| Friday, 5th April 2024, 8:39 pm

സിദ്ധാര്‍ത്ഥന്റെ മരണം; സി.ബി.ഐ സംഘം കേരളത്തില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പൂക്കോട് വെറ്റനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ അന്വേഷണവുമായി ബന്ധപ്പെട്ട് സി.ബി.ഐ കേരളത്തിലെത്തി. മരണവുമായി ബന്ധപ്പെട്ടുള്ള തെളിവുകള്‍ ശേഖരിക്കുന്നതിനാണ് സി.ബി.ഐ കേരളത്തില്‍ എത്തിയത്.

സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണത്തിനുള്ള വിജ്ഞാപനം സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ പുറത്തിറക്കണമെന്ന് ഹൈക്കോടതി വെള്ളിയാഴ്ച ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് സംഘം കേരളത്തില്‍ എത്തിയത്.

സിദ്ധാര്‍ത്ഥന്റെ പിതാവ് ജയപ്രകാശ് നല്‍കിയ ഹരജിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഉത്തരവ്. വിവര ശേഖരണത്തിന് ശേഷം സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കുമെന്നാണ് സൂചന.

സി.ബി.ഐ അന്വേഷണം വൈകുന്നത് നീതിയെ ബാധിക്കുമെന്നും അന്വേഷണത്തിന് ഉത്തരവിടാന്‍ സര്‍ക്കാരിന് എന്ത് സാങ്കേതിക തടസമാണ് ഉള്ളതെന്നും കോടതി ചോദിച്ചിരുന്നു. എന്നാല്‍ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചതില്‍ സര്‍ക്കാരിനെ കോടതി അഭിനന്ദിക്കുകയും ചെയ്തിരുന്നു.

അതോടൊപ്പം കേസുമായി ബന്ധപ്പെട്ട ബാക്കി കാര്യങ്ങളില്‍ കൂടി സര്‍ക്കാരിന്റെ മേല്‍നോട്ടം വേണമെന്നും കോടതി വ്യക്തമാക്കി. കാലതാമസം ഉണ്ടായിട്ടില്ലെന്നും കേസ് പെട്ടന്ന് തന്നെ സി.ബി.ഐക്ക് കൈമാറിയെന്നുമാണ് സര്‍ക്കാര്‍ ഉന്നയിച്ച വാദം.

എത്രയും പെട്ടന്ന് വിജ്ഞാപനം ഇറക്കി കേന്ദ്ര സര്‍ക്കാര്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം ലഭിച്ചാല്‍ മാത്രമേ അന്വേഷണം ഏറ്റെടുക്കാന്‍ സാധിക്കുള്ളൂ എന്നാണ് സി.ബി.ഐ നേരത്തെ അറിയിച്ചത്.

Content Highlight: Death of Siddharthan; CBI team in Kerala

We use cookies to give you the best possible experience. Learn more