| Tuesday, 28th February 2023, 10:57 am

മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ ജാതിപരം; ആരോപണവുമായി സാമൂഹ്യ പ്രവര്‍ത്തകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: സീനിയര്‍ വിദ്യാര്‍ത്ഥിയില്‍ നിന്നും റാഗിങ്ങിനെതുടര്‍ന്ന് ആത്മഹത്യ ചെയ്ത മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ മരണം ജാതിപരമെന്ന ആരോപണവുമായി ആക്ടിവിസ്റ്റുകള്‍. തെലങ്കാന വാറങ്കല്‍ കകാതിയ മെഡിക്കല്‍ കോളേജിലെ അനസ്‌തേഷ്യ വിഭാഗം പി.ജി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു പ്രീതി ധാരാവത്. കോളേജിലെ സീനിയര്‍ വിദ്യാര്‍ത്ഥിയായ മുഹമ്മദ് അബ്ദുള്‍ സൈഫ് അലിയില്‍ നിന്നും റാഗിങ്ങുണ്ടായതാണ് ആത്മഹത്യക്ക് കാരണമെന്നാണ് പൊലീസിന്റെ നിഗമനം.

എന്നാല്‍ പ്രീതിയുടെ മരണം കേവലം റാഗിങ്ങ് മൂലമുള്ളതല്ലെന്നും മറിച്ച് ജാതിപരമാണെന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.

പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ലംബാട വിഭാഗക്കാരിയായിരുന്നു പ്രീതി. മെഡിക്കല്‍ മേഖലയില്‍ സീനിയര്‍ ജൂനിയര്‍ ആധിപത്യം കൂടുതലാണെന്നും, മറ്റ് പഠനമേഖലകളെക്കാള്‍ മെഡിക്കല്‍ മേഖല ജാതി വിവേചനത്തില്‍ വേരൂന്നിയതാണെന്നും ലംബാടി ഐക്യ വേദിക സംസ്ഥാന പ്രസിഡന്റ് ഡോ. രാജ് കുമാറിനെ ഉദ്ധരിച്ച് ദി ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

‘മെഡിക്കല്‍ മേഖലയില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് മേലുള്ള സീനിയര്‍ ആധിപത്യം കൂടുതലാണ്. എഞ്ചിനീയറിങ് മേഖലയിലും ഇതുണ്ടെങ്കിലും കാലക്രമേണ മാറും. പക്ഷേ മെഡിക്കല്‍ മേഖല അങ്ങനെയല്ല. 10 വര്‍ഷത്തോളമൊക്കെ സീനിയര്‍ വിദ്യാര്‍ത്ഥികളെ ‘സര്‍’ എന്ന് വരെ വിളിക്കേണ്ടി വരും. സീനിയറിനെ അനുസരിക്കാതിരിക്കാന്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുവാദമില്ല.

ജോലിയിലും, പഠനത്തിലും, ഓപ്പറേഷന്‍ തിയേറ്റര്‍ നിയമനത്തിലും, വാര്‍ഡിലും അങ്ങനെ എല്ലാ നിയമനങ്ങളിലും ജാതി തിരിച്ചുള്ള ക്രമീകരണങ്ങള്‍ നടക്കാറുണ്ട്. ഇത്തരം വിവേചനങ്ങള്‍ ഇനിയും ഉണ്ടായിക്കൂട. പ്രീതി ജാതിവിവേചനത്തിന്റെ അവസാന ഇരയായിരിക്കണം. സംസ്ഥാന സര്‍ക്കാരും ദേശീയ മെഡിക്കല്‍ കൗണ്‍സിലും വിഷയത്തില്‍ ഇടപെട്ട് കൃത്യമായ നിയമങ്ങള്‍ ഇതിനെതിരെ കൊണ്ടുവരണം,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രീതിയെ ചികിത്സിച്ച എന്‍.ഐ.എം.എസ് ആശുപത്രിക്ക് മുമ്പില്‍ പട്ടികവര്‍ഗ വിഭാഗത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ഗിരിജന ശക്തി പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയിരുന്നു.

പ്രീതിയുടെ മൊബൈലില്‍ നിന്നും ലഭിച്ച വാട്‌സ്ആപ്പ് മെസേജുകളില്‍ നിന്ന് കോളേജില്‍ പ്രീതി നേരിട്ട വിവേചനം വ്യക്തമാണെന്നും, പ്രതി ചേര്‍ക്കപ്പെട്ട സൈഫ് എന്ന വിദ്യാര്‍ത്ഥി റിസര്‍വേഷനില്‍ വന്നതിനാല്‍ പ്രീതിയുമായി സഹകരിക്കരുതെന്ന് മറ്റു വിദ്യാര്‍ത്ഥികളെ വിലക്കിയതായും ഗിരിജന ശക്തി പ്രസിഡന്റ് ശരത് നായിക് പറയുന്നു.

അതേസമയം സൈഫിനെതിരെ പട്ടികജാതി/പട്ടികവര്‍ഗ നിയമപ്രകാരം കേസെടുത്തതായി വാറങ്കല്‍ പൊലീസ് അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

കോളേജില്‍ സീനിയര്‍ വിദ്യാര്‍ത്ഥി മകളെ മാനസികമായി പീഢിപ്പുക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രീതിയുടെ പിതാവ് നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സൈഫ് നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്.

Content Highlight: Death of medical student preethi is caste based says activists

We use cookies to give you the best possible experience. Learn more