| Monday, 15th November 2021, 7:57 pm

മുന്‍ മിസ് കേരളയുടെ മരണം: ഔഡി കാര്‍ പിന്തുടര്‍ന്നിരുന്നുവെന്ന് ഡ്രൈവര്‍ അബ്ദുള്‍ റഹ്മാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുന്‍ മിസ് കേരള ജേതാക്കളുടെ അപകട മരണവുമായി ബന്ധപ്പെട്ട് ഡ്രൈവര്‍ അബ്ദുള്‍ റഹ്മാനെ പൊലീസ് ചോദ്യം ചെയ്തു. തങ്ങളെ ഒരു ഔഡി കാര്‍ പിന്തുടര്‍ന്നിരുന്നുവെന്നായിരുന്നു അബ്ദുള്‍ റഹ്മാന്‍ വെളിപ്പെടുത്തിയത്.

നേരത്തെ ഔഡി കാര്‍ ഡ്രൈവര്‍ ഷൈജുവിനെ വിശദമായി പൊലീസ് ചോദ്യം ചെയ്തിരുന്നു. ഷൈജു പറഞ്ഞ കാര്യങ്ങളിലെ വസ്തുത അറിയാന്‍ അബ്ദുള്‍ റഹ്മാനോടും അതേകാര്യങ്ങള്‍ ചോദിക്കുകയാണ് പൊലീസ് ചെയ്തതെന്നാണ് വിവരം.

അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന അബ്ദുള്‍ റഹ്മാനെ മൂന്നു മണിക്കൂര്‍ മാത്രമാണ് അന്വേഷണസംഘത്തിന് കസ്റ്റഡിയില്‍ ലഭിച്ചത്.

ചോദ്യം ചെയ്തതില്‍ കാര്യമായ പൊരുത്തക്കേടുകള്‍ ഇല്ല എന്നാണ് പൊലീസ് വിലയിരുത്തുന്നത്. ചോദ്യം ചെയ്യലില്‍ പറഞ്ഞ കാര്യങ്ങള്‍ വിശദമായി പരിശോധിച്ച ശേഷമായിരിക്കും പൊലീസിന്റെ തുടര്‍നടപടി.

നിര്‍ണായക വിവരങ്ങള്‍ കിട്ടാനുണ്ടെന്നും മൂന്നു ദിവസത്തെ കസ്റ്റഡി വേണമെന്നുമായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. എന്നാല്‍ പ്രതിയുടെ ആരോഗ്യസ്ഥിതി പരിഗണിച്ച കോടതി, മൂന്ന് മണിക്കൂര്‍ മാത്രമാണ് കസ്റ്റഡിയില്‍ വിട്ട് നല്‍കിയത്.

ഫോര്‍ട്ട്‌കൊച്ചിയിലെ ഹോട്ടലില്‍ നിന്നും കെ.എല്‍. 40 ജെ 3333 എന്ന രജിസ്ട്രേഷനിലുള്ള ഔഡി കാറാണ് അന്‍സി കബീറിന്റെ വാഹനത്തെ പിന്തുടര്‍ന്നത്.

മോഡലും സുഹൃത്തുക്കളും മദ്യപിച്ചിരുന്നെന്നും, മദ്യപിച്ച് വാഹനമോടിക്കരുതെന്ന മുന്നറിയിപ്പ് കൊടുക്കാനായാണ് താന്‍ പിന്തുടര്‍ന്നത് എന്നുമായിരുന്നു ഷൈജു പറയുന്നത്. എന്നാല്‍ പൊലീസ് ഇത് മുഖവിലയ്‌ക്കെടുത്തിട്ടില്ല.

വെന്റിലേറ്ററില്‍ ചികിത്സയിലുള്ളയാളുടെ രക്ത സാമ്പിള്‍ അനുമതി ഇല്ലാതെ പരിശോധിച്ചത് ശരിയല്ലന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യലിന് വിധേയനാകാനുള്ള ആരോഗ്യസ്ഥിതി പ്രതിക്കില്ലെന്നും ബൈക്ക് യാത്രക്കാരന്റെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തിലാണ് അപകടം സംഭവിച്ചതെന്നും കസ്റ്റഡി അപേക്ഷയില്‍ നടന്ന വാദത്തില്‍ പ്രതിഭാഗം വിശദീകരിച്ചു.

അതേസമയം, കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നു. അപകടത്തിന് തൊട്ടുപിന്നാലെ ഷൈജു നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയിയെ വിളിച്ചതായി കണ്ടെത്തി. റോയിയുടെ ഹോട്ടലിലെ സ്ഥിരം സന്ദര്‍ശകനാണ് ഷൈജു.

അപകടത്തിന് തൊട്ടുപിന്നാലെ ഷൈജു റോയിയെ വിളിച്ചത് സംഭവത്തിന്റെ ദുരൂഹത വര്‍ധിപ്പിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് റോയിയെ ചോദ്യം ചെയ്യുന്നത് നിര്‍ണായകമാകും.

ഏത് സാഹചര്യത്തിലാണ് ഹോട്ടലില്‍ നിന്നും ഔഡി കാര്‍ അന്‍സിയുടെ കാറിനെ പിന്തുടര്‍ന്നതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Death of former miss Kerala, Driver says a Audi was followed them

We use cookies to give you the best possible experience. Learn more