ചെന്നൈ: ഐ.ഐ.ടി മദ്രാസിലെ വിദ്യാര്‍ത്ഥിയായിരുന്ന ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ വിമര്‍ശനവുമായി മദ്രാസ് ഹൈക്കോടതി. കേസ് എന്ത് കൊണ്ട് സി.ബി.സി.ഐ.ഡിക്ക് വിടുന്നില്ലെന്ന് കോടതി ചോദിച്ചു.
കേസ് വിദഗ്ധ സമിതിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും ഐ.ഐ.ടിയില്‍ നടന്ന മരണങ്ങളിലും വിശദമായ അന്വേഷണം വേണമെന്നും കോടതി പറഞ്ഞു.
ഐ.ഐ.ടിയിലെ എം.എ ഒന്നാം വര്‍ഷ ഹ്യുമാനിറ്റീസ് വിദ്യാര്‍ഥിയായ കൊല്ലം സ്വദേശി ഫാത്തിമ ലത്തീഫിനെ ഹോസ്റ്റല്‍ മുറിയിലായിരുന്നു തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഐ.ഐ.ടി പ്രവേശന പരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍ ഒന്നാം റാങ്ക് നേടിയ ഫാത്തിമ ഇന്റേണല്‍ പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതുമൂലം ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് ഐ.ഐ.ടി അധികൃതര്‍ പറഞ്ഞത്.
എന്നാല്‍, തന്റെ മകള്‍ ഐ.ഐ.ടിയില്‍ ജാതീയവും മതപരവുമായ വിവേചനം അനുഭവിച്ചിരുന്നുവെന്ന് ഫാത്തിമയുടെ പിതാവ് നേരത്തെ പറഞ്ഞിരുന്നു ‘ഫാത്തിമ എന്ന പേര് തന്നെ ഒരു പ്രശ്നമാണ് വാപ്പിച്ചാ എന്ന് അവള്‍ പറഞ്ഞിരുന്നു. ഫാത്തിമ ലത്തീഫ് എന്ന പേരുകാരി സ്ഥിരമായി ഒന്നാം സ്ഥാനത്ത് എത്തുന്നത് അവിടത്തെ ചില അധ്യാപകര്‍ക്ക് പ്രശ്നമായിരുന്നു’ എന്നും അബ്ദുല്‍ ലത്തീഫ് പറഞ്ഞിരുന്നു.