ലഖ്‌നൗ: ലഖിംപൂര്‍ ഖേരിയില്‍ കാര്‍ ഇടിച്ചു കയറ്റി കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി സംയുക്ത കിസാന്‍ മോര്‍ച്ച.
ഒക്ടോബര്‍ 12 ന് ലഖിംപൂരില്‍ പ്രതിഷേധ പരിപാടികളും ഒക്ടോബര്‍ 18 ന് രാജ്യവ്യാപകമായി റെയില്‍ ഉപരോധവും നടത്താനാണ് തീരുമാനം. കാര്‍ഷികനിയമങ്ങള്‍ക്കെതിരെ നടന്ന കര്‍ഷകരുടെ പ്രതിഷേധത്തിനിടയിലേക്കാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര വാഹനം ഇടിച്ചുകയറ്റിയത്.
നാല് കര്‍ഷകരുള്‍പ്പെടെ എട്ടുപേരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ കേന്ദ്രമന്ത്രിയുടെ മകനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നിരുന്നു. കര്‍ഷകരെ ഇടിച്ചുകൊന്ന വാഹനത്തിനുള്ളില്‍ മന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര ഉണ്ടായിരുന്നെന്നാണ് എഫ്.ഐ.ആറില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ആശിഷ് മിശ്ര കര്‍ഷകര്‍ക്ക് നേരെ വെടിയുതിര്‍ത്തതായും എഫ്.ഐ.ആറില്‍ പറയുന്നു. കര്‍ഷകര്‍ക്കെതിരെ നടന്ന ആക്രമണം മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമുള്ളതാണെന്നും എഫ്.ഐ.ആറില്‍ പറയുന്നുണ്ട്.
എന്നാല്‍ ആശിഷിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. അതേസമയം, ലഖിംപൂര്‍ ഖേരി കൂട്ടക്കൊലയില്‍ യു.പി സര്‍ക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം ലഭിച്ചിരുന്നു. കേസിലെ പ്രതിയോട് എന്തിനാണ് ഇത്ര ഉദാരമായ സമീപനം സ്വീകരിക്കുന്നതെന്ന് കോടതി ചോദിച്ചു.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ലഖിംപൂരില്‍ നടന്നത് ക്രൂരമായ കൊലപാതകമാണെന്ന് കോടതി നിരീക്ഷിച്ചു.
അന്വേഷണം വാക്കുകളില്‍ മാത്രമൊതുങ്ങിയെന്നും നടപടിയുണ്ടായില്ലെന്നും കോടതി പറഞ്ഞു. സര്‍ക്കാരില്‍ നിന്നും പൊലീസില്‍ നിന്നും കൂടുതല്‍ ഉത്തരവാദിത്ത പൂര്‍ണമായ സമീപനം പ്രതീക്ഷിച്ചുവെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
യു.പി സര്‍ക്കാരിന്റെ നടപടികളില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തുന്നുവെന്നും കോടതി പറഞ്ഞു. ഹരജി പൂജ അവധിയ്ക്ക് ശേഷം പരിഗണിക്കും.