| Wednesday, 17th July 2024, 7:35 pm

ജോയിയുടെ മരണം; റെയില്‍വേക്ക് നോട്ടീസ് അയച്ച് മനുഷ്യാവകാശ കമ്മീഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആമയിഴഞ്ചാന്‍ തോടില്‍ ഒഴുക്കില്‍ പെട്ട് ശുചീകരണ തൊഴിലാളിയായ ജോയി മരിച്ച സംഭവത്തില്‍ റെയില്‍വേക്ക് നോട്ടീസ് അയച്ച് മനുഷ്യാവകാശ കമ്മീഷന്‍. റെയില്‍വേയുടെ ഡിവിഷനല്‍ മാനേജര്‍ ഏഴുദിവസത്തിനകം മറുപടി നല്‍കണമെന്നാണ് നോട്ടീസില്‍ പറയുന്നത്.

ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടെയായിരുന്നു ജോയി ശനിയാഴ്ച അപകടത്തില്‍ പെട്ടത്. തുടര്‍ന്ന് ഫയര്‍ ഫോഴ്‌സിന്റെ സ്‌കൂബ ഡൈവിങ് സംഘവും എന്‍.ഡി.ആര്‍.എഫും മാലിന്യം തിങ്ങി നിറഞ്ഞ തോടില്‍ വലിയ തിരച്ചില്‍ നടത്തിയെങ്കിലും മൂന്ന് ദിവസങ്ങൾക്ക് ശേഷം തിങ്കളാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്താന്‍ സാധിച്ചത്.

നേരത്തെ മനുഷ്യാവകാശ കമ്മീഷൻ സംഭവത്തിൽ സ്വമേധയാ കേസെടുത്തിരുന്നു. കലക്ടറും നഗരസഭാ സെക്രട്ടറിയും ഒരാഴ്ച്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അറിയിച്ചിരുന്നു.

കഴിഞ്ഞ ദിവസം ഹൈക്കോടതിയും വിഷയത്തിൽ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ റെയിൽവേക്ക് നോട്ടീസ് അയച്ചത്.

തോട് നിലനിൽക്കുന്ന ഭാ​ഗവും ജോയി ഒഴുകിയെത്തിയ തുരങ്കവുമെല്ലാം റെയിൽവേയുടെ ഉടമസ്ഥതയിലുള്ള സ്ഥലമാണ്. അതിനാൽ തോട് വൃത്തിയാക്കേണ്ട ഉത്തരവാദിത്തം റെയിൽവേക്കായിരുന്നു. എന്നാൽ വർഷങ്ങളായി കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ നീക്കാൻ യാതൊരു നടപടിയും ഉണ്ടായിരുന്നില്ല.

തോടിൽ മാലിന്യങ്ങള്‍ കെട്ടിക്കിടന്നത് രക്ഷാ പ്രവർത്തനത്തെ കാര്യമായി ബാധിക്കുകയും ചെയ്തിരുന്നു.

Content Highlight: Death of Joey; Human Rights Commission sends notice to Railway

We use cookies to give you the best possible experience. Learn more