ഖരക്പൂർ: മലയാളി വിദ്യാർത്ഥിനിയെ പശ്ചിമ ബംഗാളിലെ ഖരക്പൂർ ഐ.ഐ.ടിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ ഹരിപ്പാട് സ്വദേശിനി ദേവിക പിള്ള (21 ) എന്ന വിദ്യാർത്ഥിനിയെയാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ബയോ സയൻസ് ആൻഡ് ബയോ ടെക്നോളജി മൂന്നാം വർഷ വിദ്യാർത്ഥിനിയാണ് ദേവിക.
സ്ഥാപനത്തിലെ സരോജിനിനായിഡു ഇന്ദിരാഗാന്ധി ഹാൾ പരിസരത്ത് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നെന്ന് ഐ.ഐ.ടി ഖരക്പൂർ അറിയിച്ചു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്. അന്വേഷണത്തോട് സ്ഥാപന അധികാരികൾ പൂർണമായും സഹകരിക്കുമെന്നും ഐ.ഐ.ടി ഖരക്പൂർ പറഞ്ഞു.
8 .37 സി.ജി.പി.എ ഉള്ള, പഠനത്തിൽ മികച്ച വിദ്യാർത്ഥിനിയായിരുന്നു ദേവിക എന്ന് അധ്യാപകർ പറഞ്ഞു. നിലവിൽ ബയോ സയൻസ് ആൻഡ് ബയോ ടെക്നോളജി വിഭാഗത്തിലെ പ്രൊഫസറുടെ കീഴിൽ സമ്മർ ഇന്റേൺഷിപ് ചെയ്യുകയായിരുന്നു ദേവിക.
വിദ്യാർത്ഥിനിയുടെ ബന്ധുക്കൾ ഖരക്പൂരിലെത്തി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയിട്ടുണ്ട്. ഇന്ന് വൈകുന്നേരം മൃതദേഹം സംസ്കരിക്കും. അന്വേഷണം പൂർത്തിയായയെങ്കിൽ മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളു എന്നാണ് പൊലീസ് പറയുന്നത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം ഉണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആത്മഹത്യ ചെയ്യാൻ തക്കതായ പ്രശ്നങ്ങൾ ഒന്നും ദേവികക്ക് ഇല്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.
2023ൽ പാർലമെന്റിൽ അവതരിപ്പിച്ച കണക്ക് പ്രകാരം 2018 മുതൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളുടെ ആത്മഹത്യ നടക്കുന്നത് ഐ.ഐ.ടികളിലാണ്.2018 മുതൽ വിവിധ ഐ.ഐ.ടി കളിൽനിന്നായി 33 വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തിരുന്നെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്.
Content Highlight: death of malayali student in gharakpoor iit