്പോള്‍ രക്ഷാശ്രമത്തില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗൂഢാലോചന ആരോപണത്തെ സാധൂകരിക്കുന്ന തെളിവുകളൊന്നും അന്വേഷണത്തില്‍ ലഭിച്ചില്ലെന്നും അതിനാല്‍ ആ സാധ്യതകളെല്ലാം തള്ളുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വെള്ളിയാഴ്ച (15/11/24) രാത്രി 10.35 ഓടെ ഝാന്‍സിയിലെ മഹാറാണി ലക്ഷ്മിഭായി മെഡിക്കല്‍ കോളേജിലുണ്ടായ തീപിടിത്തത്തില്‍ പത്ത് നവജാത ശിശുക്കള്‍ മരിക്കുകയും 17 പേര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് മനുഷ്യാവകാശ കമ്മീഷന്‍ യോഗി സര്‍ക്കാരിന് കത്തയക്കുകയായിരുന്നു. ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ് ഉണ്ടായതെന്ന് കത്തില്‍ കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

അപകടത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാരും ആരോഗ്യ വകുപ്പും എന്ത് നടപടി സ്വീകരിച്ചുവെന്നും കമ്മീഷന്‍ കത്തില്‍ ചോദിച്ചു. പരിക്കേറ്റവര്‍ക്കുള്ള നഷ്ടപരിഹാരം അടക്കമുള്ള വിഷയങ്ങളില്‍ ഒരാഴ്ചക്കകം വിശദീകരണം നല്‍കണമെന്നും കമ്മീഷന്‍ അറിയിച്ചു.

തീപിടുത്തം ഉണ്ടായ സമയത്ത് 47 കുട്ടികളെ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതില്‍ 10 കുട്ടികള്‍ മരിക്കുകയും 37 കുട്ടികളെ രക്ഷപ്പെടുത്തുകയുമായിരുന്നു. അപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഝാന്‍സി ഡിവിഷണല്‍ കമ്മീഷണര്‍ക്കും ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പൊലീസിനും നിര്‍ദേശം നല്‍കുകയായിരുന്നു.

12 മണിക്കൂറിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു യോഗിയുടെ ഉത്തരവ്. കൂടാതെ അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Content Highlight: Death of newborn babies in fire at U.P; Investigation report says there is no conspiracy in the accident