മുംബൈ: ബോംബെ ഐ.ഐ.ടിയിലെ ദളിത് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ ഭരണകൂട കൊലയാണെന്ന് വിദ്യാര്‍ത്ഥികള്‍. ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുള്ള സമാധാനപരമായ അന്തരീക്ഷം നിലവിലില്ലെന്നതിന്റെ സ്ഥാപനപരമായ തെളിവാണിതെന്നും അംബേദ്കര്‍ പെരിയാര്‍ ഫുലേ സ്റ്റഡി സര്‍ക്കിള്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
ഐ.ഐ.ടി ബോംബെ വിദ്യാര്‍ത്ഥിയായ ദര്‍ശന്‍ സോളങ്കിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് സ്ഥാപനപരമായ കൊലക്കെതിരെ വിദ്യാര്‍ത്ഥി സമൂഹം രംഗത്തിറങ്ങിയത്. ഞായറാഴ്ചയായിരുന്നു കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി സോളങ്കി ആത്മഹത്യ ചെയ്തത്.
ജാതി വിവേചനമാണോ അനാവശ്യ സമ്മര്‍ദ്ദമാണോ അവനെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് തങ്ങള്‍ക്ക് അറിയില്ല. എന്നാല്‍ ഇത് സ്ഥാപനപരമായ പ്രശ്‌നമാണെന്ന് തങ്ങള്‍ക്ക് അറിയാമെന്നും എ.പി.പി.എസ്.സി പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ലയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കാമ്പസില്‍ വിവേചനവും ഉപദ്രവങ്ങളും നേരിടുന്ന പട്ടിക വര്‍ഗ-പട്ടിക ജാതി വിദ്യാര്‍ത്ഥികളെ സഹായിക്കാനുള്ള സംവിധാനങ്ങളൊന്നും ഐ.ഐ.ടിയില്‍ ഇല്ല എന്നും എ.പി.പി.എസ്.സി പറയുന്നു.
നഗരത്തിന് പുറത്ത് നിന്ന് വരുന്ന വിദ്യാര്‍ത്ഥികള്‍ക്കും, ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയാത്ത വിദ്യാര്‍ത്ഥികള്‍ക്കും, ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കും, സാമ്പത്തികമായി പിന്നില്‍ നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഈ സ്ഥാപനം എന്ത് പരിരക്ഷയാണ് നല്‍കുന്നത്. ഇവിടെ വിവിധ തരത്തിലുള്ള മുന്‍ഗണനയാണ് പലര്‍ക്കും നല്‍കുന്നതെന്നും വിദ്യാര്‍ത്ഥികളുടെ മാനസികവും സാമൂഹികവുമായ ആരോഗ്യത്തിന് എന്ത് പ്രാധാന്യമാണ് നല്‍കുന്നതെന്നും എ.പി.പി.എസ്.സി ചോദിച്ചു.
How many more Darshans and Anikets need to die? Our statement on the institutional murder of Darshan Solanki. We owe a collective responsibility towards the family of the deceased. As a society, as an institution, what do we celebrate and what do we marginalize? pic.twitter.com/K5lCD2mRl4
വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, മറ്റ് തൊഴിലാളികള്‍ എന്നിവരില്‍ നിന്ന് എസ്.സി, എസ്.ടി വിദ്യാര്‍ത്ഥികള്‍ കൊടിയ വിവേചനം നേരിടുന്നുണ്ടെന്നും അതിനെതിരെ നടപടിയെടുക്കാനുള്ള ഒരു സംവിധാനങ്ങളും ഐ.ഐ.ടികളില്‍ ഇല്ല എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കാമ്പസിലെ സ്റ്റുഡന്റ് വെല്‍ഫെയര്‍ സെന്ററില്‍ പട്ടിക ജാതി-പട്ടിക വകുപ്പ് വിഭാഗങ്ങളില്‍ നിന്നുള്ള ഒരു അംഗം പോലുമില്ല. എസ്.ഡബ്ല്യൂ.എസിന്റെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യണമെന്നും എല്ലാ വിഭാഗങ്ങളില്‍ നിന്നും വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രാപ്യമായ തരത്തില്‍ പ്രവര്‍ത്തനങ്ങള്‍ മാറണം. 2014ല്‍ അനികേത് അംബോര്‍ ആത്മഹത്യ ചെയ്തതും കാമ്പസിലെ വിവേചനപരമായ അന്തരീക്ഷം മൂലമാണെന്നും എ.പി.പി.എസ്.സി പറഞ്ഞു.
സോളങ്കി കെട്ടിടത്തില്‍ നിന്ന് ആത്മഹത്യ ചെയ്യുന്നത് കണ്ട ദൃക്‌സാക്ഷികള്‍ ഉണ്ടെന്നും ആത്മഹത്യയുടെ കാരണം കണ്ട് പിടിക്കാനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ തങ്ങള്‍ അപലപിക്കുന്നു. അവന്റെ കുടുംബത്തിന് നഷ്ടം താങ്ങാനുള്ള ശേഷി ഉണ്ടാകട്ടേയെന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നും ഐ.ഐ.ടി അധ്യക്ഷന്‍ സുഭാസിസ് ചൗധരി അനുശോചിച്ചു.
content highlight: Death of dalit student at IIT Bombay not suicide, state murder: Ambedkar Periyar Phule Study Circle