ജാദവ്പുര്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയുടെ മരണം; രണ്ട് പേര്‍ കൂടി അറസ്റ്റില്‍
കൊല്‍ക്കത്ത: ജാദവ്പുര്‍ സര്‍വകലാശാലയില്‍ റാഗിങ്ങിന് ഇരയായി വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ സ്വപ്നദിപ് കുണ്ടുവിന്റെ മരണത്തില്‍ രണ്ടാം വര്‍ഷ ഇക്കണോമിക്സ് വിദ്യാര്‍ത്ഥി ദീപ്ശേഖര്‍ ദത്ത, രണ്ടാം വര്‍ഷ സോഷ്യോളജി വിദ്യാര്‍ത്ഥി മനോതോഷ് ഘോഷ് എന്നിവരെയാണ് കൊല്‍ക്കത്ത പോലീസ് അറസ്റ്റ് ചെയ്തത്.
നേരത്തെ സംഭവത്തില്‍ സര്‍വകലാശാലയിലെ മുന്‍ വിദ്യാര്‍ത്ഥി സൗരഭ് ചൗധരിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ഓഗസ്റ്റ് 22 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. 2022ല്‍ ഗണിതശാസ്ത്രത്തില്‍ എം.എസ്.സി പൂര്‍ത്തിയാക്കിയ ചൗധരി അനധികൃതമായി ഹോസ്റ്റലില്‍ താമസിക്കുകയായിരുന്നു.
അതേസമയം വിദ്യാര്‍ത്ഥി ക്രൂരമായ റാഗിങ്ങിന് ഇരയായതായി പ്രാഥമിക അന്വേഷണത്തില്‍ മനസിലായെന്നും ലൈംഗിക പീഡനം നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു.
വിദ്യാര്‍ത്ഥികള്‍ പലപ്പോഴും അശ്ലീല പരാമര്‍ശങ്ങള്‍ നേരിടേണ്ടിവരുന്നുവെന്നും റാഗിങ്ങിനിടെ വസ്ത്രം വലിച്ചൂരുന്നത് പോലുള്ള ലൈംഗിക പ്രവര്‍ത്തികള്‍ ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നുവെന്നും ചില സാമൂഹ്യ മാധ്യമ പോസ്റ്റുകള്‍ സൂചിപ്പിക്കുന്നു. ഈ കോണുകളെല്ലാം പരിശോധിച്ചു വരികയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
ബുധനാഴ്ച രാത്രി 11:45ഓടെയാണ് കുണ്ടുവിനെ സര്‍വകലാശാലയിലെ പ്രധാന ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍ നിന്ന് വീണു കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വ്യാഴാഴ്ച വൈകുന്നേരത്തോടെ മരിക്കുകയായിരുന്നു.
മരിക്കുന്നതിന്റെ തലേന്ന് സ്വപ്‌നദിപ് അമ്മയെ വിളിച്ച് പേടിയാകുന്നുവെന്ന് പറഞ്ഞതായി സ്വപ്‌നദിപിന്റെ ബന്ധു വ്യക്തമാക്കി.
‘ബുധനാഴ്ച വൈകുന്നേരം സ്വപ്നദിപ് അമ്മയോട് ഫോണില്‍ സംസാരിക്കുമ്പോള്‍ തനിക്ക് സുഖമില്ലെന്നും പേടിയുണ്ടെന്നും പറഞ്ഞിരുന്നു. എന്താണ് സംഭവിച്ചതെന്ന് ചോദിച്ച അമ്മ പെട്ടെന്ന് തന്നെ തിരികെ വരാന്‍ ആവശ്യപ്പെട്ടു.
എന്നാല്‍ പിന്നീട് അവര്‍ അവനെ തിരികെ വിളിച്ചപ്പോള്‍ കോളുകള്‍ എടുക്കുന്നുണ്ടായിരുന്നില്ല. ഏകദേശം ഒരു മണിക്കൂറിന് ശേഷം, മകന്‍ കെട്ടിടത്തില്‍ നിന്ന് വീണത് അറിയിച്ച് അവന്റെ മാതാപിതാക്കള്‍ക്ക് ഒരു ഫോണ്‍ കോള്‍ വരികയായിരുന്നു.
ഞങ്ങള്‍ പോയപ്പോള്‍ ശരീരം പൂര്‍ണ്ണമായും മറച്ച അവസ്ഥയിലായിരുന്നു. അവന്റെ ശരീരത്തിലെ മുറിവുകള്‍ സൂചിപ്പിക്കുന്ന ഒരു കടലാസ് ഡോക്ടര്‍ എനിക്ക് കാണിച്ച് തന്നു. ഇത് റാഗിംഗ് അല്ലെങ്കില്‍ എങ്ങനെയാണ് മുറിവുകള്‍ വന്നത്,’ സ്വപ്‌നദിപ് കുണ്ടുവിന്റെ ബന്ധു അരൂപ് കുണ്ടു ചോദിച്ചു.
തന്റെ മകന്റെ മരണത്തിന് ഹോസ്റ്റല്‍ ജീവനക്കാരില്‍ ചിലരും ഉത്തരവാദികളാണെന്ന് ആരോപിച്ച് സ്വപ്നദിപിന്റെ പിതാവ് രാംപ്രസാദ് കുണ്ടു പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
content highlights: Death of Jadavpur University student; Two more people were arrested