തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ഗോപന്‍ സ്വാമിയുടെ മരണത്തില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ഗോപന്റെ തലയിലും ചെവിക്ക് പിന്നിലും ചതവുള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാൽ ഗോപന്റെ ശരീരത്തില്‍ ആഴത്തിലുള്ള മുറിവുകളോ ക്ഷതങ്ങളോ ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം മരണകാരണം വ്യക്തമാകണമെങ്കില്‍ ആന്തരികാവയവങ്ങളുടെ റിപ്പോര്‍ട്ട് ലഭിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
വയറിനുള്ളില്‍ നടത്തിയ പരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കാണുന്നില്ലെന്നും ആന്തരികാവയവങ്ങള്‍ ജീര്‍ണിച്ച ആവസ്ഥയിലായിരുന്നെന്നും ഫോറന്‍സിക് ഡോക്ടര്‍മാര്‍ പറയുന്നു.
ആന്തരിക അവയവങ്ങളുടെ പരിശോധന റിപ്പോര്‍ട്ട് ഉടന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ ഫോറന്‍സിക് ലാബിലേക്ക് കത്തയച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് കൂടി ലഭ്യമായാല്‍ മാത്രമേ ഗോപന്‍ സ്വാമിയുടെ മരണകാരണം വ്യക്തമാകുകയുള്ളുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ജനുവരി 11 ( വെള്ളിയാഴ്ച)നാണ് നെയ്യാറ്റിന്‍കര സ്വദേശിയായ ഗോപന്‍ സ്വാമി സമാധിയായെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ വീടിന് മുമ്പില്‍ ഒരു പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. പോസ്റ്റര്‍ പതിച്ചപ്പോഴാണ് മരണവിവരം അയല്‍വാസികളടക്കം അറിഞ്ഞത്.
തുടര്‍ന്ന് മരണത്തില്‍ ദുരൂഹത ആരോപിച്ച് അയല്‍വാസികളും നാട്ടുകാരും രംഗത്തെത്തുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിയോടെ അച്ഛന്‍ സമാധിയായതെന്നാണ് മക്കള്‍ നല്‍കിയ മൊഴി.
രാവിലെ എഴുന്നേറ്റ് അച്ഛന്‍ തന്നെ വിളിച്ചെന്നും താനിന്ന് സമാധിയാകുമെന്ന് പറഞ്ഞെന്നുമാണ് ഇളയ മകന്‍ മൊഴി നല്‍കിയത്. താന്‍ സമാധിയായാല്‍ ചെയ്യേണ്ട കര്‍മങ്ങള്‍ എന്താണെന്ന് അച്ഛന്‍ മകനോട് മുന്‍കൂട്ടി പറഞ്ഞുകൊടുത്തിരുന്നെന്ന് കുടുംബാംഗങ്ങളും പറഞ്ഞിരുന്നു.
പിന്നാലെ സുഗന്ധദ്രവ്യങ്ങളും കോണ്‍ക്രീറ്റുമുപയോഗിച്ച് മക്കള്‍ തന്നെയാണ് അച്ഛനായി സമാധി മണ്ഡപം കെട്ടിയത്. പിന്നീട് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ദുരൂഹ കല്ലറ തുറക്കുകയും അതില്‍ നിന്ന് ഗോപന്‍ സ്വാമിയുടെ മൃതദേഹം കണ്ടെത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് പോസ്റ്റ്മോര്‍ട്ടം ഉള്‍പ്പെടെ പൂര്‍ത്തിയാക്കി മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കുകയുമായിരുന്നു.
Content Highlight: Death of Gopanswami; Bruises on the head and behind the ears, the post-mortem report is out