ന്യൂദല്‍ഹി: ഫാത്തിമ ലത്തീഫിന്റെ മരണത്തില് സി.ബി.ഐ അന്വേഷണം നടത്താമെന്ന് ഉറപ്പ് നല്‍കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പാര്‍ലമെന്റ് ഹൗസില്‍ ആഭ്യന്തരമന്ത്രിയുടെ ഓഫീസില്‍ വച്ച് നടന്ന കൂടിക്കാഴ്ചയിലായിരുന്നു അമിത് ഷാ അന്വേഷണം നടത്തുമെന്ന് ഉറപ്പ് നല്‍കിയത്.
കേരളത്തില്‍ നിന്നുള്ള എം.പിമാരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ഫാത്തിമ ലത്തീഫിന്റെ പിതാവ് അബ്ദുള്‍ ലത്തീഫിന്റെ താത്പര്യം അനുസരിച്ചുളള അന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ ഒരുക്കമാണെന്നും നിലവില്‍ ഒരു അന്വേഷണം നടക്കുന്നുണ്ടെന്നും അമിത് ഷാ പറഞ്ഞു.
ഇതിന് സമാന്തരമായി സി.ബി.ഐ അന്വേഷണം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാണെന്നും ഫാത്തിമയ്ക്ക് നീതി ലഭിക്കാന്‍ രണ്ട് അന്വേഷണവും നടക്കട്ടെയെന്നും ഫാത്തിമ ലത്തീഫിന്റെ മാതാപിതക്കള്‍ക്ക് അമിത് ഷാ ഉറപ്പുനല്‍കി.
തന്റെ മകളുടെ മരണത്തന് കാരണക്കാരായവര്‍ ക്ലാസിലുള്ളവര്‍ തന്നെയാണെന്നും അവളുടെ മരണത്തിന് കാരണക്കാരായവരെക്കുറിച്ച് അവള്‍ തന്നെ എഴുതി വെച്ചിട്ടിട്ടുണ്ടെന്നും ഫാത്തിമയുടെ പിതാവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
‘എന്റെ മകളുടെ മരണത്തന് കാരണക്കാരായവര്‍ ക്ലാസിലുള്ളവര്‍ തന്നെയാണ്. അവള്‍ അതെല്ലാം എഴുതി വെച്ചിട്ടും ഉണ്ട്. അതെല്ലാം അന്വേഷണ ഉദ്യോഗസ്ഥനായ ഈശ്വരമൂര്‍ത്തി ഐ.പി.എസിനെ ഏല്‍പ്പിച്ചിട്ടും ഉണ്ട്. ഇതുമായി ബന്ധപ്പെട്ട് സൈബറിന്റെ ഒരു സ്ഥിരീകരണവും വന്നിട്ടുണ്ട്. എന്നാല്‍ ഈശ്വരമൂര്‍ത്തി ഐ.പി.എസ് എന്തു തീരുമാനമെടുക്കും എന്നതിനെ സംബന്ധിച്ചതിന് ശേഷം അടുത്ത കേസുമായി ഞാന്‍ കോടതിയെ സമീപിക്കും’ പിതാവ് പറഞ്ഞിരുന്നു.
നവംബര്‍ എട്ടിനാണ് ഫാത്തിമ ലത്തീഫ് ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യചെയ്തതായി കണ്ടെത്തിയത്. ആത്മഹത്യയ്ക്ക് കാരണക്കാരായ അധ്യാപകരുടെ പേരും ചേര്‍ത്തായിരുന്നു ഫാത്തിമയുടെ ആത്മഹത്യകുറിപ്പ്.
കേസ് വിദഗ്ധ സമിതിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും ഐ.ഐ.ടിയില്‍ നടന്ന മരണങ്ങളിലും വിശദമായ അന്വേഷണം വേണമെന്നും മദ്രാസ് ഹൈക്കോടതി പറഞ്ഞിരുന്നു. ആത്മഹത്യയുമായി ബന്ധപ്പെട്ട് ക്യാംപസിലെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.