ആലപ്പുഴ: എ.ആര്‍. ക്യാമ്പ് പൊലീസ് ക്വാര്‍ട്ടേഴ്സില്‍ മക്കളെ കൊലപ്പെടുത്തി യുവതി ആത്മഹത്യ ചെയ്ത സംഭവം പൊലീസുകാരനായ ഭര്‍ത്താവ് തത്സമയം കണ്ടിരിക്കാമെന്ന് നിഗമനം.
രണ്ട് മക്കളെ കൊലപ്പെടുത്തി ഭാര്യ ആത്മഹത്യ ചെയ്തത് ഭര്‍ത്താവായിരുന്ന റെനീസ് ഒളിക്യാമറയിലൂടെ കണ്ടിരിക്കാമെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. ഭാര്യ അറിയാതെ ക്വാര്‍ട്ടേഴ്‌സിനുള്ളില്‍ സ്ഥാപിച്ചിരുന്ന ക്ലോസ്ഡ് സര്‍ക്യൂട്ട് സി.സി.ടി.വി ക്യാമറ റെനീസിന്റെ മൊബൈല്‍ ഫോണുമായി ബന്ധിപ്പിച്ചിരുന്നുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പൊലീസ് ഈ നിഗമനത്തിലെത്തിച്ചേര്‍ന്നത്.
ഈ ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ പൊലീസ് തൃപ്പൂണിത്തുറയിലെ ഫോറന്‍സിക് ലാബിന്റെ സഹായം തേടിയിട്ടുണ്ട്. ഫോറന്‍സിക് ഫലങ്ങള്‍ ലഭിച്ച ശേഷം ഈ മാസം അവസാനത്തോടെ കേസിന്റെ കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
നിലവില്‍ കേസിലെ പ്രതികളായ റെനീസും ഷഹനയും റിമാന്‍ഡിലാണ്.
കേസന്വേഷണം നടക്കുന്നതിനിടെയാണ് നജ്ലയുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ റെനീസ് ക്വാര്‍ട്ടേഴ്‌സില്‍ രഹസ്യമായി സി.സി.ടി.വി ക്യാമറ സ്ഥാപിച്ചതായി പൊലീസ് കണ്ടെത്തിയത്. ക്വാര്‍ട്ടേഴ്‌സിന്റെ ഹാളില്‍ സ്ഥാപിച്ച ക്യാമറയില്‍ പതിയുന്ന ദൃശ്യങ്ങള്‍ റെനീസിന്റെ മൊബൈല്‍ഫോണില്‍ ലഭിക്കുംവിധമായിരുന്നു സജ്ജീകരിച്ചിരുന്നത്.
ഇക്കഴിഞ്ഞ മേയ് പത്തിനായിരുന്നു റെനീസിന്റെ ഭാര്യ നജ്ല (27), മകന്‍ എല്‍.കെ.ജി വിദ്യാര്‍ത്ഥി ടിപ്പുസുല്‍ത്താന്‍ (അഞ്ച്), മകള്‍ മലാല (ഒന്നേകാല്‍ വയസ്) എന്നിവര്‍ മരിച്ചത്. മലാലയെ വെള്ളത്തില്‍ മുക്കിക്കൊല്ലുകയും, ടിപ്പു സുല്‍ത്താനെ തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും ചെയ്ത ശേഷം നജ്‌ല ആത്മഹത്യ ചെയ്യുകയായിരുന്നു. നജ്ലയെ ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.
ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലെ പൊലീസ് ഔട്ട്പോസ്റ്റില്‍ ജോലി ചെയ്യുന്ന വട്ടപ്പള്ളി സ്വദേശിയും സിവില്‍ പൊലീസ് ഓഫീസറുമാണ് റെനീസ്.
രാത്രി പത്ത് മണിക്ക് ശേഷമാണ് നജ്‌ല ആത്മഹത്യ ചെയ്തത്. ഈ സമയത്ത് നൈറ്റ് ഷിഫ്റ്റില്‍ ജോലിയിലായിരുന്നു റെനീസ്.
സംഭവത്തിന് പിന്നാലെ നിര്‍ണായക വെളിപ്പെടുത്തലുമായി നജ്ലയുടെ സഹോദരി നഫ്ല രംഗത്തെത്തിയിരുന്നു. നജ്ലയുടെയും മക്കളുടെയും മരണത്തിനുത്തരവാദി റെനീസാണെന്നായിരുന്നു ഒരു സ്വകാര്യ ചാനലിന് നല്‍കിയ പ്രതികരണത്തില്‍ അവര്‍ പറഞ്ഞത്.
സഹോദരിയെ റെനീസ് മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നു, ബന്ധുക്കളുമായി സംസാരിക്കാന്‍ അനുവദിച്ചിരുന്നില്ല, റെനീസിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു, വാട്‌സാപ്പ് ചാറ്റുകളുടെ പേരില്‍ റെനീസും നജ്ലയും വഴക്കിട്ടിരുന്നു എന്നിങ്ങനെയായിരുന്നു നഫ്ലയുടെ വെളിപ്പെടുത്തല്‍.
നേരത്തെ, ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസില്‍ വെച്ച് റെനീസിന്റെ ബന്ധുക്കള്‍ ഇടപെട്ട് പ്രശ്നം ഒത്തുതീര്‍പ്പാക്കിയിരുന്നു. എന്നാല്‍ ഇതിനുശേഷവും നജ്ലയെ ഉപദ്രവിക്കുന്നത് റെനീസ് തുടരുകയായിരുന്നു.
Content Highlight: Death of mother and daughters in Alappuzha, policeman husband might seen the death through cctv camera